ഇനി വാർഷിക പൂച്ചെടികളുടെ ഉത്സവമേളം; പൂക്കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലം കഴിഞ്ഞാൽ പൂന്തോട്ടങ്ങളിൽ പിന്നെ വാർഷിക പൂച്ചെടികളുടെ ഉത്സവമേളമാണ്. മാരിഗോൾഡ്, ആസ്റ്റർ, സീനിയ, ഡയാന്തസ്, പെറ്റൂണിയ, സാൽവിയ, സിലിഷ്യ, ടൊറീനിയ, ഡാലിയ, സൂര്യകാന്തി... എല്ലാം നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ സമൃദ്ധമായി പൂവിടുന്നവ. ഇവയുടെ, അധികം ഉയരം വയ്ക്കാത്ത, എന്നാൽ വേഗത്തിൽ വളർന്നു പൂവിടുന്ന സങ്കരയിനങ്ങൾക്കാണു വിപണിയിൽ ഡിമാൻഡ്.



വിത്ത് ശ്രദ്ധിക്കണം

വാർഷിക പൂച്ചെടികളുടെ സങ്കരയിനങ്ങൾ എല്ലാം തന്നെ വിത്ത് ഉപയോഗിച്ചാണ് വളർത്തിയെടുക്കുക. പാക്കറ്റ് വിത്തു വാങ്ങുമ്പോൾ കാലാവധി കഴിഞ്ഞില്ലെന്ന് ഉറപ്പാക്കണം. പച്ചക്കറി വിത്തു മുളപ്പിച്ചെടുക്കാൻ ഉപയോഗിക്കുന്ന പ്രോട്രേയിൽ മിശ്രിതം നിറച്ചു പൂച്ചെടികളുടെ വിത്തും നടാം. കുതിർത്തെടുത്ത ചകിരിച്ചോറും ആറ്റുമണലും ആവശ്യാനുസരണം സ്യൂഡോമോണാസും കലർത്തി തയാറാക്കിയ മിശ്രിതത്തിലാണു വിത്തു പാകേണ്ടത്. അധിക ഈർപ്പവും ഊഷ്മാവും വിത്തു മുളയ്ക്കാൻ ആവശ്യമാണ്. ഇതിനായി സുഷിരങ്ങളുള്ളതും പ്രകാശം കയറുന്നതുമായ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ട്രെയ്ക്ക് ആവരണം നൽകണം. മുളച്ചു തുടങ്ങിയാൽ ഷീറ്റ് മാറ്റാം. നേർത്ത ഈർപ്പം നിലനിർത്തുന്ന വിധത്തിൽ നന നൽകണം. വിത്ത് പാക്കറ്റ്, വിത്ത് നട്ട ട്രേയോട് ചേർത്തു സൂക്ഷിച്ചാൽ മുളച്ചു വരുമ്പോൾ തൈകൾ ഏതിനമാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാനാവും.

വിള പരിപാലനം

2 - 3 ഇലകളായാൽ തൈകൾ മാറ്റി നടാനുള്ള വളർച്ചയായി. 4 - 5 മണിക്കൂർ വെയിൽ കിട്ടുന്നിടത്തു നിലത്തു കൂട്ടമായി നട്ടു പൂത്തടം തയാറാക്കാം. അല്ലെങ്കിൽ ചട്ടിയിൽ വളർത്താം. ചകിരിച്ചോറ്, ചുവന്ന മണ്ണ്, ചാണകപ്പൊടി എന്നിവ ഒരേ അളവിൽ കലർത്തിയെടുത്തതിൽ അൽപം എല്ലുപൊടിയും ചേർത്ത മിശ്രിതത്തിൽ തൈകൾ നടാം. പൂത്തടം ഒരുക്കുന്നിടത്തെ മണ്ണു നീക്കി പകരം അരയടി കനത്തിൽ മിശ്രിതം നിറച്ച് അതിലാണ് നടേണ്ടത്. 5 - 6 ഇലകളായാൽ തണ്ടിൽ 6 മുട്ടാത്ത വിധത്തിൽ ഡിഎപി. അല്ലെങ്കിൽ 18:18:18 രാസവളം രണ്ടാഴ്ചയിലൊരിക്കൽ നൽകണം. വെള്ളത്തിൽ മുഴുവനായി ലയിക്കുന്ന 19:19:19 രാസവളം ( 2 ഗ്രാം/ലീറ്റർ വെള്ളം) ചെടി മുഴുവനായി തളിച്ചു കൊടുക്കാം. ആവശ്യത്തിനു വളർച്ചയായാൽ വിൻക, ഡയാന്തസ്, ആസ്റ്റർ, സാൽവിയ തുടങ്ങി പല ഇനങ്ങളുടെയും കൂമ്പു നുള്ളി മാറ്റുന്നതു കൂടുതൽ പൂക്കൾ ഉണ്ടാകാൻ സഹായിക്കും.

രോഗ-കീടബാധ

രോഗ-കീടബാധയിൽ നിന്നു സംരക്ഷിക്കാൻ രണ്ടാഴ്ചയിലൊരിക്കൽ ഇമിഡാക്ലോപ്രിഡ് കീടനാശിനിയും ഹെക്സകൊണാസോൾ കുമിൾ നാശിനിയും കലർത്തി തയാറാക്കിയ മിശ്രിതം ചെടി മുഴുവനായി തളിച്ചുകൊടുക്കണം. ഇലയിലും പൂവിലും വീഴാത്ത വിധത്തിൽ മാത്രം നന നൽകുക. നന അധികമായാൽ പെറ്റൂണിയ, ഫ്ലോക്സ് എന്നിവ ചീഞ്ഞു നശിച്ചുപോകും.




എന്താണ് വാർഷിക പൂച്ചെടികൾ?

വിത്ത് നട്ടാൽ 2 മാസത്തിനുള്ളിൽ വളർന്നു പൂവിടുന്നതാണു സങ്കരയിനം വാർഷിക പൂച്ചെടികൾ. പൂവിടാൻ തുടങ്ങിയ ചെടിയുടെ ആയുസ്സും 2 - 3 മാസം മാത്രമേ ഉണ്ടാകൂ.




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section