ഫലവൃക്ഷങ്ങൾ പൂക്കുന്നതും കായ്ക്കുന്നതും നിയന്ത്രിക്കുന്നതു പല ഘടകങ്ങളാണ്. മണ്ണിന്റെ ഫലപുഷ്ടി, അരീക്ഷത്തിലെ താപനില, സൂര്യപ്രകാശം, നന, കീടരോഗബാധ, ജനിതക സ്വഭാവം ഇവയെല്ലാം പ്രധാനമാണ്.
പൂക്കാത്തതിന്റെ കാരണം
വിത്തു പാകി പിടിപ്പിച്ചവ പൂക്കുന്നതിനും കായ്ക്കുന്നതിനും പൊതുവെ താമസം നേരിടുന്നു. നന ആവശ്യമാണെങ്കിലും അധികമായ നന ഹാനികരമാണ്. മണ്ണിൽ നൈട്രജന്റെ അളവു കൂടുതലാണെങ്കിൽ ചെടികളിൽ കായിക വളർച്ച കൂടുകയും പൂക്കുന്നതിനു സമയം അധികമെടുക്കുകയും ചെയ്യും. പൊട്ടാസ്യം അടങ്ങിയ വളങ്ങൾ ചേർക്കുന്നതു വേഗം പൂക്കാൻ സഹായകമാണ്. പൊട്ടാസ്യം സൾഫേറ്റ് / പൊട്ടാസ്യം നൈട്രേറ്റ് 5 ഗ്രാം ഒരു ലീറ്റർ വെള്ളം എന്ന തോതിൽ ഇലകളിൽ തളിക്കാം. ബോറോൺ, സിങ്ക്, നാകം എന്നിവയും പൂവിടുന്ന സമയങ്ങളിൽ (പരാഗണത്തിന്) അനിവാര്യമാണ്. ശിഖരങ്ങൾ നന്നായി തഴച്ചു വളർന്നു നിൽക്കുമ്പോൾ ഉള്ളിലേക്ക് ആവശ്യത്തിന് സൂര്യപ്രകാശം എത്തുകയില്ല. കൊമ്പു കോതൽ അനിവാര്യമാണ്.
കായ്പിടിക്കാത്തതിന്റെ കാരണം
രൂക്ഷമായ ചൂട്, നനക്കുറവ്, കീടരോഗ ബാധ, സൂക്ഷ്മ മൂലകങ്ങളുടെ കുറവ് ഇവയൊക്കെ കായ്പിടിക്കാതിരിക്കാനുള്ള കാരണമാകും.
ശരിയായ പരാഗണം നടക്കാത്തതും കാരണമാകാം. കൃത്രിമമായി പരാഗണം നടത്തുകയും ആവാം.
തയാറാക്കിയത്:
📃 ഡോ. ഷീബ റബേക്ക ഐസക്, അസോഷ്യേറ്റ് ഡയറക്ടർ, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, കുമരകം.