തേങ്ങയിൽ വെള്ളം എങ്ങനെ ഉണ്ടായി? | How was it found water under coconut
GREEN VILLAGEAugust 11, 2023
0
പലപ്പോളും നാം ആലോചിച്ചിട്ടുണ്ടാകും തേങ്ങയിൽ കാണുന്ന വെള്ളം എവിടെ നിന്ന് വന്നെന്ന്. ഇത് ശരിക്കും വെറും വെള്ളമല്ല, ദ്രാവക രൂപത്തിലുള്ള ഒരു തരം കോശസഞ്ചയം അഥവാ കല (tissue)ആണ്. തേങ്ങയിലെ എൻഡോസ്‌പേം (endosperm ) ആണ് ഈ കല. സസ്യങ്ങളിൽ വിത്തുണ്ടാകുമ്പോൾ, അതിനു വളരുന്നതിനാവശ്യമായ പോഷണം നൽകുക എന്നതാണ് ഈ എൻഡോസ്‌പേമിന്റെ ധർമ്മം. ഈ കല ഉണ്ടാകുന്നതു ബീജ സങ്കലനസമയത്തു തന്നെ നടക്കുന്ന മറ്റൊരു നുക്ലീയ സങ്കലനം വഴിയാണ്. എല്ലാ സസ്യങ്ങളിലും ഇത് നടക്കുന്നുണ്ട്. നെല്ലിലെ അരി എന്ന് പറയുന്നത് നെൽച്ചെടിയുടെ കായിന്റെ എൻഡോസ്‌പേം ആണ് .ഒരു ഘട്ടത്തിൽ ഈ അരിയും ദ്രാവക രൂപത്തിലാണ്. പിന്നീടാണത് ഉറച്ചു കട്ടിയാകുന്നത്.
മച്ചിങ്ങ ഉണ്ടായി കുറച്ചു കഴിയുമ്പോൾ തന്നെ അതിന്റെ ഒരറ്റത്ത് സ്വതന്ത്ര ന്യൂക്ലീയസുകൾ (അതിനു കോശസ്തരമോ, കോശ ദ്രവ്യമോ ഇല്ല) ആയി എൻഡോസ്‌പേം അടിഞ്ഞു കൂടുന്നു പിന്നീട് വളരും തോറും അത് ജെല്ലി രൂപത്തിലുള്ള ഒരു അവസ്ഥയിൽ ആയിത്തീരുന്നു. അതിൽ കുറെ ഭാഗം കോശഭിത്തിയോട് കൂടിയ കലയായി രൂപാന്തരപ്പെടുന്നു അതാണ് തേങ്ങയുടെ കാമ്പ്. ബാക്കിയുള്ള ഭാഗം ദ്രാവകമായി നിലനിൽക്കുന്നു അതാണ് തേങ്ങാവെള്ളം.