സാധാരണക്കാരന്റെ കുടുംബ ബജറ്റിന് ഭീഷണിയായി പച്ചക്കറികളുടെയും പയര്‍ വര്‍ഗങ്ങളുടെയും വില ഉയരുന്നു. തക്കാളിയാണ് കൂട്ടത്തില്‍ മുമ്പന്‍. കേരളത്തിലെ ചില്ലറ വിപണിയിലെ തക്കാളി വില 110 രൂപയിലേക്ക് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ദക്ഷിണേന്ത്യയിലെ പ്രധാന മൊത്ത വിപണികളിൽ തക്കാളിയുടെ വില 50-60 രൂപ നിലവാരത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസം കൊണ്ടാണ് തക്കാളിയുടെ വിപണി വില സെഞ്ചുറി നിലവാരം മറികടന്നത്. കഴിഞ്ഞ വർഷം സമാന കാലയളവിൽ തക്കാളിയുടെ ചില്ലറ വിപണി വില 50 രൂപ നിലവാരത്തിൽ മാത്രമായിരുന്നു. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ മഴ ലഭിക്കാൻ വൈകിയതും ദുർബലമായ മഴയുമാണ് പച്ചക്കറി വിലകളെ ഉയർത്തിവിട്ടത്.
മുംബൈ, ഗുജറാത്ത് ഭാഗങ്ങളിലേക്കാണ് തക്കാളി കൊണ്ടുപോകുന്നത്. മഴക്കെടുതിയും കൃഷിനാശവുമെല്ലാമായി ഇവിടെ തക്കാളി ലഭ്യത കുറഞ്ഞതോടെയാണ് വ്യാപാരികൾ മൈസൂരു മേഖലയിലേക്ക് തിരിഞ്ഞത്. ആവശ്യകത കൂടിയതോടെ തക്കാളി വില ദിനംപ്രതിയെന്നോണം കുതിച്ചുയരാൻ തുടങ്ങി. പെരുന്നാൾ കൂടി കണക്കിലെടുത്ത് ഉത്തരേന്ത്യയിലെ വ്യാപാരികൾ വൻതോതിൽ തക്കാളി കൊണ്ടുപോകുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
പെരുന്നാൾ കഴിയുന്നതോടെ വിലതാഴാനാണ് സാധ്യത. മലബാറിലേക്ക് കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നും തക്കാളി വരാറുണ്ട്. തമിഴ്നാട്ടിൽ വിളവെടുപ്പ് സീസൺ അല്ലാത്തിനാൽ വരവു നിലച്ചിരിക്കുകയാണ്. ഇതും കർണാടകത്തിൽ വില ഉയരാൻ കാരണമായി.
പെരുന്നാൾ പടിവാതിൽക്കലെത്തി നിൽക്കെ തക്കാളി അടക്കമുള്ള അവശ്യ പച്ചക്കറികൾക്ക് വില കുതിച്ചുയരുന്നത് സാധാരണക്കാരന് വൻ തിരിച്ചടിയാണ്. ഉള്ളിയും ഉരുളക്കിഴങ്ങും ഒഴികെയുള്ള ബാക്കിയെല്ലാ പച്ചക്കറി ഇനങ്ങളും കഴിഞ്ഞയാഴ്ചത്തിനേക്കാൾ ഉയർന്ന വിലയ്ക്കാണ് മൊത്ത വിപണിയിൽ വിറ്റു പോകുന്നത്. പച്ചമുളക്, ഇഞ്ചി, മല്ലിച്ചപ്പ് എന്നിവയുടെ വിലയും നിയന്ത്രണമില്ലാതെ കുതിക്കുകയാണ്. കിലോയ്ക്ക് 40 രൂപയുണ്ടായിരുന്ന പച്ചമുളക് 110ലെത്തി. 60 രൂപയുണ്ടായിരുന്ന ഉണ്ടമുളക് 130ലേക്ക് ഉയർന്നു. 40-50 രൂപയായിരുന്ന മല്ലിച്ചപ്പ് വില 170ലേക്കാണ് കുതിച്ചത്. ഇഞ്ചി വില 200ൽ തുടരുകയാണ്.
അതേസമയം ഇത്തവണയും സാധാരണ തോതിലുള്ള മൺസൂൺ മഴ ലഭിക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എൽ നിനോ പ്രതിഭാസം ഉരുത്തിരിയാനുള്ള സാധ്യതകൾ നിലനിൽക്കെയാണ് മഴക്കുറവ് നേരിടില്ലെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാൽ രാജ്യത്തെ മൺസൂൺ സീസണിന്റെ വരവറിയിക്കുന്ന കേരളത്തിൽ ഒരാഴ്ചയോളം വൈകിയാണ് മഴ എത്തിച്ചേർന്നത്. ഇതുവരെയും സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചിട്ടില്ല.