ജൂലൈ 04; ഇന്ന് ചക്ക ദിനം | Today Jackfruit day - 4/07/23




ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലും മലായ് പെനിൻസുലക്കു കിഴക്കുവശങ്ങളിലുമായി കാണപ്പെടുന്ന മൾബറി കുടുംബത്തിൽ ഉൾപ്പെടുന്ന പ്ലാവ് എന്ന വൃക്ഷം നൽകുന്ന ഒരു കായ്ഫലം ആണ്‌ ചക്ക. 

ശാസ്ത്രീയനാമം: Artocarpus heterophyllus. 
പനസം എന്നും പേരുണ്ട്. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഫലമാണ് ചക്ക. സമതല പ്രദേശങ്ങളിൽ ആണ്‌ ഇതു സാധാരണ കാണപ്പെടുന്നത്. ഏറ്റവും വലിയ കായ്ഫലം ചക്കയാണ്‌. പ്ലാവ് മിക്കവാറും വലിയ തായ്ത്തടിയും ചെറിയ ശാഖകളുമുള്ള വൃക്ഷമാണ്. ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്‌തടിയിൽ തന്നെയാണ്‌ ഉണ്ടാവുക. അപൂർവ്വമായി വേരിലും ചക്ക കായ്ക്കാറുണ്ട്.

വളരെ വലിയ ഒരു പഴം ആണ്‌ ചക്ക. അനേകം പഴങ്ങളുടെ സമ്മേളനം എന്ന് വേണമെങ്കിൽ പറയാം. 25 സെന്റീമീറ്ററിർ കുറയാതെ വ്യാസം ഇതിനുണ്ട്. ഒരു ചെറിയ പ്ലാവിനു പോലും വലിയ കായ്കൾ ഉണ്ടാകും. ഒരു വലിയ ചക്കക്ക് 36 കിലോഗ്രാം വരെ തൂക്കവും, 90 സെന്റീമീറ്റർ വരെ നീളവും, 50 സെന്റീമീറ്റർ വരെ വീതിയും ഉണ്ടാകാം. പുറം തോട് കട്ടിയുള്ളതും മൂർച്ചയില്ലാത്ത മുള്ളുകൾ ഉള്ളതുമാണ്

ഫലത്തിനകത്ത് ചുളകളായാണ്‌ പഴം കാണുന്നത്. ഓരോ ചുളക്കുള്ളിലും വിത്തായ ചക്കക്കുരു ഉണ്ടാകും. ചുളകൾക്കിടയിൽ ചക്കപ്പൊല്ല, ചവണി എന്നൊക്കെ അറിയപ്പെടുന്ന നാട പോലുള്ള ഭാഗങ്ങളും കാണാം.

ചക്കക്കുരുവിനെ പൊതിഞ്ഞ് കാണപ്പെടുന്ന ഇളംമഞ്ഞ നിറത്തിലുള്ള ചക്കച്ചുളയ്ക്ക് 3-5 മില്ലീമീറ്റർ വരെ കനം ഉണ്ടാകും. ചക്കച്ചുള വളരെ സ്വാദിഷ്ഠമാണ്‌. മറ്റു ഫലങ്ങളെ അപേക്ഷിച്ച് ഇതിനു ചാറുകുറവാണ്‌.




വിവിധയിനം ചക്കകൾ

പ്രധാനമായും രണ്ടു തരത്തിലുള്ള ചക്കകൾ ഉണ്ട്.

വരിക്ക- വരിക്ക ചക്കയിൽ തേൻവരിക്ക, മുട്ടം വരിക്ക, സിന്ദൂര വരിക്ക എന്നിങ്ങനെ പല ഇനങ്ങളുണ്ട്.
കൂഴ (ചിലയിടങ്ങളിൽ പഴംപ്ലാവ് എന്നും പറയും)
കൂഴ ചക്ക പഴുത്താൽ കുഴഞ്ഞിരിക്കും. എന്നാൽ വരിക്ക പഴുത്താലും നല്ല ഉറപ്പുണ്ടാകും. ഓരോ പ്ലാവിലെ ചക്കയ്ക്കും നിറത്തിലും ഗുണത്തിലും സ്വാദിലും വ്യത്യാസങ്ങൾ ഉണ്ടാകും.

തേങ്ങച്ചക്ക
ഉപയോഗം:-
പഴുത്ത ചക്കച്ചുള പഴമായി തിന്നുന്നു. ജാം, മിഠായി, ഹലുവ എന്നിവയുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. മൂപ്പെത്തിയ ചക്കച്ചുള പുഴുങ്ങിയും ഉലത്തിയും കഴിക്കുന്നു. ഉലത്തിയ ചക്കക്കറി കഞ്ഞിയുടെ കൂടെ കഴിക്കുന്നത് സാധാരണമാണ്. പച്ച ചക്കച്ചുള അരിഞ്ഞ് എണ്ണയിലിട്ട് വറുത്ത് ചക്കവറുത്തതും നല്ല രുചിയുള്ളതാണ്. മലയായിൽ പഴുത്ത ചക്ക നെടുകെ ഛേദിച്ച് കുരുമാറ്റി ഐസ്ക്രീം ചേർത്ത് കഴിക്കുന്നു
 ചക്ക ഉപയോഗിച്ച് മദ്യം ഉണ്ടാക്കാനും സാധിക്കും.

ഭക്ഷ്യസുരക്ഷ

കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമങ്ങളെ നേരിടാൻ ചക്കയ്ക്ക് വലിയ ഒരു പങ്ക് വഹിക്കാനാവുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

ചക്ക സുലഭമായി ലഭിക്കുന്ന കാലഘട്ടം ഏപ്രിൽ മുതൽ ജൂലായ് വരെയാണ്. ഏതു കാലാവസ്ഥയിലും കായ്ക്കുന്ന ഒരു പ്രത്യേക ഇനം പ്ലാവ് ഉണ്ടെന്നു പറയപ്പെടുന്നു. എന്നാൽ ഇതു കേരളത്തിൽ സാധാരണയല്ല. ചില പ്രത്യേക കാലയളവിൽ മാത്രം ലഭിക്കുന്നതു മുലവും സൂക്ഷിച്ചു വെയ്ക്കാനുള്ള സാങ്കേതിക വിദ്യയുടെ അഭാവവും ആണ് ചക്ക ഉപയോഗിക്കുന്നതിലെ പ്രശ്നങ്ങൾ. വലിയ അളവിൽ പ്രത്യേക കാലത്തു മാത്രം ലഭിക്കുന്നതിനാലും, ചെറിയ ചെറിയ കുടുംബങ്ങളായി വിഭജിക്കപ്പെട്ടതിനാലും, മഴക്കാലത്തു വിവിധ രോഗങ്ങൾക്കു ചക്ക കാരണമാകും എന്ന തെറ്റിദ്ധാരണ മൂലവും ആണ് ഇത് വേണ്ടത്ര ഉപയോഗിക്കപ്പെടാതെ പോകുന്നത്.

വൻ വൃക്ഷങ്ങളുടെ മുകളിൽ പിടിക്കുന്ന ചക്ക കേടു കൂടാതെ അടർത്തി എടുക്കുന്നതിനുള്ള പ്രയാസവും ഒരു പ്രശ്നമാണ് കൂടാതെ ഇതിന്റെ അരക്ക് ഫലപ്രദമായി നീക്കം ചെയ്യാനും വലിയ ചക്ക പിളർന്നു ചുളയും കുരുവും എടുത്ത് പാകപ്പെടുത്തി എടുക്കുന്നതിലുള്ള അധ്വാനവും ഇതിന്റെ ഫലപ്രദമായ വിനിയോഗത്തെ നിരുത്സാഹപ്പെടുത്തുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുൻകൈ എടുത്ത് കുടുംബശ്രീകൾ, മറ്റു സൂക്ഷ്മതല സംഘടനകൾ തുടങ്ങിയവയുടെ സഹായത്തോടെ നാട്ടിൻ പുറങ്ങളിൽ സംരംഭങ്ങൾ ആരംഭിച്ചു വ്യാവസായികമായി ചക്കഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം നല്കാവുന്നതാണ്. പരമ്പരാഗത അറിവുകൾ പ്രയോജനപ്പെടുത്തുന്നതോടൊപ്പം പഴവർഗ്ഗ സംരക്ഷണത്തിനുള്ള ആധുനിക സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്താവുന്നതാണ്.

ചക്കക്കുരു

ചക്കക്കുരുകൾ
ഏറ്റവും വലിയ ഫലവൃക്ഷമായ ചക്കയുടെ വിത്താണ് ചക്കക്കുരു. ഒരു ചക്കപ്പഴത്തിൽ ധാരാളം ചക്കകുരുക്കൾ ഉണ്ടാകും. ചക്കക്കുരുവിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു. ചക്കക്കുരുവിൽ നിന്നാണ് പ്ലാവിൻ തൈകൾ ഉത്പാദിപ്പിക്കുന്നത്. ചക്കക്കുരുവും ഭക്ഷ്യയോഗ്യമാണ്‌. ചക്കക്കുരു കൊണ്ട് സ്വാദിഷ്ഠമായ തോരനും ചാറ് കറിയും വയ്ക്കാവുന്നതാണ്. പഴയ കാലത്ത് ചക്കക്കുരുകൾ മാസങ്ങളോളം കേട് വരാതിരിക്കാൻ മണ്ണിൽ പൂഴ്ത്തി വെക്കുകയും ചക്കക്കുരു കിട്ടാത്ത കാലത്ത് അത് എടുത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. പഴകുന്തോറും രുചി കൂടും എന്ന ഒരു പ്രത്യേകതയും കൂടി അതിനുണ്ട്. എന്നാൽ, ചക്കക്കുരു കൂടുതൽ കഴിച്ചാൽ ഗ്യാസ്ട്രബിളിനു സാധ്യത ഉണ്ട്.

ഇടിച്ചക്ക

ചക്ക വലുതാവാൻ തുടങ്ങുന്നതിനുമുമ്പുള്ള പരുവമാണ് ഇടിച്ചക്ക. ഇടിച്ചക്ക ഉപയോഗിച്ച് തോരനും മറ്റും വെക്കാറുണ്ട്.

പിഞ്ചു ചക്ക പുറംതോടു മാത്രം (മുള്ളും പച്ച നിറവും ഉള്ള ഭാഗം മാത്രം) ചെത്തിക്കളഞ്ഞ് ശേഷം മറ്റെല്ലാ ഭാഗങ്ങളും ചേർത്തു കൊച്ചു കഷണങ്ങളാക്കി വെള്ളം ചേർത്തു വേവിച്ച ശേഷം വെള്ളം ഊറ്റി കളയുന്നു. വെന്ത കഷണങ്ങൾ അരകല്ലിൽ അല്ലെങ്കിൽ ഉരലിൽ ഇട്ട് ഇടിച്ചു പൊടിയാക്കി തോരൻ വെയ്ക്കുന്നു. അതു കൊണ്ടാണ് ഇടിച്ചക്കത്തോരൻ എന്നും ഈ പരുവത്തിലുള്ള ചക്കയ്ക്കു ഇടിച്ചക്ക എന്നും പേരു വന്നതു്. പുറം തോടുകളഞ്ഞ പിഞ്ചു ചക്ക കൊത്തി അരിഞ്ഞും തോരൻ വെയ്ക്കുന്നു. ഇങ്ങനെയുണ്ടാക്കുന്ന തോരൻ പരമാവധി വെള്ളം വറ്റിച്ച് തോരനാക്കിയാൽ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.

ഔഷധഗുണം

മൂപ്പെത്താത്ത ഫലത്തെ ആയുർവേദം തീക്ഷ്ണസ്വഭാവമുള്ളതും പേശികളെ ചുരുക്കുന്നതും വായുകോപത്തെ ശമിപ്പിക്കുന്നതും ആയി കണക്കാക്കുന്നു. ശീതളമായ പഴുത്ത ഫലമാകട്ടെ, വിരേചനതടസ്സം, മെലിച്ചിൽ, അതിപിത്തം എന്നീ അവസ്ഥകളിൽ ഫലപ്രദമാണ്. ചക്കക്കുരു മൂത്രക്ഷമത വർദ്ധിപ്പിക്കുന്നതും, കാമോദ്ദീപകവും, മലബന്ധം ഉണ്ടാക്കിയേക്കാവുന്നതും ആണ്. ഇളം ഇലകൾ ചിലതരം ചർമ്മരോഗങ്ങളുടെ ചികിത്സയിൽ പ്രയോജനകരമാണ്. അവയുടെ ചാരം നീരുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. പ്ലാവിന്റെ ചുനയ്ക്ക്, ഗ്രന്ഥിവീക്കങ്ങളുടേയും പരുവിന്റേയും ചികിത്സയിൽ സ്ഥാനമുണ്ട്. പ്ലാവിൻ വേരിന്റെ കഷായം അതിസാരം ശമിപ്പിക്കുമെന്നും കരുതപ്പെടുന്നു.

ചില ചക്ക വിഭവങ്ങൾ

ഇടിച്ചക്ക പക്കോട, ഹൽവ, വൈൻ, ചക്കക്കുരു കട്ലറ്റ്, ചക്കക്കുരു ഹൽവ എന്നിങ്ങനെ ചക്ക വിഭവങ്ങൾ തയ്യാറാക്കാം.

ചക്കയെക്കുറിച്ചുള്ള പഴഞ്ചൊല്ലുകൾ

വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
ഒരു ചക്കവീണ് മുയൽ ചത്തെന്നുകരുതി എല്ലാ ചക്ക വീഴുമ്പൊഴും മുയൽ ചാകണമെന്നില്ല.
ഗ്രഹണി പിടിച്ചവർക്ക് ചക്ക കൂട്ടാൻ കിട്ടിയ പോലെ.
അഴകുള്ള ചക്കയിൽ ചുളയില്ല.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section