' ടിഷ്യൂ കൾച്ചർ 'എന്നത് ഒരു വാഴയിൽ നിന്നും ചുരുങ്ങിയ സമയം കൊണ്ട് ധാരാളം തൈകൾ ഉണ്ടാക്കുന്ന ഒരു സാങ്കേതികവിദ്യയാണ്.
വാഴയുടെ കന്നിന്റെയുള്ളിൽ നിന്നോ വാഴക്കൂമ്പിന്റെ ഉള്ളിൽ നിന്നോ ഉള്ള അഗ്രമുകുളങ്ങളിൽ നിന്നാണ് ഈ സാങ്കേതികവിദ്യ (Micro propagation) വഴി തൈകൾ ഉണ്ടാക്കുന്നത്.
വാഴകളിൽ വിത്ത് (seed) വഴിയുള്ള വംശവർധനവ് അപൂർവ്വമാണ്. മാത്രമല്ല അത്തരത്തിൽ ഒരു തൈ ഉണ്ടായി വളർന്ന് വിളവെടുക്കാൻ ഒരുപാട് സമയം വേണ്ടിവരും. ആയതിനാൽ തള്ള വാഴയുടെ കിഴങ്ങിൽ (മാണം, Rhizome) നിന്നും പൊട്ടി മുളച്ച് വരുന്ന കന്നുകൾ (suckers) വഴിയാണ് സാധാരണ ഗതിയിൽ വംശവർദ്ധനവ്. ഇതിനെ കായിക പ്രജനനം (vegetative multiplication) എന്ന് പറയും. ഈ രീതിയിൽ കന്നിന്റെ പ്രായവും വലിപ്പവും അനുസരിച്ച് വിളവ് വ്യത്യാസപ്പെട്ടിരിക്കും, വിളവെടുപ്പ് കാലവും.
എന്നാൽ ലബോറട്ടറികളിൽ ഒരേ അഗ്ര മുകുളത്തിൽനിന്നും ഒരേ സമയം വളർത്തിയെടുക്കുന്ന എല്ലാ തൈകളുടെയും വലിപ്പവും പ്രായവും ഒരേ പോലെ ആയതിനാൽ അവ കുലയ്ക്കുന്ന സമയവും കുലയുടെ തൂക്കവും ഏറെക്കുറെ ഒരു പോലെയായിരിക്കും. എപ്പോഴും ഏറ്റവും മികച്ച കുല കിട്ടിയ വാഴകളിൽ നിന്നായിരിക്കും തൈ ഉത്പാദകർ (Breeders) അഗ്ര മുകുളങ്ങൾ എടുക്കുക. സ്വാഭാവികമായും അവയെല്ലാം തന്നെ മികച്ച വിളവ് തരികയും ചെയ്യും. അതുകൊണ്ട് തന്നെ കയറ്റുമതി വിപണി ലാക്കാക്കി കൃഷി ചെയ്യുന്നവർക്ക് താല്പര്യം ടിഷ്യൂ കൾച്ചർ തൈകൾ ആണ്.
ഇവയുടെ പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം.
1. ഒരേ ലോട്ടിൽ ഉള്ള തൈകൾ എല്ലാം തന്നെ ഒരേ പ്രായമുള്ളവയാകയാൽ അവ ഒരേ പരിപാലനം നൽകി ഒരുമിച്ച് കുലച്ച്, വിളവെടുക്കാൻ സാധിക്കും.
2. ലാബുകൾക്കുള്ളിൽ വൈറസ് അടക്കമുള്ള രോഗകാരികളുടെ സ്ക്രീനിംഗ് നടത്തി ആണ് തൈകൾ ഉണ്ടാക്കുന്നത് എന്നതിനാൽ അത്തരം തൈകളിൽ, ഫീൽഡിൽ നടുന്നത് വരെ രോഗകാരികളായ സൂക്ഷ്മജീവികൾ ഉണ്ടാകില്ല.
എന്നാൽ ഫീൽഡിൽ എത്തിയതിന് ശേഷം രോഗം പിടിപെടുകയും ചെയ്യാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
========================
1. ലാബുകളിൽ വളർത്തിയ തൈകൾ ഫീൽഡിൽ നടുന്നതിനു മുൻപ് നന്നായി ദൃഡീകരണം (hardening )നടത്തണം. എന്നാലേ അത് ആ സ്ഥലത്തിന്റെ കാലാവസ്ഥയുമായി പൊരുത്തപ്പെടുകയുള്ളൂ.
2. നടാനായി എടുക്കുമ്പോൾ അഞ്ചോ ആറോ കുഞ്ഞിലകളും നേർത്ത വേരുകളും മാത്രമേ തൈകൾക്ക് ഉണ്ടാകൂ. മാണം (Rhizome ) ഉണ്ടാവില്ല. ആയതിനാൽ ആദ്യസമയത്ത് നല്ല പരിചരണവും ശ്രദ്ധയും നൽകിയില്ലെങ്കിൽ അവ നശിച്ചു പോകാൻ സാധ്യതയുണ്ട്.
3. ഉയർന്ന വിളവ് കിട്ടിയ വാഴയുടെ സന്തതികൾ ആയതിനാൽ ശരാശരിയിലും ഉയർന്ന കുലകൾ ആയിരിക്കും ലഭിക്കുക. ആയതിനാൽ ശാസ്ത്രീയമായ സംയോജിത വള പ്രയോഗ രീതി (Integrated Nutrient Management )തന്നെ പിന്തുടരണം.
കൃഷി രീതികൾ
====================
1.6-8മണിക്കൂർ വരെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങൾ ആയിരിക്കണം വാഴതൈകൾ വയ്ക്കാൻ തെരെഞ്ഞെടുക്കേണ്ടത്.
2. അല്പം പോലും വെള്ളം കെട്ടി നിൽക്കാത്ത ഇടം വേണം തെരെഞ്ഞെടുക്കാൻ. നീർ വാർച്ച (drainage )പരമപ്രധാനം.
3.അര മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികൾ എടുക്കണം.
4. കുഴി എടുക്കുമ്പോൾ വളക്കൂറുള്ള മേൽ മണ്ണ് കുഴിയുടെ ഒരു വശത്തെക്കും വളക്കൂറ് കുറഞ്ഞ അടിമണ്ണ് മറുവശത്തേക്കും മാറ്റി വയ്ക്കണം.
4. കുഴി എടുത്തതിനു ശേഷം, മാറ്റി വയ്ച്ച മേൽമണ്ണ് തിരിച്ചു് കുഴിയിലേക്കിടണം. കാൽകിലോ കുമ്മായം കുഴിയിൽ ഇട്ട് മേൽ മണ്ണുമായി നന്നായി കൂട്ടിക്കലർത്തി രണ്ടാഴ്ച ഇടണം. ആ സമയത്ത് കുഴിയിൽ കരിയിലകൾ ഇട്ട് കൊടുക്കാം.
5. ഈ സമയം വാഴ തൈകൾ സാമാന്യം വെയിൽ കിട്ടുന്ന ഒരു സ്ഥലത്ത് സൂക്ഷിച്ചു ദൃഡീകരിക്കാം.
6. തൈ നടുന്ന ദിവസം, മാറ്റി വച്ച അടിമണ്ണിൽ,20കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി,250ഗ്രാം പൊടിച്ച വേപ്പിൻ പിണ്ണാക്ക്,100ഗ്രാം എല്ലുപൊടി എന്നിവയുമായി കൂട്ടിക്കലർത്തി കുഴി മൂടി, അല്പം ഉയരത്തിൽ കൂന പോലെയാക്കി അതിൽ ഒരു പിള്ളക്കുഴി എടുത്ത്, പോളിബാഗിൽ നിന്നും ശ്രദ്ധയോടെ ഇളക്കി കുഴിയിൽ വച്ച്, ചുറ്റും കൈകൾ കൊണ്ട് അമർത്തി മണ്ണുറപ്പിക്കാം.
7.വൈകുന്നേരങ്ങളിൽ നടുന്നതാണ് നല്ലത്. നട്ട് കഴിഞ്ഞ് ഒരാഴ്ച തൈകൾക്ക് തണൽ നൽകുന്നത് നന്നായിരിക്കും.
8. യാതൊരു കാരണവശാലും ചെടിത്തടത്തിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം. വാഴത്തട ത്തിന്റെ ചുറ്റുമായി 10ഗ്രാം കുറ്റിപ്പയർ വിത്ത് വിതച്ച്, 30-35 ദിവസം കഴിയുമ്പോൾ അവ പറിച്ച് പച്ചില വളമായി വാഴയ്ക്ക് ചുറ്റും വച്ച്, പച്ചച്ചാണകം നീട്ടികലക്കി ഒഴിച്ച് മണ്ണിട്ട് മൂടുന്നത് നന്നായിരിക്കും.
9. പുതിയ ഇലകൾ വന്നു തുടങ്ങിയാൽ വളരെ നേർപ്പിച്ച ഗോമൂത്രം, നീട്ടിക്കലക്കിയ പച്ചചാണകതെളി എന്നിവ തടത്തിൽ ഒഴിച്ച് കുതിർക്കാം. ചെടിയിൽ നിന്നും 15cm അകലത്തിലേ ഒഴിയ്ക്കാവൂ.
10. ഇനി ചിട്ടയായ വളപ്രയോഗം, നന, കുമ്മായ പ്രയോഗം എന്നിവ ഉറപ്പ് വരുത്തണം.
11. തൈകൾ നട്ട് മൂപ്പതാം ദിവസം 110 ഗ്രാം യൂറിയ,360ഗ്രാം റോക്ക് ഫോസ്ഫേറ്റ്,160 ഗ്രാം പൊട്ടാഷ് എന്നിവ ചെടിയിൽ നിന്നും ഒരടി അകലത്തായി വട്ടത്തിൽ ഇട്ട് കൊടുത്ത് മണ്ണിട്ടു മൂടണം
11. നട്ട് അറുപതാം ദിവസം 110ഗ്രാം യൂറിയ,160ഗ്രാം പൊട്ടാഷ് എന്നിവ, മുൻപ് പറഞ്ഞ രീതിയിൽ നൽകണം.
12. ഓരോ മേൽ വളപ്രയോഗത്തിനും രണ്ടാഴ്ച മുൻപ് 100ഗ്രാം കുമ്മായം, വളമിടാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് വിതറിക്കൊടുക്കണം.
13. തൊണ്ണൂറാം ദിവസം 110ഗ്രാം യൂറിയ,280ഗ്രാം റോക്ക് ഫോസ്ഫേറ്റ്,160ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കണം
14. നട്ട് നൂറ്റി ഇരുപതാം ദിവസം 110ഗ്രാം യൂറിയ,160ഗ്രാം പൊട്ടാഷ് എന്നിവ കൊടുക്കണം.
15. നട്ട്, നൂറ്റി അൻപതാം ദിവസം 110ഗ്രാം യൂറിയ,160ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കണം.
അങ്ങനെ നട്ട് നൂറ്റിയമ്പത് ദിവസത്തിനുള്ളിൽ ചെടിയ്ക്ക് കൊടുക്കേണ്ട വളങ്ങളുടെ ഭൂരിഭാഗവും നൽകണം എന്ന് ചുരുക്കം. ഇതിന് ശേഷം വാഴത്തടയ്ക്കുള്ളിൽ കുല രൂപം കൊള്ളാൻ തുടങ്ങും.
16. മഞ്ഞളിച്ചു ഉണങ്ങാൻ തുടങ്ങുന്ന ഇലകൾ എല്ലാം തന്നെ വാഴത്തടയോട് ചേർത്ത് മുറിച്ച് നീക്കണം.
17. ഉണങ്ങിയ വാഴയിലകൾ ഒരു കാരണവശാലും വാഴത്തടയിൽ ചുറ്റിക്കെട്ടി വയ്ക്കരുത്.
18. ആറാം മാസം മുതൽ പിണ്ടിപ്പുഴുവിന്റെ ആക്രമണം തടയാനായി വാഴയുടെ അടിക്കവിളുകളിൽ വേപ്പിൻ കുരു പൊടിച്ചത്, വേപ്പിൻ പിണ്ണാക്കിൽ അല്പം വേപ്പെണ്ണ ചേർത്ത് പൊടിച്ചത്, പാറ്റാഗുളിക, ബാർസോപ്പ് ചീളുകൾ എന്നിവ കൂട്ടിക്കലർത്തി ഇട്ട് കൊടുക്കുന്നത് നന്നായിരിക്കും.
19. നന്മ എന്ന മരുന്ന് 50മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വഴക്കവിളിലും വാഴത്തടയിലും സ്പ്രേ ചെയ്ത് കൊടുക്കാം.
20. വാഴക്കുല വരുന്നതിനു മുൻപ് മുളയ്ക്കുന്ന എല്ലാ കന്നുകളും നശിപ്പിക്കുന്നത് വലിപ്പമുള്ള കുലകൾ ഉണ്ടാകാൻ സഹായിക്കും.
21. കുല വിരിഞ്ഞ് അവസാന പടല വിരിഞ്ഞാൽ ഉടൻ തന്നെ വാഴക്കൂമ്പ് ഒടിച്ചു മാറ്റണം.
22. അപ്പോൾ തന്നെ അവസാന വളവും നൽകാം.110ഗ്രാം യൂറിയയും 160ഗ്രാം പൊട്ടാഷും.
23. അതിന് ശേഷം ഓരോ കായുടെയും അറ്റത്തുള്ള നാര് പോലെയുള്ള ഭാഗം പൊട്ടിച്ചു കളഞ്ഞ് ദ്വാരങ്ങൾ ഇട്ട പ്ലാസ്റ്റിക് കവറുകൾ കൊണ്ട് പൊതിയാം. കവറിന്റെ അടിഭാഗം തുറന്ന് കിടക്കണം. ഇങ്ങനെ ചെയ്‌താൽ കായ്കൾക്ക് നല്ല മുഴുപ്പും നിറവും കിട്ടും.
ഇത്തരത്തിൽ കൃത്യമായ പരിചരണം കൊടുത്ത് നോക്കൂ. നിങ്ങളുടെ സമയത്തിനും അധ്വാനത്തിനും കൃത്യമായ ഫലം കിട്ടും.
ചേർത്തല നിയോജക മണ്ഡലത്തിൽ ഏതാണ്ട് ഒന്നേകാൽ ലക്ഷം ടിഷ്യൂ കൾച്ചർ ഗ്രാൻഡ് നൈൻ തൈകൾ, കരപ്പുറം വിഷൻ 2026 പദ്ധതി പ്രകാരം വിതരണം ചെയ്യുന്നുണ്ട്. പ്രധാനമായും അത് കൊണ്ട് പോകുന്നവരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റ് തയ്യാറാക്കിയത്.
തൈകൾ കൊണ്ട് പോകുന്ന എല്ലാ കർഷകരെയും വാട്സ്ആപ്പ് ഗ്രൂപുകളിൽ ചേർത്ത് അവർക്കാവശ്യമായ ക്ലാസുകളും ഉപദേശങ്ങളും നൽകാൻ ആണ് പരിപാടി.
കൃഷി സ്കീമുകളിലൂടെ 'Fund and Forget ' എന്ന സമീപനത്തിന്റെ കാലം കഴിഞ്ഞു. വിളയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃഷി വകുപ്പിന്റെ ഉദ്യോഗസ്ഥർ കർഷകർക്കൊപ്പമുണ്ടാകണം. കൃഷിക്കാർ എന്ത് സംശയം ഉണ്ടെങ്കിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. സംസ്ഥാന തലത്തിൽ, പ്രവൃത്തി സമയങ്ങളിൽ കൃഷിക്കാർക്ക് 1800 180 1551 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെട്ട് സംശയനിവൃത്തി വരുത്താം.
✍🏻 പ്രമോദ് മാധവൻ