ചില പ്രത്യേകതകൾ കൊണ്ട് ഈ ചെടിയെ അങ്ങേയറ്റം സൂക്ഷിക്കണമെന്നാണ് സസ്യ ശാസ്ത്രജ്ഞൻ നൽകുന്ന മുന്നറിയിപ്പ്. കാരണം ഇതിന്റെ ഭംഗി കണ്ട് അരികിൽ എത്തുന്നവരുടെ മേൽ പൊള്ളൽ ഏൽപ്പിക്കാൻ തക്കവണ്ണം ഏറ്റവും അപകടകാരിയായ സസ്യങ്ങളിൽ ഒന്നാണിത്. ജൂൺ ജൂലൈ മാസങ്ങളിലാണ് ഈ ചെടി പൊതുവേ വളരുന്നത്. ഇക്കാലയളവിൽ യുകെയിലെ പല മേഖലകളിലും ഇവ വളർന്ന് നിൽക്കുന്നത് കാണാനാകും.
പക്ഷെ, എത്ര ഭംഗി ഉണ്ടെങ്കിലും അബദ്ധത്തിലെങ്ങാനും ഇവയുടെ നീര് ശരീരത്തിൽ പറ്റിയാൽ മാരകമായി പൊള്ളലേൽക്കും. ഇത് ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന തരത്തിലുള്ള പാടുകളായി മാറുകയും ചെയ്യും. അതുകൊണ്ടാണ് ഈ ചെടി അത്രയധികം ശ്രദ്ധിക്കണമെന്ന് ശാസ്ത്രജ്ഞർ പറയുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഈ ചെടി ജനവാസ മേഖലകളിൽ നിന്നും നീക്കം ചെയ്യാൻ എത്തിയ ഗാർഡനിങ് വിദഗ്ധനായ മാർട്ടിൻ ഫെർഗുസെൻ എന്ന വ്യക്തിക്ക് സാരമായി പൊള്ളലേറ്റിരുന്നു. അപ്പോഴാണ് ഈ ചെടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കൂടാതെ ചികിത്സയിൽ തുടരുന്ന അദ്ദേഹം ബ്രിട്ടണിലെ ജനങ്ങളോട് അങ്ങേയറ്റം കരുതലോടെ ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടണിൽ ഈ ചെടി ധാരാളമായി വളരുന്നുണ്ടെങ്കിലും ഇത് അവയുടെ ജന്മനാട് അല്ല. അർമേനിയ, അസർബൈജാൻ, ജോർജിയ, ദക്ഷിണ റഷ്യ എന്നിവിടങ്ങളിൽ ആണ് ഈ ചെടി ധാരാളമായി കണ്ടുവരുന്നത്. 1817 ലാണ് ക്യോ ഗാർഡൻസിൽ വളർത്തുന്നതിനായി ആദ്യമായി യുകെയിലേക്ക് ചെടി എത്തിച്ചത്. എന്നാൽ 1981 ആയപ്പോഴേക്കും ചെടി അങ്ങേയറ്റം വിഷം ആണെന്ന് കണ്ടെത്തുകയും പൂന്തോട്ടങ്ങളിൽ വളർത്താൻ പാടില്ലെന്ന് നിയമം നടപ്പിലാക്കുകയും ചെയ്തു. അപ്പോഴേക്കും വിത്ത് വീണു നദീതീരങ്ങളിലും പൂന്തോട്ടങ്ങളിലും എല്ലാം ഈ ചെടികൾ മുളച്ചു തുടങ്ങിയിരുന്നു. 3.5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെടികളാണ് ജയന്റ് ഹോഗീഡുകൾ. 15 വർഷമാണ് ഒരു ചെടിയുടെ ആയുസ്സ്.
കണ്ണിലാണ് നീര് പറ്റുന്നതെങ്കിൽ കാഴ്ച പോകും എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. ശരീരത്തിൽ ഇവയുടെ പൊള്ളൽ മൂലം ഉണ്ടാകുന്ന പാടുകൾ വർഷങ്ങളോളം ചിലപ്പോൾ ജീവിതകാലം മുഴുവനും അതേ നിലയിൽ അവശേഷിക്കുകയും ചെയ്യും. യുകെയിലെ ഈ വെള്ള പൂക്കൾ ആരെയും ആകർഷിക്കുന്നതാണ്. പക്ഷേ സൗന്ദര്യം കണ്ട് ആസ്വദിക്കുന്നത് മാത്രമാണ് ഉചിതം.