മഴക്കാലമായതോടെ ഉറുമ്പുകൾ അവയുടെ താവളം വീടുകളുടെ ഉള്ളിലേക്ക് മാറ്റും. വീടുകൾക്കുള്ളിൽ ഇവയുടെ നിരനിരയായുള്ള സഞ്ചാരം കാണാം. രാസകീടനാശിനി പ്രയോഗിക്കാതെതന്നെ ഇവയെ നിയന്ത്രിക്കാം. 75 ഗ്രാം പഞ്ചസാര പൊടിച്ചത് ഒരു പേപ്പറിൽ നിരത്തുക. അതിന്റെ മുകളിലേക്ക് ബോറിക് ആസിഡ് 20 ഗ്രാം വിതറുക. (ബോറിക് ആസിഡ് 20ഗ്രാം പായ്ക്കറ്റായി മെഡിക്കൽ ഷോപ്പിൽ ലഭ്യമാണ്). നന്നായി ഇളക്കിച്ചേർത്തശേഷം ഉറുമ്പ് പോകുന്ന വഴികളിൽ ഓരോ ടീസ്പൂൺ വീതം വയ്ക്കുക. തിന്നുതീർക്കുന്നതനുസരിച്ച് കൂടുതൽ ഇട്ടുകൊടുക്കുക. 2–3 ദിവസംകൊണ്ട് ഉറുമ്പുകൾ അപ്രത്യക്ഷമാ കും. ഈ മിശ്രിതം ഉണ്ടാക്കി ഒരു കുപ്പിയിൽ ഈർപ്പം കടക്കാതെ സൂക്ഷിച്ചുവച്ചാൽ ഉറുമ്പുകൾ വീടിനുള്ളിൽ കയറുമ്പോൾതന്നെ പ്രയോഗിക്കാം. നനവ് വരാത്ത എവിടെയും പ്രയോഗിക്കാം. നീറ് ഒഴികെയുള്ള എല്ലാത്തരം ഉറുമ്പുകളെയും ഈ രീതിയിൽ നിയന്ത്രിക്കാം എന്നത് അനുഭവം. ഇതേ മിശ്രിതത്തിൽ കുറച്ച് ഗോതമ്പുപൊടി ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് മുട്ടയുടെ വെള്ള പതപ്പിച്ച് ദ്രാവകരൂപത്തിലാക്കി ചേർത്ത് വളരെ ചെറിയ ഉരുളകളാക്കി പാറ്റ വരുന്നതിന് സാധ്യതയുള്ള സ്ഥലങ്ങളിൽ വച്ചാൽ പാറ്റയെയും നശിപ്പിക്കാം.