കാന്താരി മുളകു കൃഷി റബ്ബറിനേക്കാൾ ആദായകരം | Kanthari


റബ്ബറിന്റെയോ മറ്റു കാർഷികോല്പന്നങ്ങളുടെയോ വിലയിടിവ് നിങ്ങളുടെ കാർഷിക ബഡ്ജറ്റിനെ ആകെ താളം തെറ്റിച്ചിട്ടുണ്ടോ? എളുപ്പത്തിൽ ആദായം ലഭിക്കാൻ കാന്താരിമുളക് കൃഷിയിലേക്ക് തിരിയുക. ഈ കൃഷിക്ക് കാര്യമായ മുതൽമുടക്ക് ഇല്ലെന്നതു മാത്രമല്ല, ചെടികൾക്ക് ഏറ്റവും കുറച്ചു പരിചരണം മാത്രം നൽകിയാൽ മതി എന്ന മെച്ചവുമുണ്ട്. റബ്ബർ മരങ്ങൾ വെട്ടുകയോ നശിപ്പിക്കുകയോ ചെയ്യേണ്ട. അതിനിടയിൽ കാന്താരി കൃഷി ചെയ്താൽ മാത്രം മതി.



കാന്താരിയുടെ വില

നിലവിൽ കാന്താരി മുളകിന് കിലോ​ഗ്രാമിന് 250 രൂപയാണ് കർഷകർക്ക് ലഭിക്കുന്ന വില. മാർക്കറ്റിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് വില ഉയരാം. സാധാരണ ​ഗതിയിൽ കിലോ​ഗ്രാമിന് 250 രൂപ എന്ന വിലയിൽ നിന്ന് കുറയാറില്ല. 2018 ജൂൺ മാസത്തിൽ കിലോ​ഗ്രാമിന് 1400 മുതൽ 1800 വരെ രൂപ ലഭിച്ചിരുന്നു. വിദേശ വിപണിയിൽ കാന്താരി മുളകിന് പ്രിയം വന്നതോടെയാണ് അന്ന് വില ഉയർന്നത്.

കാന്താരി കൃഷി ചെയ്യുന്ന വിധം

നല്ല ഇനം കാന്താരിച്ചെടികളിലെ പഴുത്ത മുളകുകൾ ശേഖരിക്കുക. ഇവ ഒന്നോ രണ്ടോ ദിവസം വെയിലത്തുവച്ച് നന്നായി ഉണങ്ങിയശേഷം പാകി മുളപ്പിക്കാവുന്നതാണ്. മുളച്ചുവന്നാൽ ഏഴുദിവസത്തിനകം അതിന് രണ്ടിലകൾ മാത്രമേ കാണൂ. പത്തുപതിനഞ്ചു ദിവസം കഴിയുമ്പോഴേക്ക് നാലോ അതിലധികമോ ഇലകൾ വരും. ആ സമയത്താണ് കാന്താരിച്ചെടികൾ ​ഗ്രോബാ​ഗിലേക്കോ കൃഷി ചെയ്യാനുദ്ദേശിക്കുന്ന പറമ്പിലേക്കോ പറിച്ചു നടേണ്ടത്.  

കാര്യമായി വെള്ളമോ വളമോ നൽകിയില്ലെങ്കിലും കാന്താരി വളർന്നോളും. എല്ലാ ദിവസവും നനയ്ക്കണമെന്നോ കൃത്യമായി വളം ചേർക്കണമെന്നോ നിർബന്ധമില്ല. എന്നാൽ, ജൈവവളങ്ങൾ ചേർക്കുകയും ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുക്കുകയും ചെയ്താൽ നല്ല വിളവു ലഭിക്കും. വീടുകളിലാണെങ്കിൽ മീൻ കഴുകിയ വെള്ളം ഒഴിച്ചുകൊടുത്താൽ കാന്താരിയിൽ കൂടുതൽ മുളകുകൾ ഉണ്ടാവുമെന്നു പല കർഷകരും സൂചിപ്പിച്ചിട്ടുണ്ട്.

കാന്താരി വളർത്താനായി പ്രത്യേക കൃഷിയിടം തയ്യാറാക്കേണ്ടതില്ല. ഏതു കൃഷിയിടത്തിലും മറ്റു ചെടികളുമായി മത്സരിച്ച് കാന്താരി വളരും. എന്നാൽ കൃഷിയിടം ഒരുക്കി കൃഷിചെയ്താൽ നല്ല വിളവു ലഭിക്കും. മുളച്ചു കഴിഞ്ഞ് അമ്പതു ദിവസം ആകുമ്പോഴാണ് കാന്താരി മുളക് ഉണ്ടാവാൻ തുടങ്ങുന്നത്. നാലു വർഷം വരെ തുടർച്ചയായി വിളവെടുക്കാൻ കഴിയും.  

ആറു മാസം പ്രായമായ കാന്താരിച്ചെടിയിൽനിന്ന് രണ്ടാഴ്ചയിലൊരിക്കൽ ഒരു കിലോ​ഗ്രാം മുളകു ലഭിക്കാം. വെള്ള, നീല, പച്ച നിറങ്ങളിൽ കാന്താരി മുളകുകൾ ഉണ്ടെങ്കിലും പച്ച നിറത്തിലുള്ള കാന്താരിക്കാണ് മാർക്കറ്റിൽ ഡിമാൻഡ് കൂടുതൽ. പഴുത്തു ചുവന്ന മുളകുകൾക്ക് വില അല്പം കുറയും. 

 ചെടിസംരക്ഷണം

സാധാരണ ​ഗതിയിൽ കാന്താരിമുളകു ചെടികളെ കീടങ്ങളോ രോ​ഗങ്ങളോ ബാധിക്കാറില്ല. നല്ല രോ​ഗപ്രതിരോധശേഷി ഉള്ള ചെടികളിൽ ഒന്നാണിത്. എങ്കിലും ചിലപ്പോൾ വെള്ളീച്ചകൾ കാന്താരിയെ ആക്രമിക്കാറുണ്ട്. ഇല കുരുടിപ്പുരോ​ഗവും കാണാറുണ്ട്. രണ്ടായാലും മുളകുൽപ്പാദനത്തെ ഇത് കാര്യമായി ബാധിക്കാറില്ല. ഇല കുരുടിപ്പു മാറ്റാൻ ഒരു ദിവസം പുളിപ്പിച്ച കഞ്ഞിവെള്ളം കുറേ കൂടി വെള്ളം ചേർത്ത് നേർപ്പിച്ച് ഇലകളിൽ സ്പ്രേ ചെയ്താൽ മതി. വെള്ളീച്ചകളെ അകറ്റാൻ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും നന്നായി വെള്ളം ഇലകളുടെ അടിയിലേക്ക് സ്പ്രേ ചെയ്താൽ മതി. അല്ലെങ്കിൽ കുറച്ച് കാന്താരിമുളകും വെളുത്തുള്ളിയും കൂടി അരച്ചതിൽ അല്പം വെള്ളം ചേർത്തു വച്ച് ഒരു ദിവസം കഴിഞ്ഞ് അത് തെളിയൂറ്റിയെടുത്ത് അതിലേക്ക് കൂടുതൽ വെള്ളം ചേർത്ത് നേർപ്പിച്ച് മുളകുചെടികളിൽ സ്പ്രേ ചെയ്താൽ മതി.




കാന്താരി മുളകുകൾ ആവശ്യത്തിന് വിപണിയിൽ ലഭ്യമല്ലാത്തതുകൊണ്ട്, നിങ്ങളുടെ കൃഷിയിടത്തിനു തൊട്ടടുത്ത സൂപ്പർ മാർക്കറ്റുകളിൽ നേരിട്ട് എത്തിച്ചാൽ സാമാന്യം നല്ല വില ലഭിക്കും. എല്ലാ ദിവസവും ആവശ്യക്കാരുമുണ്ടാവും. വേനലെന്നോ മഴയെന്നോ വ്യത്യാസമില്ലാതെ എല്ലാ കാലത്തും വിളവു ലഭിക്കുന്ന നല്ല കൃഷിയാണ് കാന്താരി മുളകു കൃഷി. കേരളത്തിൽ കട്ടപ്പനയിലും തൃശൂരിലും കോഴിക്കോട്ടും മാർക്കറ്റിൽ കാന്താരി മൊത്തവില്പന നടത്താൻ സൗകര്യമുണ്ട്.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section