സുവർണകാലത്തിന്റെ നിഴലുപോലെ വനിലകൃഷി തുടരുന്ന അപൂർവം കർഷകർ ഇപ്പോഴും നമുക്കിടയിലുണ്ട്. അമിത ലാഭപ്രതീക്ഷകളോ വ്യാമോഹങ്ങളോ ഒന്നുമല്ല അവരെ നയിക്കുന്നത്. വനിലയ്ക്കായി വൻതോതിൽ മുതലിറക്കാനും കൂടുതൽ സ്ഥലം മാറ്റിവയ്ക്കാനും അവർ തുനിയുന്നുമില്ല. സമ്മിശ്രകൃഷിയിടത്തിൽ വനില കൂടി ഇടം നൽകുന്നത് ചെറുതല്ലാത്ത നേട്ടം നൽകുമെന്ന ചിന്തയാണ് അവരെ നയിക്കുന്നത്.
കോവിഡ് കാലത്താണ് വനിലയുടെ രണ്ടാം വരവിന്റെ കൊടിയേറ്റം. തുടർന്നുള്ള 2-3 വർഷത്തിനിടെ മലയോരമേഖലയിൽ പലരും മുൻകൃഷിയുടെ ബാക്കി കിടന്ന വനിലവള്ളികൾ വീണ്ടും പടർത്താൻ തുടങ്ങി. വനിലയെ തോട്ടത്തിൽനിന്നു തീർത്തും ഒഴിവാക്കിയവരും രോഗബാധ വന്നു ചെടികൾ നശിച്ചവരും അഞ്ചും പത്തും വള്ളികൾ ഒപ്പിച്ച് വീണ്ടും നട്ടു. ഇവരുടെ നോട്ടം വിപണിയുടെ തിരിച്ചുവരവിലും തെറ്റില്ലാത്ത വിലയിലും തന്നെ.
കുങ്കുമത്തിനു തൊട്ടു പിന്നിൽ, ലോകത്തെ രണ്ടാമത്തെ വിലയേറിയ സുഗന്ധവിളയെന്ന പെരുമയോടെ 2 പതിറ്റാണ്ടു മുൻപ് സംസ്ഥാനത്തു തരംഗം സൃഷ്ടിച്ച വനില വളരെപ്പെട്ടെന്നാണ് കളം വിട്ടത്. വൻതോതിൽ മുതലിറക്കി വേലിയും മതിലും കാവലുമെല്ലാം തീർത്ത് കനകത്തേക്കാൾ കരുതലോടെയായിരുന്നു കൃഷി. അതുകൊണ്ടുതന്നെ വിലയും വിപണിയും ഇടിഞ്ഞപ്പോൾ കഠിനമായി കയ്ച്ചു വനില. എന്നാൽ രണ്ടാം വരവിൽ അകമ്പടിയായി ആനയും അമ്പാരിയുമൊന്നുമില്ല. സമ്മിശ്രകൃഷിയിടത്തിൽ ഇടവിളയായി ഒതുക്കത്തിൽ അമ്പതോ നൂറോ ചുവടുമായി തുടക്കം. വിലയും ഡിമാൻഡുമേറിയാൽ തണ്ട് മുറിച്ചു നട്ട് വിപുലമാക്കാമെന്ന പ്രതീക്ഷ.
വീണ്ടും വിപണി
കോവിഡ് കാലത്തിനു തൊട്ടു മുൻപാണ് പച്ച ബീൻസിന് കിലോയ്ക്ക് 3000 മുതൽ 3500 രൂപവരെ വാഗ്ദാനം ചെയ്ത് കച്ചവടക്കാർ സജീവമായത്. 2-3 വർഷമായി കിലോയ്ക്ക് 1300-1500 രൂപയിൽ തുടരുന്നുണ്ടെന്നു കർഷകർ പറയുന്നു. നല്ല കാലത്തു നട്ട വനിലവള്ളികൾ നിലനിർത്തിയവർക്കും വനില ബീൻസ് സംസ്കരിച്ചു സൂക്ഷിച്ചവർക്കും മികച്ച വില കിട്ടി. ഒന്നാം വട്ട കൃഷിയിൽ പ്രലോഭനമായത് വൻ വിലയെങ്കിൽ രണ്ടാം വട്ടം വിലയ്ക്ക് രണ്ടാം സ്ഥാനമേ കർഷകർ നൽകുന്നുള്ളൂ. വനില തേടിയെത്തുന്ന കച്ചവടക്കാരല്ലാതെ ചില്ലറ/മൊത്ത സംഭരണകേന്ദ്രങ്ങളൊന്നും ഒരിടത്തുമില്ല. അതുകൊണ്ടു കരുതലോടെ വേണം കൃഷിയെന്ന് അവർ തിരിച്ചറിയുന്നുമുണ്ട്. മറിച്ച്, പരിപാലനം കുറവായ വനില ഇടവിളയായി നിലനിർത്തുന്നത് നഷ്ടമല്ലെന്ന ചിന്തയിലാണ് കർഷകർ.
പ്രകൃതിദത്ത വനിലയുടെ നല്ല പങ്കും ഇപ്പോഴും മഡഗാസ്കറിന്റെ സംഭാവന തന്നെ. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി പ്രകൃതിദത്ത വനിലയ്ക്ക് ആവശ്യകത വർധിക്കുകയാണെന്ന് വിപണി നിരീക്ഷകർ പറയുന്നു. ആഗോള ഭക്ഷ്യവിപണിയുടെ വളർച്ചയും പ്രകൃതിദത്ത ഭക്ഷ്യോൽപന്നങ്ങളോടുള്ള താൽപര്യവും സ്വാഭാവിക വനിലയുടെ മൂല്യം ഇനിയും ഉയർത്താം. ആഗോള ഭക്ഷ്യ-പാനീയ വ്യവസായത്തിൽ ഏറ്റവും മൂല്യമുള്ള "ഫ്ലേവർ' വനില തന്നെ. "ഓർഗാനിക്/നാച്ചുറൽ' ഉൽപന്ന വിപണിയുടെ വളർച്ചയും വനിലയ്ക്ക് അനുകൂലമാകുന്നുണ്ട്. മഡഗാസ്കറും മെക്സിക്കോയും ഉൾപ്പെടെ ഉൽപാദകരാജ്യങ്ങൾ കൃഷിയും ഉൽപാദനവും വർധിപ്പിക്കാൻ ശ്രമിക്കുന്നതും ഈ സാധ്യത കണ്ടുതന്നെ.
ഇടവിളയെന്ന നിലയിൽ കർഷകപ്രീതി തിരിച്ചുപിടിച്ച് കൊക്കോയും
തുടക്കത്തിൽ ലഭിച്ച താരമൂല്യം പിന്നീട് ഇടിഞ്ഞുപോയെങ്കിലും ഇടുക്കി ഉൾപ്പെടെ പശ്ചിമഘട്ട മലനിരകളിലെ കർഷകർ ഒരു കാലത്തും കൊക്കോയെ പൂർണമായി കയ്യൊഴിഞ്ഞിട്ടില്ല . 4-5 വർഷം മുൻപു വരെയുള്ള നില നോക്കിയാൽ പച്ച കൊക്കോക്കുരു കിലോയ്ക്ക് 35-40 രൂപയും പരിപ്പിനു ശരാശരി 140 രൂപയുമായി വിലയിൽ കാര്യമായ തകർച്ചയില്ല. എന്നാൽ 2-3 കൊല്ലമായി കൊക്കോ വിപണി കുതിപ്പിലാണ്. പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ കൃഷിക്കുണ്ടായ പ്രതിസന്ധി മുതൽ ആഗോള ചോക്ലേറ്റ് ഉൽപാദനത്തിലെ വർധനവരെ ഇതിനു കാരണമാണ്. നിലവിൽ പച്ചക്കുരുവിന് ശരാശരി 65 രൂപയും സംസ്കരിച്ച പരിപ്പിന് 230 രൂപയും സംസ്ഥാനത്തു ലഭിക്കുന്നുണ്ട്. ജൈവരീതിയിൽ വിളയിച്ച പച്ചക്കുരു കിലോയ്ക്ക് 88 രൂപയ്ക്കുവരെ സംഭരണം നടക്കുന്ന പ്രദേശങ്ങളുമുണ്ട്. ഭാവിയിൽ ശുഭപ്രതീക്ഷയാണ് വിപണി നിരീക്ഷകർക്കും.
വില ഉയർന്നതുകൊണ്ടു മാത്രമാണ് കൊക്കോയോടു കർഷകർ താൽപര്യം കാണിക്കുന്നതെന്നു പറയാനാവില്ല. ഇതര വിളകളുടെ വിലത്തകർച്ചയും ഒരു കാരണമാണ്. ബമ്പർ നേട്ടമുണ്ടാക്കിയ വിളകൾ പലതും
നിരാശപ്പെടുത്തിയപ്പോൾ ചുറ്റുവട്ടത്തു വിപണിയും തരക്കേടില്ലാത്ത വിലയുമുള്ള കൊക്കോയെ തിരിച്ചു വിളിക്കാൻ പലരും തീരുമാനിച്ചു. റബറിനു ബമ്പർ വില വന്നതോടെ പല
സമ്മിശ്രകൃഷിയിടങ്ങളും
റബർത്തോട്ടമായി മാറിയിരുന്നു. ഇന്നാകട്ടെ, റബർത്തോട്ടത്തിൽ പലരും കൊക്കോ ഇടവിളയാക്കുന്നു. തേങ്ങാവില ഇടിഞ്ഞതോടെ തെങ്ങിൻതോപ്പുകളിൽ കൊക്കോ ഇടവിളയാക്കുന്നതു പാലക്കാട് ജില്ലയിൽ കാണാം.
• ജൈവ കോക്കോ
ജൈവ കൊക്കോക്കുരുവിന്റെ ആവശ്യം വർധിക്കുന്നു. ഉയർന്ന വിലയുള്ള പ്രീമിയം ചോക്ലേറ്റുകളുടെ നിർമാണത്തിനു ജൈവ കൊക്കോ തേടുന്ന കമ്പനികളുണ്ട്. സാധാരണഗതിയിൽത്തന്ന രാസവളപ്രയോഗം പരിമിതമാണിതിന്. ഏതാണ്ട് 80 ശതമാനവും ജൈവകൃഷി തന്നെ. എന്നാൽ ഇതര വിളകൾക്കുള്ള രാസവളപ്രയോഗം മൂലം ഇടവിളയായ കൊക്കോയെ ജൈവോൽപന്നമായി കണക്കാക്കാനാവില്ല.
അതേസമയം കൃഷിയിടം പൂർണമായും ജൈവരീതിയിൽ പരിപാലിച്ച് പച്ചക്കുരുവിന് കിലോ 20 രൂപ വരെ അധിക വില നേടുന്നവർ കേരളത്തിലുണ്ട്. തട്ടുതട്ടായി വളരുന്ന കൊക്കോയ്ക്ക് വർഷത്തിൽ 2 പ്രൂണിങ് (കമ്പുകോതൽ) പ്രധാനമാണ് അതല്ലെങ്കിൽ നട്ട് 5-6 വർഷത്തിനുള്ളിൽ ചെടി 8-12 മീറ്റർ ഉയരമെത്തും. കാര്യമായ പരിപാലനമില്ലാതിരുന്ന പല തോട്ടങ്ങളിലും കൊക്കോയുടെ സ്ഥിതിയിങ്ങനെയാണ്. എന്നാൽ കർഷകർ മനസ്സു മാറ്റിത്തുടങ്ങി. ഒന്നും ചെയ്യാതെ കിട്ടുന്നതു മതിയെന്ന മനോഭാവം ഉപേക്ഷിച്ച് പ്രൂണിങ്ങും വളപ്രയോഗവുമൊക്കെ മടങ്ങിവരികയാണ്.
കഷ്ടകാലം കടന്ന് കാട
കോവിഡ് കാലത്ത് ഏറക്കുറെ സ്തംഭിച്ചുപോയി കാടവളർത്തൽ. പിടിവിട്ടു കുതിച്ച് തീറ്റവിലയായിരുന്നു കാരണം. പലരും പൂർണമായിത്തന്നെ ഉപേക്ഷിച്ചു. കാടമുട്ടയ്ക്കു വിപണിയുണ്ടെങ്കിലും തീറ്റവിലയിലെ വൻ വർധന ലാഭം തീരെയില്ലാതാക്കിയെന്ന് കർഷകർ. തീറ്റവിലയ്ക്ക് ആനുപാതികമായി മുട്ടവില ഉയർത്താൻ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. എന്നാൽ ഇപ്പോൾ സ്ഥിതി ഏറെ മെച്ചപ്പെട്ടു. തീറ്റവില കുറയുകയും മുട്ടയ്ക്കു ലഭിക്കുന്ന വില വർധിക്കുകയും ചെയ്തതോടെ പലരും തിരിച്ചുവരികയാണ്.
കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ നേട്ടം എന്നതാണ് കാടയുടെ ആകർഷണം. ഒരു മുട്ടക്കോഴിക്കു വേണ്ട സ്ഥലത്ത് 8-10 കാടകളെ വളർത്താം. അതുകൊണ്ട് തുണ്ടുഭൂമികളിൽ താമസിക്കുന്ന വർക്കും കാടകൃഷി ചെയ്യാം. നിത്യവും വരുമാനം എന്നതും മെച്ചം. കാര്യമായ മുതൽമുടക്കില്ലാതെ തുടങ്ങാമെന്നതും വിപണി വിപുലമാകുന്നതനുസരിച്ച് കാടകളുടെ എണ്ണവും അതു വഴി വരുമാനവും കൂട്ടാമെന്നതും അനുകൂല ഘടകങ്ങൾ.
മുട്ട വിൽപനയ്ക്കായി കാടയെ വളർത്തുന്നവർ 22-24 ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഹാച്ചറികളിൽനിന്നു വാങ്ങുന്നത്. 40-45 ദിവസം വളർച്ചയാകുമ്പോൾ മുട്ട ലഭിച്ചു തുടങ്ങും. വൈകാതെ മുട്ടയുൽപാദനം സ്ഥിരതയിലെത്തും. അതായത്, 1000 കാടയുണ്ടെങ്കിൽ ദിവസം 800-850 മുട്ട ലഭിക്കും. മുട്ടയൊന്നിന് ഇന്നു കർഷകർക്ക് 2.75 രൂപവരെ ലഭിക്കുന്നുണ്ട്. കാടയൊന്നിന് ദിവസം 30 ഗ്രാം തീറ്റ വച്ച് കണക്കാക്കിയാൽ 1000 കാടയ്ക്ക് 30 കിലോ തീറ്റ. കിലോയ്ക്ക് 40 രൂപ നിരക്കിൽ തീറ്റച്ചെലവ് ദിവസം 1200 രൂപ. 1000 കാടകളെ പരിപാലിക്കുമ്പോൾ ദിവസം ഒന്നെങ്കിലും ചാകാം. വാങ്ങിയ വിലയും തീറ്റച്ചെലവും കൂട്ടി നഷ്ടം 60 രൂപയെന്നു കണക്കിടാം. മുട്ട വിൽപനയ്ക്കുള്ള യാത്രച്ചെലവ് ദിവസം ശരാശരി 100 രൂപ. അതു കിഴിച്ചാലും 1000 കാടയിൽനിന്ന് ദിവസം 1000 രൂപ കയ്യിലെത്തും. ഒരു കാട വർഷം 300 മുട്ട നൽകും. അതിനുശേഷം ഇറച്ചിക്കായി വിൽക്കുമ്പോൾ വാങ്ങിയ വിലയ്ക്കടുത്തുതന്നെ വിൽക്കാം. എന്നാൽ 1000 കാടയിലേക്ക് എത്തുന്നത് പടിപടിയായി വേണം. 200-300 കാടയിൽ തുടങ്ങി വിപണി ലഭിക്കുന്നതിന് അനുസരിച്ച് എണ്ണം കൂട്ടാം.