വരക് , കോഡോ മില്ലറ്റ് , ഡിച്ച് മില്ലറ്റ് , നേറ്റീവ് പാസ്പ്പാലം , ഇന്ത്യൻ ക്രൗൺ ഗ്രാസ് , പശുപ്പുല്ല് , നെല്ല് പുല്ല് എന്നീ പേരുകളിൽ അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിൽ വരഗെന്നും കൂവരക് എന്നും അറിയപ്പെടുന്ന ധാന്യമാണ് കോഡോ മില്ലറ്റ് .കോഡോ മില്ലറ്റ് ഹിന്ദി നാടുകളിൽ കോദ്ര എന്നാണ് അറിയപ്പെടുന്നത്. ഒരു ഏക്കർ കൃഷി ചെയ്യുവാനായി 4 കിലോ വിത്ത് മതിയാവും. നേരിട്ടു വിതച്ചും , ലൈൻ ഫാമിംഗിലും കൃഷി ചെയ്യാം. ( നിരയായി ചാലു കീറി ചാലിൽ വളം ഇട്ട ശേഷം വിത) മറ്റു ചെറുധാന്യങ്ങൾ നഴ്സറികളിൽ പാകി മുളപ്പിച്ച് പറിച്ചുനടാൻ കഴിയുമെങ്കിൽ ഈ ധാന്യത്തിന് കഴിയില്ല. വിത കഴിഞ്ഞാൽ 110 മുതൽ 120 ദിവസത്തിനുള്ളിൽ വിളവെടുക്കാം. വിതയ്ക്കുന്നതിന് മുൻമ്പായി 6 മണിക്കൂർ വിത്തുകൾ വെള്ളത്തിൽ കുതിർക്കണം. അതിനു ശേഷം 1 കിലോ വിത്തിന് 10 ഗ്രാം സ്യൂഡോമോണസ് ലായനിയിൽ കലക്കി അതിൽ വിത്തുകൾ അരമണിക്കൂർ മുക്കി വയ്ച്ചശേഷം വിതയ്ക്കുക. രാസകൃഷിയാണെങ്കിൽ 2 gm കാർബെന്റാസിം 1 ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ 20 മിനിറ്റ് വിത്തുകൾ മുക്കി വച്ച് പരിചരണം നടത്താം.അതിനു ശേഷം വിതയ്ക്കാം. ലൈൻ ഫാമിങ്ങാണെങ്കിൽ വരികൾ തമ്മിൽ 45 CM അകലവും , ചെടികൾ തമ്മിൽ 10 CM അകലവും കിട്ടത്തക്ക രീതിയിൽ വിതയ്ക്കുക. കൃഷിയിടത്തിലെ മണ്ണിൽ ഒരു സെന്റിന് 2-3 കിലോ കുമ്മായം or ഡോളമൈറ്റ് ചേർക്കുക. 4 ടൺ ജൈവ വളം ഏക്കറിന് അടിവളമായി നൽകുക. വിത്ത് പാകി 15-ാം ദിവസം കളപറിച്ച് വളം ഇടണം. 1 ഏക്കറിന് 20 കിലോ ഫാക്റ്റംഫോസ് , കൂടാതെ ലഭ്യത അനുസരിച്ച് ജൈവവളവും നൽകുക. 40-ാം ദിവസം രണ്ടാം വളമായി 10 കിലോ ഫാക്ടംഫോസും 20 കിലോ പൊട്ടാഷും ഒരു ഏക്കറിന് വളമായി നൽകാം.
ചെറുധാന്യങ്ങളിൽ ഏറ്റവും പരുക്കൻ ധാന്യമാണ് വരക് . വിളവെടുത്ത് 6 മാസം കഴിഞ്ഞ് മാത്രമേ വരഗിനെ ഭക്ഷണത്തിനായി ഉപയോഗിക്കുവാൻ കഴിയു . ആഫ്രിക്കൻസ് ഈ ധാന്യത്തെ അരിയായി ഉപയോഗിക്കുന്നു. ഇന്ത്യയിൽ പൊടിച്ച് മാവാക്കി പുഡ്ഡിംഗിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. കാലിത്തീറ്റയായും ഇത് ധാരാളം ഉപയോഗിക്കുന്നു. പാസ്പാലം സ്ക്രോബിക്കുലേറ്റം എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. വരൾച്ചയെ അതിജീവിക്കുവാനുള്ള അസാമാന്യമായ കഴിവ് വരഗിനുണ്ട്. പാറപ്പുറത്തു പോലും വരഗ് കൃഷിചെയ്യാം. കൂടുതൽ അളവിൽ ലെസിത്തിൻ അടങ്ങിയിട്ടുള്ളതിനാൽ നാഡീവ്യൂഹത്തെ ബലപ്പെടുത്തുന്നു. പൊണ്ണത്തടി കുറയ്ക്കുവാൻ സഹായിക്കുന്നു. ഏത് പ്രായക്കാർക്കും കഴിക്കുവാൻ പറ്റിയ ധാന്യമാണിത്. 1 ഏക്കറിന് ശരാശരി 500 കിലോ വിളവ് കിട്ടും. Co3 എന്ന ഇമ്പ്രൂവ്ഡ് ഇനം വിത്താണ് ഏറ്റവും മികച്ചത്.
✍🏻 SK ഷിനു