ബിഗ്‌നോണിയേസീ കുടുംബത്തിലെ ഒരു മരമാണ് ശിവകുണ്ഡലം (ശാസ്ത്രീയനാമം: Kigelia africana). കിഗേലിയ ജനുസിലെ ഏക സ്പീഷിസാണിത്. ആഫ്രിക്കയിൽ എല്ലായിടത്തും ഈ മരം കാണപ്പെടുന്നു.
ഈ മരം 20 മീറ്റർ വരെ ഉയരം വയ്ക്കും. തുടർച്ചയായി മഴ ലഭിക്കുന്ന ഇടങ്ങളിൽ നിത്യഹരിതസ്വഭാവം കാണിക്കുമെങ്കിലും നീണ്ട വരൾച്ച അനുഭവപ്പെടുമ്പോൾ ഇല പൊഴിക്കും. ഭംഗിയുള്ള പൂക്കുലകൾ തൂങ്ങിക്കിടക്കുകയാണ് ചെയ്യുക. അതികഠിനമായ കായ പൊട്ടിക്കുവാൻ വളരെ പ്രയാസമാണ്. രാത്രി സൗരഭം പൊഴിക്കുന്ന പൂക്കളിൽ പരാഗണം നടത്തുന്നത് വവ്വാലുകളാണ്. പലതരത്തിലുള്ള പ്രാണികളും തേൻ കുടിക്കാൻ പൂവിൽ എത്താറുണ്ട്. തൂങ്ങിക്കിടക്കുന്ന കായകളുടെ ഉള്ളിൽ നിറയെ വിത്തുകൾ ഉണ്ടാവും 5-10 കിലോഗ്രാം വരെ ഭാരമുള്ള ഈ കായ തിന്നാൻ പല മൃഗങ്ങൾക്കും ഇഷ്ടമാണ്.
പല രോഗങ്ങൾക്കും മരുന്നായി ആഫ്രിക്കയിൽ ഉപയോഗിക്കാറുണ്ട്. ബീയർ പോലെയുള്ള ഒരു മദ്യം ഇതിൽ നിന്നും ഉണ്ടാക്കാറുണ്ട്. കായയ്ക്ക് വിഷമുണ്ട്. ബൊട്സ്വാനയിൽ ഇതിന്റെ തടി വള്ളം ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. മധ്യരേഖാപ്രദേശങ്ങളിലെല്ലാം ഒരു അലങ്കാരവൃക്ഷമായി ശിവകുണ്ഡലം നട്ടുവളർത്താറുണ്ട്. കായ തലയിലോ വാഹനങ്ങളിലോ വീണാൽ അപകടമുണ്ടാകാൻ ഇടയുള്ളതിനാൽ നട്ടുവളർത്തേണ്ട ഇടങ്ങൾ ശ്രദ്ധയോടെ വേണം തെരഞ്ഞെടുക്കാൻ.
©️
Photos