തായ്‌ലൻഡിൽ നിന്നുമുള്ള ഫാനേങ് എന്ന കറിയാണ് ടേസ്റ്റ് അറ്റ്ലസിന്റെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. 4.9 ആണ് ഇതിനു റേറ്റിങ് ലഭിച്ചിരിക്കുന്നത്. വടക്കൻ തായ്‌ലൻഡിലെ ഖാവോ സോയി 4.8 റേറ്റിങ്ങോടെ രണ്ടാം സ്ഥാനത്തു എത്തിയപ്പോൾ ജപ്പാനിൽ നിന്നുമുള്ള കാരെ എന്ന കറിയ്ക്കാണ് മൂന്നാം സ്ഥാനം. നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ യഥാക്രമം ഷാഹി പനീറും മലായ് കോഫ്തയും ബട്ടർ ചിക്കനുമാണ്. 4.7 റേറ്റിങ്ങാണ് ഷാഹി പനീറിനും മലായ് കോഫ്തയ്ക്കും ലഭിച്ചത്. 4.6 സ്റ്റാർ റേറ്റിങ് ആണ് ബട്ടർ ചിക്കന്. ഏഴും എട്ടും പത്തും സ്ഥാനങ്ങൾ തായ്‌ലൻഡിൽ നിന്നുമുള്ള ഗ്രീൻ കറി, മാസ്സമൻ കറി,തായ് കറി എന്നിവ കരസ്ഥമാക്കിയപ്പോൾ ഒമ്പതാം സ്ഥാനം ജപ്പാനിൽ നിന്നുമുള്ള കാരെ റൈസുവിനാണ്.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കറികളിൽ ഒന്നാണ് ഷാഹി പനീർ. ഒരു നാടിനു മാത്രം സ്വന്തമാണ് ഈ വിഭവം എന്ന് പറയുക അസാധ്യമാണ്. ഇന്ത്യയിൽ എല്ലായിടത്തും ഈ പനീർ വിഭവം ലഭ്യമാണ്. നല്ല മണവും കട്ടിയുള്ള ഗ്രേവിയുമാണ് കറിയുടെ പ്രത്യേകത. പ്രധാന ചേരുവ പനീർ ആണ്. റൊട്ടിയ്ക്കും പറാത്തയ്ക്കും നാനുമൊപ്പം ഷാഹി പനീർ ഏറെ രുചികരമാണ്. സ്വല്പം മധുരവും എന്നാൽ അതേസമയം തന്നെ സ്പൈസിയും ക്രീമി റിച്ചുമായ വിഭവമാണ് മലായ് കോഫ്ത. വെജിറ്റേറിയൻ പ്രിയർക്കു ഏറെ ഇഷ്ടപ്പെടുന്ന ഈ കറിയും പറാത്തയ്ക്കും നാനുമൊക്കെയൊപ്പം കഴിക്കാവുന്നതാണ്.
ഒരു മുഖവുരയുടെ ആവശ്യം ഒട്ടും ആവശ്യമില്ലാത്ത ഇന്ത്യൻ കറിയാണ് ബട്ടർ ചിക്കൻ. ബട്ടർ, ചിക്കൻ, സ്‌പൈസസ്, തക്കാളി ഇവയെല്ലാമാണ് ഈ കറിയിലെ പ്രധാനപ്പെട്ട ചേരുവകൾ. വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്നതും അതേസമയം തന്നെ അതീവ രുചികരവുമാണ് ബട്ടർ ചിക്കൻ.