രാജ്യാന്തര വിപണിയുള്ള സുഗന്ധവിള
സംസ്ഥാനത്ത് 10 വർഷംകൊണ്ട് ജാതിക്കൃഷിക്കുണ്ടായത് 206 ശതമാനം വളർച്ച! തുടർച്ചയായി വളർച്ച രേഖപ്പെടുത്തുന്ന കൃഷിയിനം എന്ന മേന്മയുമുണ്ട് ജാതിക്ക്. 2020–21ലെ കണക്കു പ്രകാരം 23,509.64 ഹെക്ടറിലാണ് നമ്മുടെ ജാതിക്കൃഷി. തുടർച്ചയായ വർധനയ്ക്കു ശേഷം 2021–22ൽ തൊട്ടു മുൻ വർഷത്തേക്കാൾ 0.77 ശതമാനത്തിന്റെ നേരിയ കുറവ് കാണിച്ചെങ്കിലും കോവിഡ് കാലത്തു പൊതുവെയുണ്ടായ തടസ്സങ്ങളുടെ ഫലം മാത്രമാണത്. സംസ്ഥാനത്തു സമീപകാലത്ത് വിദേശ ഫലവൃക്ഷങ്ങളോടു താല്‍പര്യമേറുകയും അവയുടെ തൈ വിൽപന കൂടുകയും ചെയ്തല്ലോ. എന്നാൽ ഏറ്റവും മൂല്യമേറിയ എക്സോട്ടിക് പഴവർഗങ്ങളുടെ തൈവിലയെക്കാൾ ഉയർന്ന നിരക്കിലാണ് പലയിടത്തും ഇന്ന് ജാതിത്തൈ വിൽപന. തൈ ഒന്നിന് 1,300 രൂപവരെ വാങ്ങുന്ന വൻകിട ജാതിനഴ്സറികളുണ്ട് കേരളത്തിൽ.
റബർപോലെ ആഗോളമൂല്യമുള്ള കാർഷികോൽപന്നമാണ് ജാതിയും. വിപണിയിലത് ഗുണവും ദോഷവുമുണ്ടാക്കുന്നുണ്ട്. ഔഷധങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ഭക്ഷ്യോൽപന്നങ്ങൾ എന്നിവയുടെ നിർമാണത്തിനാണ് ജാതിക്ക ഉപയോഗിക്കുന്നത്. സാമ്പത്തികമാന്ദ്യം പോലുള്ള പ്രശ്നങ്ങൾ ആദ്യം ബാധിക്കുക ഇത്തരം പ്രീമിയം ഉൽപന്നങ്ങളുടെ വിപണിയെയാവും. അതുകൊണ്ടുതന്നെ ആഗോള സാമ്പത്തിക സാഹചര്യം ജാതിക്കയുടെ വിലയെ ബാധിക്കും. അതേസമയം കോവിഡ്‌കാല മാന്ദ്യത്തിനു ശേഷം ഇത്തരം ഉൽപന്നങ്ങളുടെ ആഗോള ആവശ്യകത വർധിക്കുന്നു എന്നത് ജാതിക്ക് അനുകൂലവുമാണ്. എല്ലാക്കാലത്തും ശരാശരി വില ലഭിക്കുന്ന വിളയാണ് ജാതിക്ക. യൂറോ–അമേരിക്കൻ വിപണിയിൽ ഗ്രനഡയുടെയും ഇന്തൊനീഷ്യയുടെയും ജാതിക്കയ്ക്കാണ് ആധിപത്യം. സ്വാഭാവികമായും ഈ രാജ്യങ്ങളിലെ ഉൽപാദന സാഹചര്യങ്ങൾ നമ്മുടെ ജാതിക്കവിലയിലും പ്രതിഫലിക്കും. ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, നൈജീരിയ, ഇസ്രയേൽ എന്നിവിടങ്ങളിലേക്കാണ് നമ്മുടെ കയറ്റുമതി. സമീപകാലത്ത് ആകർഷകമായ വിലയാണ് സംസ്ഥാനത്തെ ജാതിക്കർഷകർ നേടുന്നത്. നിലവിൽ കായയ്ക്ക് തൊണ്ടോടെ കിലോ 300–350 രൂപയും പത്രിക്ക്(ഫ്ളവർ) 1650–1800 രൂപയും വിലയുണ്ട്. വാങ്ങാൻ ചുറ്റുവട്ടത്തുതന്നെ കച്ചവടക്കാരുമുണ്ട്.
പാർട് ടൈം വിള
പരിമിതമായ സ്ഥലമുള്ളവർക്കും ഒന്നോ രണ്ടോ ജാതി പരിപാലിക്കാം. നന്നായി പരിപാലിച്ചാൽ 4–ാം വർഷംതന്നെ ഉൽപാദനം. 8–10 വർഷം പിന്നിട്ട ഒരു മരത്തിൽനിന്ന് ആണ്ടിൽ 10,000 രൂപവരെ വരുമാനം നേടുന്നവരുണ്ട്. പരിമിതമാണ് കൃഷിപ്പണികള്‍. ആണ്ടിൽ 2 തവണ വളപ്രയോഗം. കൂടുതൽ കൃഷിവിസ്തൃതിയുള്ളവർക്കേ ഇതിനായി തൊഴിലാളിയെ വിളിക്കേണ്ടതുള്ളൂ. തുള്ളിനന / സ്പ്രിങ്ക്ളർ ഉൾപ്പെടെയുള്ള മാർഗങ്ങൾ അവലംബിച്ചാൽ നനയ്ക്കാന്‍ ആളു വേണ്ട. ചുരുക്കത്തിൽ പാർട് ടൈം കൃഷിക്കാർക്കും യോജിച്ച വിള. വിളവെടുപ്പും കുരു–പത്രി വേർതിരിക്കലും വീട്ടുകാർക്കു സ്വയം ചെയ്യാം. ഡ്രയർ വാങ്ങിയാൽ ഉണക്കൽ എളുപ്പമായി. നന്നായി ഉണക്കി വായു കടക്കാത്തവിധം പായ്ക്ക് ചെയ്തു സൂക്ഷിച്ചാൽ വിപണി വിലയിലെ ഏറ്റക്കുറച്ചില്‍ നിരീക്ഷിച്ച് അനുകൂലസമയം വിലയിരുത്തി വിൽക്കാം.
ജനപ്രീതിക്ക് കാരണങ്ങൾ
• സ്ഥിരമായി തുടരുന്ന മികച്ച വില
• ഉറപ്പുള്ള പ്രാദേശിക വിപണി
• പാർട് ടൈം കൃഷിക്കാർക്കും യോജിച്ച വിള
• ഒരു മരമുണ്ടെങ്കിലും വരുമാനം
• വിളവെടുപ്പും സംസ്കരണവും എളുപ്പം
• കർഷകന് കായികാധ്വാനം കുറവ്
• തൊഴിലാളിയുടെ ആവശ്യം പരിമിതം
• തെങ്ങിനും കമുകിനും ഇടവിളയാക്കാം
• രോഗ, കീടബാധ കുറവ്