51 ഫോസിൽ സ്പീഷീസുകളെയും മുട്ടയിടുന്നതും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതുമായ 29 ജീവികളെയും വിശകലനം ചെയ്താണ് പഠനം നടത്തിയത്. പല്ലി വർഗത്തിൽപ്പെട്ട ഉരഗങ്ങൾ, സസ്തനികൾ, ദിനോസറുകൾ, പക്ഷികൾ എന്നിവയെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ആദ്യത്തെ അമ്നിയോട്ടുകളിൽ (മുട്ടയിടുന്ന നട്ടെല്ലുള്ള ജന്തുക്കളാണ് അമ്‌നിയോട്ടുകളുടെ വിഭാഗത്തിലുള്ളത്) വിപുലീകൃത ഭ്രൂണ നിലനിർത്തലും (എക്സ്റ്റൻഡഡ് എംബ്രിയോ റിട്ടെൻഷൻ) വിവിപാരിറ്റിയും ഉണ്ടെന്നും അവയുടെ ശരീരത്തിൽ ഭ്രൂണങ്ങൾ നിലനിർത്തുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നുമാണ് പഠനത്തിലെ കണ്ടെത്തൽ. നേച്ചർ ഇക്കോളജി ആൻഡ് എവല്യൂഷൻ എന്ന ജേർണലിൽ ഈ പുതിയ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കട്ടിയുളള പുറംതോടോടുകൂടിയ മുട്ടകളെ പരിണാമത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായാണ് വളരെക്കാലമായി ശാസ്ത്രജ്ഞർ കണക്കാക്കിയിരുന്നത്. എന്നാൽ വിപുലീകൃത ഭ്രൂണ നിലനിർത്തലാണ് (ഇഇആർ) ആദ്യകാല പ്രത്യുത്പാദന രീതിയെന്നാണ് പുതിയ ഗവേഷണം സൂചിപ്പിക്കുന്നത്. സസ്തനികൾ ഉൾപ്പെടെ അമ്‌നിയോട്ടയുടെ എല്ലാ വിഭാഗവും അവയുടെ ശരീരത്തിൽ ഭ്രൂണങ്ങൾ ദീർഘകാലത്തേക്ക് നിലനിർത്തുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചതായും പഠനം തെളിയിച്ചു.