സബ്സിഡിയുടെ മുഖം മാറ്റിയ സ്മാം
ഒരു ദശകത്തിനുള്ളിൽ കൃഷിക്കാര്‍ ഏറ്റവും പ്രയോജനപ്പെടുത്തിയ സബ്സിഡിയും ഇതുതന്നെ – സ്മാം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ പദ്ധതിയിലൂടെ മുൻപുണ്ടാകാത്ത മുന്നേറ്റമാണ് കേരളത്തില്‍ കാര്‍ഷിക യന്ത്രവല്‍ക്കരണത്തിലുണ്ടായത്. ട്രാക്ടറിലും ടില്ലറിലും മാത്രം ഒതുങ്ങിനിന്ന കേരളത്തിലേക്ക് കോടിക്കണക്കിനു രൂപയുടെ കാർഷികയന്ത്രങ്ങൾ ഏതാനും വർഷങ്ങൾക്കുള്ളിൽ എത്തി. കുറ്റങ്ങളും കുറവുകളുമൊക്കെ ഈ പദ്ധതിയിലുമുണ്ടാകും. എന്നാൽ മറ്റൊരു സബ്സിഡിക്കും സൃഷ്ടിക്കാനാവാത്ത വിധം കേരളത്തിലെ കൃഷിക്ക് ആധുനിക മുഖം നൽകാൻ ഈ പദ്ധതി ഉപകരിച്ചിട്ടുണ്ട്.
അറിയണം ബാറ്ററി യന്ത്രങ്ങളെ
പെട്രോളിലും ഡീസലിലുമൊക്കെ പ്രവർത്തിക്കുന്ന കാർഷികയന്ത്രങ്ങൾ ബാറ്ററിയിലേക്കു ചുവടുമാറുന്ന കാലമാണിത്. പലതിന്റെയും ബാറ്ററി മോഡലുകൾ വന്നുകഴിഞ്ഞു. ലിഥിയം അയൺ ബാറ്ററി ഘടിപ്പിച്ച മൾട്ടി പർപ്പസ് പവർഹെഡാണ് ഇവയുടെ കാതലായ ഭാഗം. മുക്കാൽ മണിക്കൂർ ചാർജ് ചെയ്താൽ അതിന്റെ ഇരട്ടി സമയം പ്രവർത്തിപ്പിക്കാവുന്ന യന്ത്രങ്ങളുണ്ട്. ബ്രഷ് കട്ടർ, എഡ്ജി ട്രിമ്മർ, ഗ്രൗണ്ട് ട്രിമ്മർ, ബോൾ ഹെഡ്ജ് ട്രിമ്മർ, പോൾ സോ, കൾട്ടിവേറ്റർ, കോഫി ഹാർവെസ്റ്റർ , റോട്ടറി സിസ്സർ, ബ്ലോവർ എന്നിവയുടെയൊക്കെ ബാറ്ററി മോഡൽ വന്നുകഴിഞ്ഞു.
ഇതൊക്കെയാണെങ്കിലും കേരളത്തിലെ കർഷകരിൽ നല്ല പങ്കും ഈ യന്ത്രസാധ്യതകള്‍ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല. അവയൊക്കെ വൻകിട കർഷകര്‍ക്കുള്ളതാണെന്നാണ് പലരുടെയും ചിന്ത. എന്നാല്‍ ചെറുകിട കർഷകർക്കും പാർട് ടൈം കർഷകർക്കും അധ്വാനഭാരം കുറയ്ക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഉതകുന്ന ഒട്ടേറെ ചെറുയന്ത്രങ്ങള്‍ ഇന്നു വിപണിയിലുണ്ട്. വലിയ വൈദഗ്ധ്യമില്ലാത്തവർക്കുപോലും പ്രവർത്തിപ്പിക്കാവുന്നവയാണ് പലതും. സ്വന്തം ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും ചേർന്ന ചെറുയന്ത്രങ്ങൾ കണ്ടെത്തിയാൽ നിങ്ങൾക്കും ചിന്മയനെപ്പോലെ അമിതമായ അധ്വാനഭാരമില്ലാതെ സ്വയം കൃഷിപ്പണികള്‍ ചെയ്യാം. അതിഥിത്തൊഴിലാളികൾ തിരികെപ്പോയാലും നാളെ നമുക്ക് കൃഷി തുടരാൻ തുണയാകുന്നത് യന്ത്രങ്ങളാവും.
കുറഞ്ഞ വിലയ്ക്കു വാങ്ങാന്‍ സ്മാം
കാർഷികോപകരണങ്ങൾ വാങ്ങുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയായ സബ്മിഷൻ ഓൺ അഗ്രിക്കൾചറൽ മെക്കനൈസേഷൻ എന്നതിന്റെ ചുരുക്കപ്പേരാണ് സ്മാം. ഭീമാകാരന്മാരായ കംബയിൻഡ് ഹാർവെസ്റ്റർ മുതൽ മാമ്പഴം പറിക്കാനുള്ള തോട്ടിവരെ ഈ പദ്ധതിപ്രകാരം സബ്സിഡിയോടെ വാങ്ങാം. തരമനുസരിച്ച് 50–60 ശതമാനം സബ്സിഡി ലഭിക്കും. അതിലേറെ സബ്സിഡി ലഭിക്കാനും മാർഗമുണ്ട്. ഒരു സംഘം കൃഷിക്കാർ ചാരിറ്റബിൾ സൊസൈറ്റിയായി റജിസ്റ്റര്‍ ചെയ്താൽ മതി– 80 ശതമാനം സബ്സിഡിയുടെ വിവിധ കാർഷികോപകരണങ്ങൾ വാങ്ങി പങ്കിട്ടുപയോഗിക്കാം. മാത്രമല്ല, കസ്റ്റം സർവീസ് സെന്ററുകളെന്ന നിലയിൽ അവ വാടകയ്ക്കു നൽകി അധികവരുമാനം കണ്ടെത്തുകയുമാവാം.
സ്മാം പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ http://agrimachinery.nic.in/index എന്ന വെബ്സൈറ്റ് സന്ദർശിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2023–’24 സാമ്പത്തികവർഷത്തിലെ അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം ആകുന്നതേയുള്ളൂ. കുറഞ്ഞത് 8 കർഷകരടങ്ങിയ ഒരു സംഘത്തിന് ഒരു വർഷം 10 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഇപ്രകാരം വാങ്ങാനാവുക. ഇതിനായി 80 ശതമാനം സബ്സിഡി കിഴിച്ച് 2 ലക്ഷം രൂപയേ ആകെ മുടക്കേണ്ടതുള്ളൂ. നിലവിലുള്ള അഗ്രോ സർവീസ് സെന്ററുകൾക്കും പാടശേഖര സമിതികൾക്കുമൊക്കെ ഈ പദ്ധതി പ്രയോജനപ്പെടുത്താനാകും.
ഓരോ ബ്ലോക്കിലും ഈ വർഷം 10 കസ്റ്റം ഹയറിങ് സെന്ററുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാർഷിക യന്ത്രബാങ്കുകളായി ഇവ അറിയപ്പെടും. കാർഷിക യന്ത്രങ്ങളുടെ ലഭ്യത കുറഞ്ഞ പഞ്ചായത്തുകൾക്ക് മുൻഗണന. അതായത്, വാടകയ്ക്കു നൽകാനായി മാത്രം ഓരോ ബ്ലോക്കിലും ഈ വർഷം ഒരു കോടി രൂപയുടെ കാർഷികോപകരണങ്ങൾ അധികമായി ലഭ്യമാകും. ഒരു മെഷീനിന്റെ എല്ലാ മോഡലുകൾക്കും സ്മാമിലൂടെ സബ്സിഡി കിട്ടണമെന്നില്ല. അതുകൊണ്ട് യന്ത്രം തിരഞ്ഞെടുക്കുന്നതിനു മുന്‍പ് ഇക്കാര്യം അന്വേഷിച്ച് ഉറപ്പുവരുത്തണം.
കറവയന്ത്രം പോലെ പലതിനും നിലവിലുള്ള സ്മാം പദ്ധതിയിൽ സബ്സിഡി ലഭ്യമല്ലെന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ കൃഷിക്കാർ ആവശ്യപ്പെടുന്ന പക്ഷം വരുംവർഷങ്ങളിൽ അവയ്ക്കും സബ്സിഡി നേടാവുന്നതേയുള്ളൂ. കാർഷികാവശ്യങ്ങൾക്കുള്ള ഡ്രോൺ ഉൾപ്പെടുത്തിയതാണ് ഈ വർഷത്തെ സ്മാം പദ്ധതിയുടെ മറ്റൊരു സവിശേഷത. തുടക്കമെന്ന നിലയിൽ ഓരോ ബ്ലോക്കിലെയും ഒരു കർഷകഗ്രൂപ്പിനു മാത്രം ഡ്രോൺ സബ്സിഡി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിലെ കൃഷിക്കാർ ശ്രദ്ധിക്കേണ്ടതും പുതുമയുള്ളതുമായ ഏതാനും യന്ത്രോപകരണങ്ങള്‍ അടുത്ത ലേഖനത്തിൽ പരിചയപ്പെടാം...