ഈ പോസ്റ്റ് ഒരു ഓർമ്മപ്പെടുത്തൽ ആണ്, ഇഞ്ചി വിളവെടുക്കുന്ന സമയം ആയത് കൊണ്ട്. മുൻപും ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോട്ടയം മണർകാട് St. Mary 's കോളേജിൽ നിന്നും പ്രൊഫസർ ആയി വിരമിച്ച M. G. ചന്ദ്രശേഖരൻ സാറിന്റെ സസ്യമാലയിലെ ഒരു എപ്പിസോഡ് ആണ് താഴെ കൊടുത്തിരിക്കുന്നത്.
ഓരോ നാട്ടുചെടികളെക്കുറിച്ചും കാച്ചിക്കുറുക്കിയ ഭാഷയിൽ അദ്ദേഹം എഴുതിയ ചെറിയ കവിതകളുടെ സമാഹാരമാണ് 'സസ്യമാല'.
ഇതാണാ ചെറുകവിത..
"ഇഞ്ചിക്കു പാണൽച്ചവറാണ് ധൂമ -
മേൽപ്പിച്ചു സൂക്ഷിപ്പതിനേറെ മെച്ചം;
നന്നായ് പഴുത്തുള്ള ചൊറിയ്ക്ക് പാണൽ -
പഴത്തിനൊക്കില്ലുപമാനമൊന്നും".
പാണൽ (പാഞ്ചി )ചെടിയെക്കുറിച്ചാണ് അദ്ദേഹം എഴുതിയത്.
പൊതുവെ കവികളാരും തന്നെ പാണലിനെ പുകഴ്ത്തി കവിതകൾ എഴുതിയിട്ടുണ്ടെന്നു തോന്നുന്നില്ല.
കായ്കൾ പഴുത്ത് നിൽക്കുമ്പോൾ അത്യാവശ്യം ആകർഷകത്വം ഉണ്ടെന്നല്ലാതെ പെട്ടെന്ന് ആരുടേയും ശ്രദ്ധ നേടാനുള്ള രൂപസൗകുമാര്യമൊന്നും പാണലിനില്ല.
സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒരു കാര്യം മനസിലാകും. പൊതുവേ രോഗ -കീടങ്ങൾ ഒന്നും തന്നെ ഈ കരിമ്പച്ച ഇലകളെ ബാധിക്കാറില്ല എന്ന്.
എന്നാൽ,പണ്ടും കൃഷിയിൽ പാണലിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. ഇന്ന് ഫാർമക്കോളജിയിലും അതിന്റെ അദ്‌ഭുത സിദ്ധികൾ തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
ആദ്യം ആ സിദ്ധികളെക്കുറിച്ച് പറഞ്ഞിട്ട് കവിതയിൽ അദ്ദേഹം സൂചിപ്പിച്ചത് പോലെ, ഇഞ്ചിവിത്ത് എങ്ങനെയാണ് നടാനായി സൂക്ഷിച്ചു വയ്ക്കേണ്ടത് എന്നതിലേക്കു വരാം.
പാണൽ അഥവാ പാഞ്ചി എന്ന കുറ്റിച്ചെടി ഒരുകാലത്തു നമ്മുടെ വഴിവക്കുകളിൽ സുലഭമായിരുന്നു. Glycosmis pentaphylla എന്നാണ് ശാസ്ത്രീയ നാമം. Rutaceae എന്ന സസ്യ കുടുംബാംഗം. ആ കുടുംബത്തിൽ ഒരുപാട് പ്രശസ്തർ ഉണ്ട്. നാരകവർഗത്തിലെ എല്ലാ ചെടികളും കറിവേപ്പും കൂവളവും ഒക്കെ അതിൽ പെടും.ആരും മോശക്കാരല്ല. പച്ച ആംഗലേയത്തിൽ (പച്ചമലയാളത്തിൽ എന്നതിന് ബദൽ🤪 ) Orange Berry, Gin Berry എന്നൊക്കെ അറിയപ്പെടും.കായ്കൾ പഴുത്ത് കഴിയുമ്പോൾ ആകർഷകമായ തേൻ നിറമാകും. കുല കുലയായി പിടിക്കും.
പണ്ട് സ്കൂളിൽ പോകുമ്പോൾ പാണൽ കമ്പുകൾ കൂട്ടിക്കെട്ടി വയ്ച്ചാൽ ഗുരുവിന്റെ താഡനം കിട്ടില്ല എന്ന് വിശ്വസിച്ച ചില സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. (അവരൊക്കെ ഇപ്പോഴും എന്റെ നാട്ടിലുണ്ട് 🤭).
പുതിയ വീട് വയ്ക്കുമ്പോൾ കണ്ണേറ് കിട്ടാതിരിക്കാൻ പാണൽ ചില്ലകൾ വീടിന് മുൻവശം കെട്ടിയിടും. കറവയുള്ള പശുവിനെ വാങ്ങി റോഡിലൂടെ കൊണ്ട് പോകുമ്പോൾ അതിന്റെ കഴുത്തിൽ പാണൽ ചില്ലകൾ കെട്ടിയിടും. പ്രശ്ന(🤔 )വശാൽ എന്തെങ്കിലും ദോഷം കാണുകയാണെങ്കിൽ നാട്ടിലെ കുഞ്ഞുമന്ത്രവാദിയെ വിളിച്ച് ഓതിക്കണമെങ്കിലും പാണൽ ചില്ലകൾ വേണമായിരുന്നു. അപ്പോഴേ കരുതിയതാണ് കക്ഷി ചില്ലറക്കാരനല്ലെന്ന്.തനി രാവണൻ ആണെന്ന്.
പിന്നീടാണ് മനസ്സിലായത് ഡിസംബർ മാസത്തിൽ വിളവെടുക്കുന്ന ഇഞ്ചി വിത്ത്,ശാസ്ത്രീയമായി, കേട് കൂടാതെ ഏപ്രിൽ -മെയ് മാസം വരെ സൂക്ഷിച്ചു വയ്ക്കുന്നതിൽ ഇദ്ദേഹത്തിന് ശാസ്ത്രീയമായി തന്നെ പങ്കുള്ളതായി തെളിയിച്ചിട്ടുണ്ടെന്ന്. അമ്പട സണ്ണിക്കുട്ടാ...
ഇപ്പോൾ നടക്കുന്ന ശാസ്‌ത്ര ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് പാണൽ ഇലകളിൽ അടങ്ങിയിരിക്കുന്ന അർബോറിൻ (Arborine ), സ്കിമ്മിയനായിൻ (Skimmianine), വേരിൽ ഉള്ള ഗ്‌ളൈക്കോ സോളിഡോൾ (Glycozolidol) എന്നീ ഘടകങ്ങൾക്ക് അസാമാന്യമായ കീട-കുമിൾ -ബാക്റ്റീരിയ -നിമാവിര നാശക ശക്തിയുണ്ടെന്ന്. Cladosporium, Pythium, Fusarium, Staphylococcus എന്നിവയ്‌ക്കെതിരെ ഒരു ബ്രഹ്മാസ്ത്രമായി അണിയറയിൽ ലവൻ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. കൊതുക് നാശിനിയായും Radopholus,Pratylenchus പോലെയുള്ള നിമാവിരകൾക്കെതിരെയും അത് പ്രതിരോധം കാണിക്കുന്നുണ്ടെന്ന്.പഴശ്ശിയുടെ ജുത്തം കമ്പനി കാണാൻ പോകുന്നേ ഉള്ളൂ.. ഡിസംബർ ദാറ്റ്....
എന്റെ സംശയം ഇതൊക്കെ നമ്മുടെ മുൻഗാമികൾ എങ്ങനെ മനസ്സിലാക്കി എന്നതാണ്. അത്രമാത്രം നിരീക്ഷണ പാടവവും പരീക്ഷണ ത്വരയും അവർക്കുണ്ടായിരുന്നത് കൊണ്ടാകാം ഇത്തരം അറിവുകൾ അവർ സ്വയത്തമാക്കിയത് 🙏🙏
കവി വി.മധുസൂദനൻ നായർ സർ എഴുതിയ പോലെ "വേരുകൾ വെള്ളം കുടിച്ച തീരത്ത് അൽപനേരം മിനക്കെട്ടിരിക്കാൻ ശ്രമിക്കണം". അപ്പോഴേ നമ്മുടെ സമ്പന്നമായ പൈതൃകത്തെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നമുക്ക് ലഭിക്കൂ.
വിളവെടുത്ത ഇഞ്ചി,ശാസ്ത്രീയമായി സൂക്ഷിച്ചു വയ്ക്കുന്നത് എങ്ങനെ എന്ന് നോക്കാം.
പച്ചക്കറി ആവശ്യത്തിന് ആറാം മാസം മുതൽ ഇഞ്ചി വിളവെടുക്കാം. പക്ഷേ വിത്തിന് വേണ്ടിയുള്ള വിളവെടുപ്പ് ഒരു എട്ടു മാസമൊക്കെ ആകുമ്പോൾ മതിയാകും. ഇലകൾ മുഴുവൻ മഞ്ഞളിച്ചു ഉണങ്ങിയതിനു ശേഷം ഒരു ഡിസംബർ മാസത്തോടെ.
ഇഞ്ചിയുടെ അതിമാരക രോഗമാണ് മൃദു ചീയൽ (Soft rot disease). Pythium aphanidermatum എന്ന കുമിളാണ് കാലൻ.അതിന് പുറമെയാണ് Ralstonia solanacearum biovar III എന്ന bacteria വഴിയുള്ള വാട്ട രോഗം. ഈ രണ്ട് രോഗങ്ങളും വന്നനുഗ്രഹിച്ചാൽ പിന്നെ വിളവെടുക്കാൻ പോകേണ്ടി വരില്ല.കയറ് തപ്പിയാൽ മതിയാകും
ഇവ വരാതെ നോക്കുക (Prevention ) എന്നത് മാത്രമാണ് കരണീയം.
എന്താണ് വാര്യരേ പോംവഴി?..
ഇനി പറയുന്ന കാര്യങ്ങൾ അങ്ങട് ഗൗനിക്ക്യാ....
1. രോഗബാധയുള്ള തോട്ടത്തിൽ നിന്നും ഒരു കാരണവശാലും വിത്തിഞ്ചി എടുക്കരുത്. നേരിട്ട് അറിയാത്ത തോട്ടത്തിൽ നിന്നും കഴിവതും വിത്തെടുക്കാതിരിക്കുക.
2. പൂർണമായും വിളഞ്ഞ വിത്തുകൾ മാത്രം, മുറിവും ചതവും ഉണ്ടാകാത്ത രീതിയിൽ വിളവെടുക്കുക
3. വിളവെടുത്ത് കഴിഞ്ഞാൽ നല്ല മുഴുപ്പുള്ളതും അല്പം പോലും ചുങ്ങിപോകാത്തതും പരിക്കുകൾ പറ്റാത്തതുമായ വിത്തുകൾ പ്രത്യേകം തെരെഞ്ഞെടുക്കുക.
3. ഇനി പറയുന്നത് കേൾക്കുമ്പോൾ ചിലർക്ക് സുഖിക്കണമെന്നില്ല. എന്നാൽ നമ്മൾ കാണാത്ത തോട്ടത്തിൽ നിന്നാണ് വിത്ത് കിട്ടിയതെങ്കിൽ നിർബന്ധമായും ഇത് ചെയ്തിരിക്കണം.
ഒരു ലിറ്റർ വെള്ളത്തിൽ 2മില്ലി ക്വിനൽഫോസും 3ഗ്രാം മാങ്കോസെബും ലയിപ്പിച്ചതിൽ, സൂക്ഷിച്ചു വയ്ക്കാൻ തെരെഞ്ഞെടുത്ത ഇഞ്ചിവിത്ത് അര മണിക്കൂർ നേരം മുക്കിയിടണം. അതിന് ശേഷം ജലാംശം കാറ്റു കൊണ്ട് നന്നായി ഉണങ്ങണം.എന്നിട്ട് താഴെ പറയുന്ന രീതിയിൽ സൂക്ഷിച്ചു വയ്ക്കണം.
4.20-25 (4-5 സെന്റിൽ നടാൻ വേണ്ട വിത്ത് ) കിലോ വിത്തിഞ്ചി സൂക്ഷിക്കാൻ വേണ്ടി രണ്ടടി ആഴം, ഒന്നരയടി വീതം നീളവും വീതിയും ഉള്ള കുഴി എടുക്കണം. അതിന്റെ ഉൾവശം ചെളിയും പച്ചചാണകവും ചേർന്ന മിശ്രിതം കൊണ്ട് മെഴുകി 10-15 ദിവസം ഉണങ്ങാൻ അനുവദിക്കണം.
എന്നിട്ട് കുഴിയുടെ അടിയിൽ രണ്ട് സെന്റി മീറ്റർ കനത്തിൽ ഈർപ്പമില്ലാത്ത മണലോ അറക്കപ്പൊടിയോ വിരിക്കണം.അതിന് മുകളിൽ നന്നായി ഉണങ്ങിയ പാണൽ ഇലകൾ വിരിക്കണം.
അതിനും മുകളിൽ നാലിഞ്ച് പൊക്കത്തിൽ വിത്തിഞ്ചി അടുക്കി വയ്ക്കണം. അതിനും മുകളിൽ ഉണങ്ങിയ അറക്കപ്പൊടി, ചകിരിച്ചോർ ഇതിൽ ഏതെങ്കിലും ഇടുക. വീണ്ടും ഇഞ്ചിവിത്ത് വയ്ക്കുക. അങ്ങനെ കുഴിയുടെ മുകളിൽ നാലിഞ്ചു ഗ്യാപ് വരുന്നത് വരെ നിറച്ച്, നടുവിൽ ദ്വാരമിട്ട ഒരു പലക കഷ്ണം കൊണ്ട് അടച്ചു വയ്ക്കുക. മൂന്നാഴ്ച കൂടുമ്പോൾ തുറന്ന് വിത്തെല്ലാം പുറത്തെടുത്തു കേടുള്ളവ തിരിഞ്ഞു മാറ്റി വീണ്ടും പഴയത് പോലെ നിറയ്ക്കുക.ഇഞ്ചി വിത്തിന്റെ ഇടയ്ക്കിടെ നന്നായി ഉണങ്ങിയ പാണൽ ഇലകളും വിരിച്ചു കൊടുത്താൽ നന്ന്.
ഓർക്കുക Prevention is the only remedy for soft rot disease of ginger.
ഇങ്ങനെ ഒക്കെ വിത്ത് സൂക്ഷിച്ചു വയ്ക്കുന്നത് മെനക്കേടാണ്. പക്ഷെ No pain.. No gain.
ഇത്രയൊക്കെ കഷ്ടപ്പെട്ടാലും field infection പിന്നെയും വരാം.അത് ഒഴിവാക്കാൻ നീർവാർച്ച ഉറപ്പ് വരത്തക്ക രീതിയിൽ പണ കോരി, കുമ്മായം ചേർത്ത് ഇളക്കി രണ്ടാഴ്ച ഇട്ടതിനു ശേഷം ചാണകപ്പൊടി -വേപ്പിൻ പിണ്ണാക്ക് -ട്രൈക്കോഡെർമ്മ മിശ്രിതം അടിവളമായി ചേർത്ത് കൃഷി തുടങ്ങണം.കരിയിലകൾ കൊണ്ട് നന്നായി പുതയിട്ട് കൊടുക്കണം.
അല്ലെങ്കിൽ പിന്നെ, ശക്തിയുള്ള കുമിനാശിനികൾ നിരന്തരം മണ്ണിൽ ഒഴിച്ച് കുതിർത്തു കൊടുത്ത് കൊണ്ടേയിരിക്കേണ്ടി വരും.
അപ്പോൾ... അങ്ങനെ ഒക്കെയാണ് സഹോ.. ഇഞ്ചിയുടെ കാര്യം.
നല്ല ശ്രദ്ധയും നല്ല വിലയും ഉണ്ടെങ്കിൽ സ്വസ്തി.. ഇല്ലാച്ചാൽ ജപ്തി.
വാൽകഷ്ണം :ആദിവാസി ജനതയുടെ പ്രധാനപ്പെട്ട ഔഷധമാണ് പാണൽ. പനിയ്ക്കും വയറിളക്കത്തിനും ത്വക് രോഗങ്ങൾക്കും ഒക്കെ എതിരെ അവർ ഇതുപയോഗിക്കുന്നു. പഴങ്ങൾ കഴിക്കുന്നു. നമ്മുടെ ലിഗമെന്റ് വേദനകൾക്കും ചതവിനും ഒക്കെ ഇതിന്റെ ഇലകൾ അരച്ച ചാർ തേച്ചു പുരട്ടിയാൽ വേഗം ഭേദമാകും എന്ന് തെളിയിച്ചിട്ടുണ്ട്.
ഏക്സിമ(Eczema ) , സോറിയാസിസ് എന്നിവയ്‌ക്കെതിരെയും ഇതുപയോഗിക്കുന്നുണ്ട്.
പാണൽ വെറും ചവറ് അല്ല....അതുക്കും മേലെ.... റൊമ്പ മേലെ...
എന്നാൽ അങ്ങട്...
പ്രമോദ് മാധവൻ