ഒരേ സമയം ഔഷധവും സുഗന്ധവ്യജ്ഞനവുമാണ് ഇഞ്ചി. വിഭവങ്ങള്‍ക്ക് രുചിയും മണവും കൂടാന്‍ നാം ഇഞ്ചി സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ജലദോഷം, ചുമ, ഗ്യാസ്ട്രബിള്‍ തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുമാണ് ഇഞ്ചി. മനുഷ്യനെപ്പോലെ ചെടികള്‍ക്കും ഇഞ്ചി നല്ലൊരു ഔഷധമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറി ചെടികളെ നശിപ്പിക്കാനെത്തുന്ന വെള്ളീച്ച, ഇലപ്പേന്‍, മുഞ്ഞ എന്നിവയെ തുരത്താന്‍ ഇഞ്ചി ഉപയോഗിച്ചുള്ള ലായനി മതി. നിഷ്പ്രയാസം നമ്മുടെ വീട്ടില്‍ തന്നെ ഇവ തയാറാക്കുകയും ചെയ്യാം.
ആവശ്യമുള്ള സാധനങ്ങള്‍
1. ഇഞ്ചി- ഒരു കഷ്ണം
2. പച്ചമഞ്ഞള്‍- ചെറിയൊരു കഷ്ണം
3. കാന്താരി മുളക്- ഒരു പിടി
4. വെളുത്തുള്ളി- അഞ്ചോ ആറോ അല്ലി
5. കായപ്പൊടി- ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ആദ്യത്തെ നാലിനങ്ങളും മിക്സിയില്‍ അരച്ച് അതൊരു കപ്പിലേക്ക് മാറ്റുക. ഇതിലേക്ക് കായപ്പൊടിയിട്ട ശേഷം ഒരു ലിറ്റര്‍ വെള്ളം ചേര്‍ക്കു. ഇതിനു ശേഷം നേരിട്ട് ചെടികളില്‍ തളിക്കാം. സ്പ്രേയര്‍ ഉപയോഗിച്ചാണ് തളിക്കുന്നതെങ്കില്‍ ലായനി നല്ലപോലെ അരിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇലയുടെ ഇരുവശത്തും ലായനി എത്തണം. വൈകുന്നേരം തളിക്കുന്നതാണ് നല്ലത്. ഗ്രോബാഗില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് ഇതു നല്ല പോലെ ഫലിക്കും. ചെറിയ അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം ഇഞ്ചി ലായനി നല്ല പോലെ ഫലപ്രദമാകും. അസഹ്യമായ ഗന്ധം കുറവായതിനാല്‍ വീടുകളില്‍ ഉപയോഗിക്കാന്‍ ഏറെ നല്ലതാണ്.