ഫേസ്ബുക്കിൽ ഇന്ന് കണ്ട ഒരു പോസ്റ്റ് ആണ് ഇതെഴുതാൻ പ്രേരിപ്പിച്ചത്. ചിത്രത്തിനൊപ്പം എഴുതിയത് 'ഞാലിപ്പൂവൻ കുല, പതിമൂന്നര കിലോ, കിലോയ്ക്ക് ഇരുപത്തഞ്ച് രൂപ വച്ചു കിട്ടി '.
ആദ്യത്തെ കാര്യം, കുല പരിചരണത്തിൽ (Banana Bunch management) ഉള്ള കർഷകന്റെ അജ്ഞത.രണ്ട്, കാർഷിക ഉത്പന്നങ്ങളുടെ വിപണി വിലയെക്കുറിച്ചുള്ള പരിജ്ഞാനക്കുറവ്. ഇങ്ങനെ പോയാൽ കർഷകന് മേൽഗതി ഉണ്ടാകില്ല.
വാഴ കുലച്ച്, പടലകൾ ഓരോന്നായി വിരിഞ്ഞ്, അവസാനത്തെ വിൽപ്പനയോജ്യമായ പടല (പാലക്കാട്കാർ ചീർപ്പ് എന്ന് പറയും) യും വിരിഞ്ഞ് കഴിഞ്ഞാൽ ഉടൻ തന്നെ വാഴക്കൂമ്പ് (കുടപ്പൻ, മാണി) ശ്രദ്ധയോടെ പൊട്ടിച്ച് കളയണം. ഏത്തന്റെ കൂമ്പ് ഒടിച്ചു കളയാൻ എളുപ്പമാണ്, ഞാലിപ്പൂവന്റെ കൂമ്പ് ഒടിക്കുക ശ്രമകരവും.
അതിനാൽ, കൂമ്പ് ഓടിക്കാനായി ഒരു റൗണ്ട് /സ്ക്വയർ പൈപ്പിൽ, അരിവാൾ പോലെ ചരിച്ചു മൂർച്ച വരുത്തിയ കത്തി വെൽഡ് ചെയ്ത് ശരിയാക്കി വയ്ക്കണം. കായ്കൾക്ക് കേട് വരാതെ കൂമ്പ് നീക്കം ചെയ്യണം. എങ്കിൽ ചെടി വലിച്ചെടുക്കുന്ന മൂലകങ്ങൾ എല്ലാം അന്നജമാക്കി കായ്കളിലേക്ക് തന്നെ എത്തും. അല്ലെങ്കിലോ, കുറച്ച് ഊർജ്ജവും ആഹാരവും കുലത്തണ്ട് നീളാനും, അതിനെ താങ്ങി നിർത്താനും പാഴാക്കേണ്ടി വരും. മാത്രമല്ല തേൻ കുടിക്കാൻ വരുന്ന ജീവികൾ കായ്കളിൽ പോറൽ ഉണ്ടാക്കാനും സാധ്യതയുണ്ട്.
പ്രസ്തുത കർഷകൻ വാഴക്കൂമ്പ് സമയത്ത് ഒടിച്ചു മാറ്റിയിരുന്നെങ്കിൽ കുറഞ്ഞത് ഒരു കിലോ എങ്കിലും അധികം ലഭിക്കുമായിരുന്നു.
ആയതിനാൽ..
വാഴക്കർഷകരേ
യഥാസമയം വാഴക്കൂമ്പ് നീക്കം ചെയ്യുക.
വിപണിയറിഞ്ഞ് വില്പന നടത്തുക....
✍🏻 പ്രമോദ് മാധവൻ