ഭക്ഷണമുണ്ടാക്കാൻ എണ്ണ ഉപയോഗിക്കാത്തവർ ആരെങ്കിലും ഈ ലോകത്തിൽ ഉണ്ടോ എന്ന് സംശയമാണ്.
നിങ്ങൾ ഏത് ഭൂവിഭാഗത്തിൽ ജനിച്ചു എന്നതിനനുസരിച്ച് നിങ്ങൾ ഉപയോഗിക്കുന്ന എണ്ണയും വ്യത്യസ്തമായിരിക്കും.ഒരു രാജ്യത്തിനകത്ത് തന്നെ പ്രാദേശികമായി, ആളുകൾ, വിവിധതരം എണ്ണകൾ ഉപയോഗിക്കുന്നു.
ഉദാഹരണമായി മലയാളികൾ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ തമിഴന്മാർ കപ്പലണ്ടി എണ്ണയോ എള്ളെണ്ണയോ (നല്ലെണ്ണ 😀) ഉപയോഗിക്കുന്നു. വടക്കോട്ട് പോകുന്തോറും അത് കടുകെണ്ണ, സൂര്യകാന്തിഎണ്ണ, സാഫ്‌ളവർ എണ്ണ എന്നിങ്ങനെ വ്യത്യാസപ്പെടും. പിന്നെ പൊതുവായി തവിടെണ്ണ, പനയെണ്ണ (palm oil ), സോയാബീൻ എണ്ണ ഒക്കെ ആളുകൾ ഉപയോഗിക്കുന്നു. അമേരിക്കക്കാർ കൂടുതലായി ഉപയോഗിക്കുന്നത് സോയാബീൻ എണ്ണയാണ്. കനോല എണ്ണയും ഉപയോഗിക്കുന്നു. മധ്യപൂർവ്വ ദേശത്ത് ഒലിവ് എണ്ണയാണ് കൂടുതൽ ഉപയോഗിക്കുക. വാൽനട്ട് എണ്ണ, ആർഗൻ എണ്ണ എന്നിങ്ങനെ ഉള്ള എണ്ണകളും ഉപയോഗത്തിലുണ്ട്.
ചുരുക്കത്തിൽ, ഓരോ പ്രദേശത്തിന്റെയും കാലാവസ്ഥയും സംസ്‌കാരവും ഭക്ഷണരീതികളും ഒക്കെ അവിടുത്തെ എണ്ണ ഉപഭോഗത്തെ സ്വാധീനിക്കുന്നു.
ഏതാണ്ട് 255 ബില്യൺ ഡോളർ ആണ് ലോകത്തിലെ ഭക്ഷ്യസസ്യയെണ്ണ (Edible Vegetable Oil )യുടെ വിപണി. അപ്പോൾ അതിന്റെ വാണിജ്യ താല്പര്യങ്ങൾ എത്രത്തോളം ഉണ്ട് എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ. ആഗോള കച്ചവടഭീമന്മാർ മത്സരിക്കുന്ന വിപണിയിൽ അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് ആരോഗ്യവിദഗ്ധരും പരസ്യനിർമ്മാതാക്കളും തിരക്കഥ ചമയ്ക്കും. നമ്മൾ അത് വെള്ളം തൊടാതെ വിഴുങ്ങും. 'സത്യം കുളിച്ചു കയറി ചെരുപ്പിടുമ്പോഴേക്കും കള്ളം ലോകം ചുറ്റൽ പകുതി പൂർത്തിയാക്കിയിട്ടുണ്ടാകും ". അങ്ങനെയാണ് നമ്മുടെ പാവം വെളിച്ചെണ്ണ ഒരിക്കൽ ലോകത്ത് അനഭിമതമായത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉപഭോഗമുള്ള രാജ്യം ഇന്ത്യയാണ്, ഏറ്റവും കൂടുതൽ ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്യുന്നതും മറ്റാരുമല്ല. അപ്പോൾ, ഇന്ത്യ ഈ കുത്തകകൾക്ക്,എത്ര വലിയ ഒരു വിപണി ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഏഷ്യ -പസഫിക് മേഖലയിലെ പതിനെട്ടു രാജ്യങ്ങളാണ് ലോകത്തിലെ വെളിച്ചെണ്ണയുടെ തൊണ്ണൂറ് ശതമാനവും ഉത്പാദിപ്പിക്കുന്നത്.അതിൽ ഫിലിപ്പയിൻസ് ഒന്നാമതും ഇൻഡോനേഷ്യ രണ്ടാമതും ഇന്ത്യ മൂന്നാമതും വരും.
വാടകയ്‌ക്കെടുത്ത നാവുകളിലൂടെ, വെളിച്ചെണ്ണ ആരോഗ്യത്തിന് ഹാനികരം ആണെന്ന നുണകൾ പരത്തുകയും സൂര്യകാന്തി എണ്ണയ്ക്കും പനയെണ്ണയ്ക്കും കടന്നു വരാൻ വഴിയൊരുക്കുകയും ചെയ്തവർ ഇപ്പോൾ ദു:ഖിക്കുന്നുണ്ടാകാം. കാരണം വെളിച്ചെണ്ണ അഗ്നിശുദ്ധി വരുത്തി ലോകം ചുറ്റാൻ തുടങ്ങിയിരിക്കുന്നു. ഒരിക്കൽ പടിയടച്ചവർ, പടിപ്പുരകൾ മലർക്കേ തുറന്ന് കൊടുത്തിരിക്കുന്നു.
കാശുള്ള അമേരിക്കക്കാരൻ ഇന്ന് ഏറ്റവും കൂടുതൽ കഴിക്കുന്നത് VCO ആണ്. അതേ, വിർജിൻ കോക്കനട്ട് ഓയിൽ.
എന്ത് കൊണ്ടാണ് വെളിച്ചെണ്ണ വിശുദ്ധമാകുന്നത്?.
വെളിച്ചെണ്ണ മാത്രം കഴിച്ച് കൊണ്ടിരുന്ന ഒരു തലമുറ ഇവിടെ പത്തും പതിനഞ്ചും തവണ പെറുകയും, സഞ്ചയന (മരണാനന്തരം ഉള്ള ചടങ്ങ് ) കത്തിൽ 'വാർദ്ധക്യസഹജമായ അസുഖം മൂലം മരണപ്പെട്ടു 'എന്ന് അടയാളപ്പെടുത്തി പോവുകയും ചെയ്തിരുന്നു. കാരണം അവർ എല്ലു മുറിയെ പണിയെടുത്തിരുന്നു, ഋതുഭേദങ്ങൾക്കനുസരിച്ചുള്ള ഭക്ഷണങ്ങളും ദിനചര്യകളും പാലിച്ചിരുന്നു. ഇന്ന്, മാറിയ ഭക്ഷണശീലവും ജീവിത ശൈലിയും ഒപ്പം ഇറക്കുമതി ചെയ്യുന്ന സസ്യയെണ്ണകൾ അടക്കമുള്ളവയും നമ്മളെ രോഗാതുരരാക്കുന്നു എന്ന് പറയാതെ വയ്യ.
ഓരോ എണ്ണയുടെയും ഭൗതിക -ജൈവ -രാസ ഗുണങ്ങൾ വ്യത്യസ്തമാണ്. അവയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പുകൾ അഥവാ ഫാറ്റി ആസിഡുകൾക്ക് വ്യത്യാസം ഉണ്ട്. വെളിച്ചെണ്ണയിൽ കൂടുതൽ ഉള്ളത് പൂരിത കൊഴുപ്പുകൾ (saturated fats )ആണ്.ആയതിനാൽ ആണ് 'ശാസ്ത്ര അജ്ഞർ' അതിനെ 'that saturated fat which clogs the arteries 'എന്ന് ചാപ്പ കുത്തിയത്. അത് കൂടുതൽ കഴിച്ചാൽ ധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ സാധ്യത കൂടും എന്നത്രെ അന്ന് പറഞ്ഞിരുന്നത്. അപൂരിത കൊഴുപ്പുകൾ (unsaturated fats ) കൂടുതൽ ആരോഗ്യകരം എന്നും അവർ നിരീക്ഷിച്ചു .
വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകളിൽ ഏറ്റവും കൂടുതൽ (ഏതാണ്ട് പകുതിയിലധികം ) വരുന്നത് medium chain fatty acid ആയ Lauric acid (C12 ) ആണ്. അതാകട്ടെ പ്രകൃതിയിൽ അപൂർവ്വമായി കാണുന്ന ഒന്നാണ്. കൂടാതെ Myristic Acid (C14), Palmitic acid (C16), Capric Acid (C10), Capryllic Acid(C8) എന്നിവയുമാണ്. ഇവയെല്ലാം Medium chain fatty acid കൾ ആണ്. ഇതിന് പുറമേ 6% Mono unsaturated fatty acids,2% Poly unsaturated fatty acid എന്നിവയും ഉണ്ട്.
ഇനി എന്തൊക്കെ ഗുണങ്ങൾ, ശുദ്ധമായ വെളിച്ചെണ്ണയുടെ ഉപയോഗം കൊണ്ട് ശരീരത്തിന് ഉണ്ടാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് എന്നത് നോക്കാം.
1. കൊഴുപ്പ് അലിയിക്കാൻ ഉള്ള കഴിവ് (Fat burning properties ):-65 ശതമാനത്തോളം medium chain tri glycerides ഉള്ളതിനാൽ, അത് കഴിച്ചാൽ ശരീരത്തിൽ കൊഴുപ്പ് കൂടും എന്നാണ് പൊതുവേ കരുതിയിരുന്നത്. എന്നാൽ മിതമായ ഉപയോഗം മറിച്ചുള്ള ഫലമാണ് ഉണ്ടാക്കിയത്. ദിവസവും 30ml സേവിച്ചപ്പോൾ കണ്ടെത്തിയ മാറ്റം കമന്റിൽ വായിക്കുക.
2. As a good source of energy :- Medium chain tri glycerides,കൂടുതൽ ഉള്ള വെളിച്ചെണ്ണ, നേരിട്ട് കരളിൽ എത്തി വിഘടിച്ച് കൂടുതൽ ഊർജ്ജം നൽകുന്നു എന്ന് പഠനങ്ങൾ.
3. അണുനാശക ശേഷി(Anti Microbial ability ) :-അൻപത് ശതമാനത്തിലധികം Lauric acid ഉള്ളതിനാൽ അതിന് ശരീരത്തെ കീഴ്പ്പെടുത്തുന്ന Streptococcus mutans, Staphylococcus aureus, Streptomyces pyogen, E. coli, Helicobactor pylori എന്നിവയുടെ വളർച്ചയെ നിയന്ത്രിക്കാൻ കഴിയും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. Lauric Acid ന് bacteriostatic കഴിവുകൾ ഉണ്ട്.
4. വിശപ്പ് കുറയ്ക്കാൻ ഉള്ള കഴിവ് (തന്മൂലം പൊണ്ണത്തടിയും ):- വെളിച്ചെണ്ണ ദഹിക്കുമ്പോൾ അത് രക്തത്തിലേക്ക് ketone bodies നെ ധാരാളമായി ഉത്പാദിപ്പിക്കും. അവ Ghrelin എന്ന വിശപ്പിന് കാരണമായ ഹോർമോണിനെ നിയന്ത്രിക്കും. ആ തത്വമാണ് Ketogenic diet ന്റെ ഭാരം കുറയ്ക്കൽ എഫക്റ്റിന്റെയും പിന്നിൽ.
5. അപസ്മാര ലക്ഷണങ്ങൾ(seizure ) കുറയ്ക്കും :-രക്തത്തിൽ കൂടുതലായി ketone bodies ഉണ്ടാകുമ്പോൾ അപസ്മാര രോഗികളിൽ സന്നി പോലെയുള്ള ലക്ഷണങ്ങൾ കുറയും.
6. ത്വക്കിന് മിനുസവും മാർദ്ദവവും :-ശരീരത്തിൽ നിന്നുള്ള ജലനഷ്ടം കുറയ്ക്കാൻ വെളിച്ചെണ്ണ തൊലിയിൽ തേച്ചു പിടിപ്പിക്കുന്നതിലൂടെ കഴിയും. Skin problems ഉള്ളവർക്ക്, Coconut Milk Oil (ഉരുക്ക് വെളിച്ചെണ്ണ പോലെയുള്ളവ)തൊലിയിൽ തേച്ചു പിടിപ്പിക്കാം. പൂപ്പൽ ബാധയുള്ള സ്ഥലങ്ങളിലും നന്നായി തേച്ചു പിടിപ്പിച്ച് ചൊറിച്ചിൽ ശമിപ്പിക്കാം.Candida albicans പോലെ ചൊറിച്ചിൽ ഉണ്ടാക്കുന്ന ഫംഗസുകളെ നിലയ്ക്ക് നിർത്താൻ വെളിച്ചെണ്ണയ്ക്ക് വിരുത് കൂടും.
7. മുടിയ്ക്ക് മാർദ്ദവം നൽകും. മുടിയിഴകൾ പൊട്ടിപോകാതെ സംരക്ഷിക്കും.
8. വായുടെ ആരോഗ്യം(Oral health ) മെച്ചപ്പെടുത്തും :-അല്പം വെളിച്ചെണ്ണ എടുത്ത് വായിൽ കുലുക്കുഴിഞ്ഞ് (swishing ) കഴിഞ്ഞാൽ അത് വായിലെ ബാക്റ്റീരിയകളെ നശിപ്പിക്കും. പല്ലിൽ അഴുക്ക് പിടിക്കുന്നതിനെ (plaque formation )നിയന്ത്രിക്കും. മോണകൾക്ക് ആരോഗ്യം നൽകും.
9. സ്മൃതിഭ്രംശം(Dementia ) കുറയ്ക്കും :-എല്ലാ ദിവസവും 30 മില്ലി ശുദ്ധമായ വെളിച്ചെണ്ണ സേവിക്കുന്നത് അൽഷിമേഴ്‌സ്, ഡെമെൻഷ്യ എന്നിവ വരാതെ കാക്കും. രക്തത്തിലും തലച്ചോറിലും കൂടുതൽ ketones ഉണ്ടാക്കാൻ കഴിയുന്നതാണ് ഇതിന്റെ പിന്നിൽ ഉള്ള രഹസ്യം.
10. നിരോക്സീകാരകങ്ങളുടെ (Anti oxidants ) നിറകുടം :- ശരീരത്തിൽ ഉണ്ടാകുന്ന ധിക്കാരികളായ, നിയമങ്ങൾ പാലിക്കാത്ത, 'Free Radicals' നെ നിലയ്ക്ക് നിർത്താൻ കഴിവുള്ള Tocopherols, Tocotrienols, Phytosterols, Flavanoids, Polyphenols എന്നിവയുടെ നിറസാന്നിധ്യം, കാൻസർ പോലെയുള്ള രോഗങ്ങൾ തടയും. കോശങ്ങളിലെ Oxidative stress കുറയ്ക്കും.
11. മുറിവുണക്കാൻ ഉള്ള കഴിവ് :-കോശങ്ങളുടെ Re epithelialization, Cross linking Collagen formation എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ, മുറിവുകളിൽ പുതിയ കോശങ്ങൾ പെട്ടെന്ന് ഉണ്ടാകാൻ സഹായിക്കും. പ്രത്യേകിച്ചും പൊള്ളൽ കൊണ്ടുണ്ടാകുന്ന മുറിവുകൾ.Silver sulphadizine treatment ന് തുല്യമായ ഫലം ലഭിച്ചതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.
12. കുടലിൽ അൾസർ ഉണ്ടാകാതിരിക്കാൻ സഹായിക്കുന്നു.
13. പ്രൊസ്ട്രേറ്റ് വീക്കം നിയന്ത്രിക്കും.
14. എല്ലിന്റെ ആരോഗ്യം സംരക്ഷിക്കും
15. വെയിലിൽ ഉള്ള അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും തൊലിയ്ക്ക് സംരക്ഷണം നൽകും.
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത നന്മകൾ ഉള്ള, നമ്മുടെ ചങ്കായ വെളിച്ചെണ്ണയ്ക്കെതിരെ, കുത്തകഭീമൻമാർ വിലയ്ക്കെടുത്ത നാവുകൾ, വിഷം ചീറ്റിയപ്പോൾ നമ്മൾ ബ്ലിങ്കസ്യ നിന്നു എന്നതിൽ ഖേദിക്കണം.
മുകളിൽ പറഞ്ഞ ഫലങ്ങൾ ലഭിക്കാൻ, എത്ര രാസ വസ്തുക്കൾ ദിവസവും നമ്മൾ ശരീരത്തിൽ പ്രയോഗിക്കേണ്ടി വരും?.അതിന് എത്ര രൂപ മുടക്കേണ്ടി വരും? അത് കൊണ്ട് എന്തൊക്കെ പാർശ്വ ഫലങ്ങൾ ഉണ്ടാകും?
'ഭക്ഷണമാണ് ഔഷധം'(thy food is thy medicine ) എന്ന് 'ഔഷധം ഭക്ഷണമാക്കുന്ന 'മലയാളി എന്ന് പഠിക്കും?
ഈ പറഞ്ഞ ഗുണങ്ങൾ എല്ലാം തന്നെ, ശുദ്ധമായ, മായം കലരാത്ത വെളിച്ചെണ്ണ കഴിച്ചാലേ കിട്ടൂ എന്ന് പ്രത്യേകം പറയേണ്ടല്ലോ? ചക്കിലാട്ടിയത് എന്നൊക്കെ പറഞ്ഞു കിട്ടുന്നതൊക്കെ, കണ്ണും പൂട്ടി വിശ്വസിക്കേണ്ട. നൂറ് ശതമാനം വിശ്വാസയോഗ്യമായ സ്ഥലത്ത് നിന്നും, അല്പം വില കൂടുതൽ കൊടുത്തിട്ടാണെങ്കിലും വാങ്ങി ഉപയോഗിക്കാൻ ശ്രമിക്കുക.Kerafed ന്റെ വെളിച്ചെണ്ണയും ധൈര്യമായി ഉപയോഗിക്കാം.
വാൽകഷ്ണം : ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിദേശനാണ്യം ചെലവഴിക്കേണ്ടി വരുന്ന ഇറക്കുമതികളിൽ ഒന്ന് സസ്യഎണ്ണ ഇറക്കുമതി ആണ്. അതിനാൽ ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഏറ്റവും മുൻഗണന എണ്ണക്കുരുക്കളുടെ കൃഷിയ്ക്ക് നൽകുന്നു. രാജസ്ഥാനിലും മറ്റും വലിയ തോതിൽ എണ്ണപ്പന കൃഷി തുടങ്ങിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എണ്ണ പാമോയിൽ ആണ്. വിലക്കുറവും സ്ഥിരതയും (stability )യും ലഭ്യതയും ആണ് പാമോയിൽ ഇത്രയും പ്രചാരം നേടാൻ കാരണം. Processed ഭക്ഷണങ്ങളിൽ കൂടുതലും ഉപയോഗിക്കുന്നത് പാമോയിൽ ആണ്.
ഇപ്പോൾ വിപണിയിൽ BEVO എണ്ണ എന്ന ഒരു എണ്ണ ലഭ്യമാണ്. Blended Edible Vegetable Oil. എണ്ണനിർമ്മാതാക്കൾക്ക് പല തരം സസ്യ എണ്ണകൾ മിക്സ് ചെയ്ത് വിൽക്കാൻ ഇപ്പോൾ അവസരം ഉണ്ട്. ലതായത് 'നിയമവിധേയമായ മായം ചേർക്കൽ 🤣 ' എന്ന് പറയാം. തണുപ്പുള്ള സ്ഥലങ്ങളിൽ ഇത്തരം എണ്ണകൾ കട്ടിപിടിക്കില്ല.(25 ഡിഗ്രിയിൽ താഴെ പോയാൽ വെളിച്ചെണ്ണ കട്ടപിടിക്കും.)
അഗ്മാർക് ലാബുകളിൽ വെളിച്ചെണ്ണ യുടെ ഗുണ നിലവാരം നോക്കാൻ പ്രധാനമായും Iodine value, saponification value എന്നിവ നോക്കാറുണ്ട്. കുറഞ്ഞ അയഡിൻ വാല്യൂ, എണ്ണയുടെ freshness സൂചിപ്പിക്കുന്നു. കൂടിയ saponification value, medium chain fatty acid ന്റെ അളവിനെയും.മിനറൽ ഓയിൽ സാന്നിധ്യം ഉണ്ടോ എന്നറിയാൻ Thin layer chromatography test ആണ് ചെയ്യാറുള്ളത്.
പ്രമോദ് മാധവൻ
പടം കടം :ഗൂഗിൾ
ഈ ലേഖനം എഴുതാൻ പ്രചോദനമായത് Dr. P. K. തമ്പാൻ സാറിന്റെ ഒരു FB post ആണ്. അത് കമന്റിൽ കൊടുക്കുന്നു. വായിക്കേണ്ടവർക്ക് വായിക്കാം.