കർഷകരുടെ സുസ്ഥിര സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി കേരളത്തിൽ ഉടനീളം 'കൃഷിക്കൂട്ട 'ങ്ങൾ രൂപീകരിക്കുകയാണ് കൃഷി വകുപ്പ്.
ഏകീകൃത സ്വഭാവത്തോട് കൂടിയ കർഷക സംഘങ്ങൾ രൂപീകരിച്ച്, അവയിലൂടെ കർഷകർക്കാവശ്യമായ എല്ലാ പിൻ -മുൻ ബന്ധങ്ങളും (backward & forward linkages) നൽകി അവരുടെ ഉത്പന്നങ്ങളുടെ മൂല്യവർധനവിന് വേണ്ട ഒത്താശകൾ (facilitation) നൽകാൻ Value Added Agriculture Mission (VAAM)നും, എല്ലാ കാർഷിക ഉത്പന്നങ്ങളുടെയും വിപണനത്തിനായി Kerala Agro Business Company (KABCO)യും പ്രവർത്തിക്കും.
ഈ സംവിധാനത്തിൻ, കൃഷിവകുപ്പിന്റെ കീഴിൽ ആനയറ, നെടുമങ്ങാട്, മരട്, മൂവാറ്റുപുഴ, വെങ്ങേരി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മൊത്ത വ്യാപാര വിപണികൾ കേന്ദ്രങ്ങൾ ആയും (Hub ) കൃഷി വകുപ്പ് കർഷകരെ ശാക്തീകരിച്ച് കൊണ്ട് രൂപം നൽകിയ Ecoshops, Weekly Markets, Cluster Markets, Block Level Federated Organizations, VFPCK യുടെ ആഭിമുഖ്യത്തിൽ നടന്ന് കൊണ്ടിരിക്കുന്ന സ്വാശ്രയ കർഷക വിപണികൾ, Horticorp എന്നിവ ആരക്കാലുകൾ (Spokes )ആയും ബന്ധിപ്പിച്ചുകൊണ്ട് സ്ഥായിയായ വിപണന സംവിധാനങ്ങൾക്ക് രൂപം കൊടുക്കും എന്ന് കരുതപ്പെടുന്നു.
ഈ ഘട്ടത്തിൽ, 'കൃഷിക്കൂട്ടങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ചില ചിന്തകൾ പങ്ക് വയ്ക്കുകയാണ്.
1. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകർക്ക് പ്രത്യേകം കൃഷിക്കൂട്ടങ്ങൾ ഉണ്ടാക്കുകയാകും നന്ന്.
അവർക്ക് കൂടുതൽ മൂലധന ചെലവുണ്ടാകും. അവർ വളരെ തിരക്കുള്ളവർ ആകും. കൃഷിഭവൻ വിളിച്ചു കൂട്ടുന്ന യോഗങ്ങളിൽ എല്ലാം പങ്കെടുക്കുവാൻ അവർക്ക് കഴിഞ്ഞു എന്ന് വരില്ല. അവരിൽ ഒരു വലിയ പങ്ക് പാട്ടകർഷകർ ആയിരിക്കും. അവരുടെ വായ്പ ആവശ്യം കൂടുതൽ ആയിരിക്കും. അവർ ഭൂരിഭാഗവും ജൈവ -രാസ സമ്മിശ്ര രീതികൾ പിന്തുടരുന്നവർ ആയിരിക്കും. പത്ത് വാഴ കൃഷി ചെയ്യുന്ന ആളും ആയിരം വാഴ കൃഷി ചെയ്യുന്ന ആളും തമ്മിൽ കൃഷിയെ സംബന്ധിച്ച കാഴ്ചപ്പാടിൽ വലിയ വ്യത്യാസം ഉണ്ടായിരിക്കും.
2. കൃഷിക്കൂട്ടത്തിൽ അംഗത്വം എടുക്കാൻ വ്യക്തമായ യോഗ്യതകൾ /മാനദണ്ഡങ്ങൾ ഉണ്ടാകണം.
കൃഷിയെ ഉപജീവനമായി /ഗൗരവമായി കാണുന്നവർ ആണ് കൂട്ടത്തിലുള്ളവരെങ്കിൽ അതിന് സ്ഥായിയായ നിലനിൽപ് (sustainability) ഉണ്ടാകും.
3. അടുത്തടുത്ത് കൃഷിയിടങ്ങളുള്ളവരാണ് ഒരു സംഘത്തിലെങ്കിൽ അത് കൂടുതൽ കർഷക പങ്കാളിത്തം ഉറപ്പ് വരുത്തും. യോഗങ്ങൾ ആവശ്യമെങ്കിൽ കൃഷിയിടത്തിൽ വച്ച് തന്നെ കൂടാനും സാധിക്കും.
4. കൃഷിക്കൂട്ടത്തിന് ഒരു പൊതുനിയമാവലി ഉണ്ടാകണം. അതിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ അവർക്ക് സാധിക്കണം.
5. കൃഷിക്കൂട്ടങ്ങൾക്ക് ഒരു പേരും unique ആയ കോഡ് നമ്പറും ഉണ്ടാകണം. സംസ്ഥാനത്ത് ഒരു കോഡ് നമ്പർ ആ കൃഷിക്കൂട്ടത്തിന് മാത്രമേ ഉണ്ടാകാവൂ. അവരുടെ കേന്ദ്രം(locality ) Geo tag ചെയ്യുകയും വേണം.
6. ഒരു കൃഷിക്കൂട്ടത്തിൽ പരമാവധി അംഗസംഖ്യ നിജപ്പെടുത്തണം.
7. സംഘത്തിൽ ഉള്ളവരിൽ നിന്നും മാസ്റ്റർ കർഷകരെ തെരെഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകണം.
KHDP /VFPCK സ്വാശ്രയ സംഘങ്ങളിൽ ഉള്ളത് പോലെ ഉത്പാദനം, വായ്പ, വിപണനം, പരിശീലനം, മൂല്യ വർദ്ധനവ് എന്നീ കാര്യങ്ങളിൽ പൊതു ചുമതലകൾ നിർവ്വഹിക്കാനായി മാസ്റ്റർ കർഷകരെ തെരെഞ്ഞെടുക്കാം.
അവരുടെ കാലാവധി രണ്ട് /മൂന്ന് വർഷം ആക്കാം. കാലാവധി കഴിയുമ്പോൾ പുതിയ കർഷകരെ ആ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കാം. അപ്പോൾ പത്തോ പതിനഞ്ചോ വർഷത്തിനുള്ളിൽ എല്ലാവർക്കും ഒരു തവണയെങ്കിലും ആ പദവിയുടെ ചൂരും ചൂടും അറിയാൻ കഴിയും.
8. മാസത്തിൽ ഒരു യോഗമെങ്കിലും കൂടേണ്ടത് നിര്ബന്ധമാണ്. ആ യോഗത്തിൽ കൃഷിഭവനിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ എങ്കിലും പങ്കെടുത്തിരിക്കണം.
9. കൃഷിക്കൂട്ടത്തിന് ഹാജർ ബുക്ക്, മിനിട്സ് ബുക്ക്, അക്കൗണ്ട് ബുക്ക്, ആവശ്യമെങ്കിൽ ബാങ്ക് പാസ്സ്ബുക്ക്, സീൽ, ലെറ്റർ പാഡ് എന്നിവ ഉണ്ടായിരിക്കണം.
10. യോഗങ്ങൾക്ക് കൃത്യമായ അജണ്ട വേണം. യോഗത്തിൽ ഏതെങ്കിലും കർഷകൻ തന്നെ ആയിരിക്കണം അധ്യക്ഷൻ.മിനിട്സ് കൃത്യമായി രേഖപ്പെടുത്താൻ കർഷകരെ (ആവശ്യമെങ്കിൽ) പഠിപ്പിക്കണം.
11. കൃഷിക്കൂട്ടത്തിന് ഒരു കോമൺ ഫണ്ട് രൂപീകരിക്കണം. ആദ്യം ഒരു നിശ്ചിത തുക സ്വീകരിച്ചു കൊണ്ട് കൊണ്ട് തുടങ്ങുകയും പിന്നെ പ്രതിമാസയോഗങ്ങളിൽ നിശ്ചിത തുകകൾ അതിൽ നിക്ഷേപിക്കുകയും വേണം. അതിന്റെ കൃത്യമായ കണക്കുകൾ സൂക്ഷിക്കണം. ഓരോ അംഗത്തിനും പാസ്ബുക്കുകൾ നൽകണം. അതിൽ നിക്ഷേപം കൃത്യമായി രേഖപ്പെടുത്തുകയും വേണം.
13. ഈ ഫണ്ട് നിയമാവലിയ്ക്കു വിധേയമായി ഒന്നോ രണ്ടോ അംഗങ്ങൾക്ക് ഓരോ മാസവും നിശ്ചിത തുക usage fee ആയി അടുത്ത മാസം തിരികെ പിടിക്കണം. (Internal Lending) ആ മാസത്തെ തുകയും ചേർത്ത് അടുത്ത യോഗത്തിൽ മറ്റ് ആവശ്യക്കാർക്ക് നൽകണം.
14. കൃഷിക്കൂട്ടങ്ങളെ ഗ്രേഡ് ചെയ്ത് ബാങ്കുകളുമായി ലിങ്ക് ചെയ്തു ലഘുവായ്പ പദ്ധതികൾക്ക്(Linkage Loan) രൂപം കൊടുക്കണം.
15. ഓരോ യോഗത്തിലും ആ മാസത്തെ പ്രധാനപ്പെട്ട കൃഷിപ്പണികളെക്കുറിച്ച് ചർച്ച ചെയ്യണം.
16. ഓരോ അംഗവും കേരള കർഷകൻ, നാളീകേര ജേർണൽ, സ്‌പൈസ് ഇന്ത്യ പോലെയുള്ള പ്രസിദ്ധീകരണങ്ങളുടെ വരിക്കാർ ആകണം.
17. ഓരോ സീസണും തുടങ്ങുന്നതിന് മുൻപ് മണ്ണ് പരിശോധന ക്യാമ്പുകൾ നടത്തണം. മണ്ണ് പരിശോധന റിപ്പോർട്ടുകൾ ഗ്രൂപ്പിൽ ചർച്ച ചെയ്യണം.
കുമ്മായം പോലെയുള്ള വസ്തുക്കൾ കൂട്ടായി വില പേശി വാങ്ങാൻ തീരുമാനം എടുക്കണം.
18. ആവശ്യമായ വിത്തുകളും നടീൽ വസ്തുക്കളും ഏറ്റവും വില കുറച്ച് കിട്ടുന്ന സ്ഥലത്ത് നിന്നും കൂട്ടായി വാങ്ങണം.
19. യോഗങ്ങളിൽ വല്ലപ്പോഴും ജന പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ (കൃഷി, മൃഗ സംരക്ഷണം, മത്സ്യ വകുപ്പ്, ക്ഷീര വികസന വകുപ്പ്, മണ്ണ് സംരക്ഷണ -മണ്ണ് പര്യവേഷണ വകുപ്പ്, വ്യവസായ വകുപ്പ്) ഉദ്യോഗസ്ഥരെയും VFPCK, KVK, കാർഷിക സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ , ICAR ഗവേഷണ കേന്ദ്രങ്ങളിലെ വിദഗ്ധർ എന്നിവരെ പങ്കെടുപ്പിക്കണം.
20. വർഷത്തിൽ ഒരിക്കൽ ഒരു കർഷക പരിശീലന പരിപാടിയും വാർഷികാഘോഷവും സംഘടിപ്പിക്കാം.അതിനുള്ള ഫണ്ടുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നൽകിയാൽ നന്നായിരിക്കും.
21. ഈ വാർഷിക യോഗങ്ങളിൽ സംഘങ്ങളിലെ കർഷകരുടെ മികച്ച വിജയം നേടിയ മക്കൾക്ക് ചെറിയ സമ്മാനങ്ങൾ നൽകാം.
22. വിള ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, കർഷക ക്ഷേമനിധി അംഗത്വം എന്നിവ പ്രോത്സാഹിപ്പിക്കാം.
22. വിവിധ വകുപ്പുകളുടെ പദ്ധതികളെ കുറിച്ച് ഓരോ യോഗത്തിലും ചർച്ച ചെയ്യാം. ആവശ്യമായ അപേക്ഷകൾ കൂട്ടായി അതാത് ഓഫീസുകളിൽ നൽകാം.
23. കൃഷി വകുപ്പ് വിതരണം ചെയ്യുന്ന വിത്തുകളും നടീൽ വസ്തുക്കളും യോഗത്തിൽ വച്ച് വിതരണം ചെയ്യാം.
24. വിളവെടുക്കാൻ പോകുന്ന ഉത്പന്നങ്ങളുടെ അളവ് നേരത്തേ തന്നെ അറിയിച്ച് വേണ്ട വിപണന ക്രമീകരണങ്ങൾ നടത്താം.
25. Production Planning, Procurement Planning എന്നിവയ്ക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കാം.
26. ഓരോ കർഷകന്റെയും വായ്പ ആവശ്യങ്ങൾ വിലയിരുത്തി, യോഗത്തിൽ ബാങ്ക് ഉദ്യോഗസ്ഥരെ ക്ഷണിച്ച് കിസാൻ ക്രെഡിറ്റ് കാർഡ്, term ലോണുകൾ, Agriculture Infrastructure Fund തുടങ്ങിയ പദ്ധതികൾ പ്രയോജനപ്പെടുത്താം.
27. ഓരോ വിളകൾക്കും ഓരോ മാസവും ചെയ്യേണ്ട 'ഉത്തമ കാർഷിക മുറകൾ '(Good Agricultural Practices) എന്നിവ കൃഷി ഉദ്യോഗസ്ഥർ യോഗത്തിൽ അവതരിപ്പിക്കാം.
28. കൂട്ടായ കൃഷിയിട സന്ദർശനത്തിലൂടെ ആരൊക്കെയാണ് നന്നായി കാര്യങ്ങൾ ചെയ്യുന്നതെന്നും ഉഴപ്പുന്നതെന്നും വിലയിരുത്താം.
ഇങ്ങനെ നോക്കിയാൽ, ഗ്രൂപ്പുകൾ വഴി അനന്തമായ സാദ്ധ്യതകൾ ഉണ്ട്.അത് ഒരു തരത്തിൽ വകുപ്പിന്റെ പ്രവർത്തങ്ങൾക്ക് കൂടുതൽ സുതാര്യതയും സ്വീകാര്യതയും നൽകും.
ഒരു വാർഡിൽ ഒന്ന് എന്ന നിഷ്കർഷകളൊന്നും വേണ്ട എന്ന് തോന്നുന്നു. കൃഷി കൂടുതൽ ഉള്ള സ്ഥലങ്ങളിൽ കൂടുതൽ കൃഷിക്കൂട്ടങ്ങൾ ആകാം.
നെല്ല്, വാഴ, പച്ചക്കറികൾ, തെങ്ങ്, സുഗന്ധ വ്യഞ്ജന വിളകൾ, സമ്മിശ്ര കൃഷി (Integrated Farming)എന്നിങ്ങനെ പൊതു താല്പര്യം (Common Interest) ഉള്ള ഗ്രൂപ്പുകൾ ആകുമ്പോൾ അവയ്ക്ക് ആയുസ്സും ഓജസ്സും കൂടും.
(1998 മുതൽ 2004വരെ KHDP /VFPCK സമാനമായ സംവിധാനത്തിൽ പ്രവർത്തിച്ച ആൾ എന്ന നിലയിൽ എന്റെ അനുഭവങ്ങൾ കൂടിയാണിത്).
ഉത്പാദന വർദ്ധനവിനുള്ള ധാരാളം സാങ്കേതിക വിദ്യകൾ ഇന്നും ശരാശരി കർഷകൻ ചെയ്യുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
സർക്കാർ കൊടുക്കുന്ന ധനസഹായങ്ങൾ ഒരു കൃഷിക്കാരൻ പൊതു സമൂഹത്തിന് വേണ്ടി ഉണ്ടാക്കിയ ഉത്പന്നങ്ങളുടെ മൂല്യത്തിനനുസരിച്ചു ആയിരിക്കണം എന്നാണ് എന്റെ അഭിപ്രായം. അത് തിട്ടപ്പെടുത്താൻ ഉള്ള മാർഗങ്ങൾ /സംവിധാനങ്ങൾ വേണം.
ഒരു പരിധിവരെ ഇത്തരം കണക്കെടുപ്പുകൾ കർഷക ഗ്രൂപ്പുകളിലൂടെ സാധിക്കും.
ഗ്രൂപ്പ് യോഗങ്ങളിൽ വച്ച് ഉത്പാദനത്തെ ക്കുറിച്ചുള്ള കണക്കുകൾ ശേഖരിക്കുമ്പോൾ കള്ളങ്ങൾ പറയാനുള്ള പ്രവണത കുറയും.
പിന്നെ കൃഷി വകുപ്പിന്റെ സംവിധാനങ്ങളിലൂടെ ആണ് വിപണനം എങ്കിൽ കൃത്യമായ കണക്കും കിട്ടും. (വിറ്റ നെല്ലിന്റെ കണക്ക് സപ്ലൈകോ യുടെ പോർട്ടലിൽ നിന്നും ലഭിക്കുന്നത് പോലെ ).
കൃഷിയുടെ 'മേഖലാ വികസന' ത്തിന് (Sector Development )പൊതു ഫണ്ടുകൾ ചെലവഴിക്കണം . അത് കർഷകരുടെ അഭീഷ്ടം മുൻ നിർത്തി ആകണം.
വിപണനത്തിനും ചരക്ക് നീക്കത്തിനും കൂടുതൽ ഫണ്ടുകൾ ചെലവഴിക്കണം.
കൃഷി വിസ്തൃതി അല്ല മൊത്തം ഉത്പാദിപ്പിച്ച വസ്തുക്കളുടെ മൂല്യം നോക്കി ആയിരിക്കണം ആനുകൂല്യങ്ങൾ നൽകേണ്ടത്. അങ്ങനെ വരുമ്പോൾ ഗവേഷണ കേന്ദ്രങ്ങളിൽ ഉറങ്ങുന്ന സാങ്കേതിക വിദ്യകൾ തേടി കർഷകർ എത്തും. ഗവേഷകർക്ക് ഉറക്കം നഷ്ടപ്പെടും. ഈടുറ്റ കണ്ടു പിടുത്തങ്ങൾ നടത്താൻ ഗവേഷണ കേന്ദ്രങ്ങൾ നിർബന്ധിതരാകും.
കൃഷി വകുപ്പ് കൂടുതൽ ഊർജസ്വലമാകട്ടെ, കൃഷിക്കൂട്ടങ്ങളിലൂടെ...
അഭിപ്രായങ്ങൾ ക്ഷണിച്ചു കൊള്ളുന്നു.
പ്രമോദ് മാധവൻ