നേന്ത്രപ്പഴം ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കാമോ? | Banana



പഴങ്ങളും പച്ചക്കറികളും മത്സ്യ-മാംസാദികളുമെല്ലാം സാധാരണഗതിയില്‍ നാം ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ എല്ലാ പഴങ്ങളും പച്ചക്കറികളും ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ലെന്നും നമുക്കറിയാം. ഉദാഹരണത്തിന് നേന്ത്രപ്പഴം തന്നെയെടുക്കാം.
നേന്ത്രപ്പഴം ആരും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതായി നിങ്ങള്‍ കണ്ടുകാണില്ല. എന്നാല്‍ കേട്ടോളൂ, നേന്ത്രപ്പഴും ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ് കെട്ടോ. എന്നാലിത് ചില സന്ദര്‍ഭങ്ങളിലേ വേണ്ടൂ. ഇതെക്കുറിച്ച് കൂടുതല്‍ പറയാം. ഒപ്പം തന്നെ നേന്ത്രപ്പഴം കേടാകാതെ സൂക്ഷിക്കാനുള്ള ടിപ്സ് ആണ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

നേന്ത്രപ്പഴം ഒന്നിച്ച് വാങ്ങിക്കുമ്പോള്‍ അതേ ദിവസവും അടുത്ത ദിവസവും കഴിക്കാനുള്ള പഴം പഴുത്തത് തന്നെ നോക്കി വാങ്ങാം. എന്നാല്‍ അതില്‍ക്കൂടുതലുള്ള പഴം മഞ്ഞയും പച്ചയും നിറത്തിലുള്ള തൊലിയോട് കൂടിയ, അധികം പഴുക്കാത്തത് തന്നെ തെരഞ്ഞെടുക്കുക. ഇത് പഴം അധികമായി പഴുത്ത് വെറുതെ കളയുന്നത് ഒഴിവാക്കാൻ സഹായിക്കും.






രണ്ട്...

ശ്രദ്ധിച്ചില്ലെങ്കില്‍ പെട്ടെന്ന് പഴുപ്പ് കയറി ഉപയോഗശൂന്യമായി പോകുന്ന ഫലമാണ് നേന്ത്രപ്പഴം. ഇതൊഴിവാക്കാൻ ഒരു പടലയില്‍ പഴങ്ങള്‍ പഴുത്തുതുടങ്ങിയെന്ന് കണ്ടാല്‍ പഴുപ്പ് കയറാത്ത പഴങ്ങള്‍ ഇതില്‍ നിന്ന് മാറ്റിവയ്ക്കുക. അതുപോലെ നേന്ത്രപ്പഴം മറ്റ് പഴങ്ങളില്‍ നിന്നോ ഭക്ഷണസാധനങ്ങളില്‍ നിന്നോ അകലം പാലിച്ച് സൂക്ഷിക്കുക. ഇതെല്ലാം നേന്ത്രപ്പഴം പെട്ടെന്ന് പഴുത്ത് കേടായിപ്പോകാതിരിക്കാൻ സഹായിക്കും. 

മൂന്ന്...

നേന്ത്രപ്പഴം പഴുപ്പ് കയറി, ഇനിയും പഴുത്താല്‍ കഴിക്കാൻ കഴിയില്ലെന്ന അവസ്ഥ വരികയാണെങ്കില്‍ ഇത് ഫ്രിഡ്ജിലേക്ക് മാറ്റാം. ഓര്‍ക്കുക ഫ്രിഡ്ജില്‍ വച്ചാല്‍ പഴം ബലം വയ്ക്കാം. അതിനാല്‍ തന്നെ ഇത് കഴിക്കാൻ പ്രയാസവും തോന്നാം. എന്നാല്‍ പഴുപ്പ് ഒരല്‍പം പോലും അധികമാകാതിരിക്കാൻ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മതി. ഈ പഴം പിന്നീട് സ്മൂത്തിയോ, ബേക്കിംഗിനോ മറ്റോ ഉപയോഗിക്കാനാണ് കൂടുതല്‍ ഉചിതമായിരിക്കുക. അല്ലെങ്കില്‍ പഴം അതുപോലെ തന്നെ മുറിച്ച് തണുപ്പ് വിടും മുമ്പ് ഡിസേര്‍ട്ട് പോലെ കഴിക്കുകയും ആകാം. മധുരത്തിനും യാതൊരു കുറവും സംഭവിക്കില്ല. 

നാല്...

നേന്ത്രപ്പഴത്തിന്‍റെ ഞെട്ട് ഭാഗത്ത് വച്ച് പ്ലാസ്റ്റിക് റാപ്പ് കൊണ്ടോ അലൂമിനിയം ഫോയില്‍ കൊണ്ടോ ഭഗ്രമായി റാപ്പ് ചെയ്തുവച്ചാലും പഴം അധികം പഴുക്കാതെ സൂക്ഷിക്കാം. നേന്ത്രപ്പഴത്തില്‍ നിന്ന് വരുന്ന എഥിലിൻ ഗ്യാസ് (പഴം കൂടുതല്‍ പഴുക്കാൻ ഇടയാക്കുന്ന വാതകം) കുറയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.




അഞ്ച്...

പഴം ഫ്രിഡ്ജില്‍ വയ്ക്കാൻ മറ്റൊരു മാര്‍ഗം കൂടി നിര്‍ദേശിക്കാം. പഴത്തിന്‍റെ തൊലി ഉരിച്ചുകളഞ്ഞതിന് ശേഷം വായു കടക്കാത്ത ബാഗിലോ പാത്രത്തിലോ നല്ലതുപോലെ അടച്ച് ഭദ്രമാക്കിയ ശേഷം ഫ്രിഡ്ജില്‍ വയ്ക്കുക. ഇത് കുറെക്കൂടി പഴത്തിന്‍റെ ഫ്രഷ്നെസ് പിടിച്ചുനിര്‍ത്താൻ സഹായിക്കും.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section