ഈ ഭൂമിയിൽ ഞങ്ങൾക്കും ജീവിക്കേണ്ടേ എന്ന് ഫംഗസ്സുകൾ(കുമിളുകൾ ) ചോദിക്കുന്നു.
കുമിളുകൾ എന്ന് കേൾക്കുമ്പോൾ സാധാരണക്കാരന്റെ മനസ്സിൽ വരിക, മഴക്കാലത്ത് പുരയിടത്തിൽ പൊടിഞ്ഞുവരുന്ന ചെറുകൂണുകൾ ആണ്. അതേ അവയും ഫംഗസ്സുകൾ തന്നെയാണ്. ഇവയെല്ലാം തന്നെ Saprophytes എന്ന വിഭാഗത്തിൽ പെടുന്നവയാണ്. സ്വന്തമായി ആഹാരം പാകം ചെയ്യാൻ കഴിവില്ലാത്ത ചെടികളാണ് അവ എന്ന് പറയാം. സ്വന്തമായി ഭക്ഷണം ഉണ്ടാക്കണമെങ്കിൽ ഹരിതകം വേണം. ഇവർക്കതില്ല. ആയതിനാൽ മറ്റുള്ളവർ ഉണ്ടാക്കുന്ന ആഹാരം മോഷ്ടിച്ചു കാലക്ഷേപം കഴിക്കുന്നു.
ഇവരിൽ ഉപകാരികളും ഉപദ്രവകാരികളും ഉണ്ട്. യീസ്റ്റ് ഉപകാരിയായ ഫംഗസ് ആണ്. Sachaaromyces എന്നറിയപ്പെടുന്നു. പലതരം ആന്റിബയോട്ടിക്കുകൾ ഉത്പാദിപ്പിക്കാൻ ഫംഗസുകളെ ഉപയോഗിക്കുന്നു. കൂണുകൾ (Mushrooms )ഫംഗസ്സുകൾ ആണ്.VAM എന്നത് ഒരുതരം ഫംഗസ് ആണ്. ട്രൈക്കോഡെർമ്മ, ബ്യൂവേറിയ, മെറ്റാറൈസിയം, ലെക്കാനിസിലിയം എല്ലാം തന്നെ പലതരം ഫംഗസ്സുകൾ ആണ്. എല്ലാവരും ഉപകാരികൾ ആണ്.
അത് പോലെ ഉപദ്രവകാരികൾ ആയ നിരവധി ഫംഗസ്സുകൾ കർഷകന്റെ നടുവൊടിയ്ക്കുന്നു. കേരളത്തിൽ കർഷകർക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നത് ഫയ്റ്റോഫ്തോറ എന്ന ഫംഗസ്. തെങ്ങിന്റെ മണ്ട ചീയൽ, കുരുമുളകിലെ ദ്രുത വാട്ടം, കവുങ്ങിലെ മാഹാളിയുടെ ഒക്കെ കാരണം Phytophthroa ആണ്.
അപ്പോൾ പറയാൻ വന്ന കാര്യം, ഇങ്ങനെ ഇടവിട്ട് മഴയും വെയിലും നിൽക്കുന്ന സമയമാണ് കുമിൾ രോഗങ്ങളുടെ പുഷ്കലകാലം.
പച്ചക്കറികളിലും പഴവർഗ്ഗങ്ങളിലും വാഴയിലും ഒക്കെ ഇവർ വരും.
അതിനെ വരുത്തിയിലാക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം.
1. മണ്ണിന്റെ pH എപ്പോഴും ആറിനും ഏഴിനും ഇടയിൽ നിർത്തണം. ആ തരത്തിൽ കുമ്മായപ്രയോഗം വേണ്ടി വരും.
2. കോശഭിത്തികൾ ബാലപ്പെടുത്താൻ Calcium നൈട്രേറ്റ് (5ഗ്രാം /ലിറ്റർ വെള്ളം ), Solubor (2ഗ്രാം /ലിറ്റർ വെള്ളം )എന്നിവ പൂക്കാൻ തുടങ്ങുന്നതിനു മുൻപ് രണ്ട് തവണ ചെയ്യാം.
3. സൂക്ഷ്മ മൂലകക്കുറവ് ചെടിയുടെ രോഗ പ്രതിരോധ ശേഷി കുറയ്ക്കും. അതിനാൽ മണ്ണ് പരിശോധനയുടെയുടെ അടിസ്ഥാനത്തിൽ കുറവുണ്ടെങ്കിൽ പരിഹരിച്ചു പോകണം
4. പൊട്ടാസ്യം ആവശ്യത്തിന് ഇടയ്ക്കിടയ്ക്ക് മേൽ വളമായി നൽകണം. Sulphate of Potash 5ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിയ്ക്കാം.
5. തോട്ടത്തിലെ കളകൾ അപ്പപ്പോൾ നീക്കം ചെയ്യണം.
6. ശരിയായ അകലത്തിൽ ആയിരിക്കണം ചെടികൾ നടേണ്ടത്. നല്ല വെയിലും ഉറപ്പ് വരുത്തണം.
7. ആദ്യം ആദ്യം ഇലകളിൽ പുള്ളി രോഗം കാണുമ്പോൾ അവ പറിച്ച് തീയിൽ ഇടണം. പ്രായം ചെന്ന ഇലകൾ ചെടിയിൽ നിന്നും അപ്പപ്പോൾ നീക്കം ചെയ്യണം.
8. ചെടിച്ചുവട്ടിൽ നീർ വാർച്ച ഉറപ്പ് വരുത്തണം.
9. തടങ്ങളിൽ സമ്പുഷ്‌ടീകരിച്ച Trichoderma -ചാണകപ്പൊടി -പൊടിച്ച വേപ്പിൻ പിണ്ണാക്ക് മിശ്രിതം ചേർത്ത് കരിയിലകൾ കൊണ്ടു പുതയിട്ട് കൊടുക്കണം.
10. രണ്ടാഴ്ച കൂടുമ്പോൾ 2% വീര്യത്തിൽ സ്യുഡോമോനാസ് ഇലകളിലും തടത്തിലും കൊടുക്കണം.
11. ആവശ്യമെങ്കിൽ കുമിൾ നാശിനികളായ Copper Oxy Chloride, Copper Hydroxide, Mancozeb, Carbendazim, Propiconazole എന്നിവ ശരിയായ ഡോസിൽ ഒരു വിദഗ്ധനന്റെ നിർദേശപ്രകാരം ഉപയോഗിക്കണം.
ഒരു ചെടിയ്ക്ക് നഷ്ടപെടുന്ന ഓരോ ഇലയും അതിന്റെ വിളവ് കുറയ്ക്കും.
ഒരു ഇല പോയാൽ ഒരു കായ പോയി എന്ന് കരുതണം.
✍🏻 പ്രമോദ് മാധവൻ