ഡ്രാഗൺപഴ പൂക്കൾക്ക് പരാഗണ സഹായം കൊടുത്താലോ?


മനുഷ്യനടക്കം ഉള്ള ജന്തുമൃഗാദികൾക്ക് സന്താനോൽപ്പാദനത്തിന് ആരും ട്യൂഷൻ നൽകേണ്ട കാര്യമില്ല.

അതിന്റെ പ്രക്രിയകൾ എല്ലാം നമ്മുടെ ഹാർഡ് ഡിസ്‌കിൽ (ജനിതകത്തിൽ) ഉൾച്ചേർന്നിട്ടുണ്ട്. അത് പ്രായവും സമൂഹവും അനുവദിയ്ക്കുന്ന മുറയ്ക്ക് നടന്നുകൊള്ളും.

പക്ഷെ കാലം മാറി, കഥയും മാറി. ഇന്ന് സന്താനങ്ങൾ ഉണ്ടാകാൻ പലപ്പോഴും പരസഹായം വേണ്ടി വരുന്നു. IVF, ICCI എന്നൊക്കെയുള്ള വിദ്യകൾ പയറ്റിയാലേ 'ഉണ്ണി 'ഉണ്ടാകൂ എന്ന് വന്നിരിക്കുന്നു കാര്യങ്ങൾ.

ചെടികളിൽ പലതിലും പണ്ടേ പരസഹായത്തോട് കൂടിയാണ് ഇത് നടന്നുവരുന്നത്. ചിലതിൽ സ്വയം പരാഗണം(Self pollination ). മറ്റ് ചിലതിൽ പരപരാഗണം (cross pollination ).

ചില പൂക്കളിൽ ഒരേ പൂവിൽത്തന്നെ ആൺ -പെൺ അവയവങ്ങൾ ഉണ്ടാകും.

ചിലതിൽ ഒരേ ചെടിയിൽ തന്നെ ആൺപൂക്കൾ വേറേ, പെൺ പൂക്കൾ വേറേ എന്ന നിലയിൽ കാണും.

 ചില ചെടികളിൽ ആൺ ചെടി വേറേ, പെൺ ചെടി വേറേ എന്ന നിലയിലും കാണാം.

 പ്രകൃതിയ്ക്ക് അതിനൊക്കെ വ്യക്തമായ കാരണങ്ങൾ ഉണ്ടാകാം.


പ്രകൃതിയ്ക്ക് ഏറ്റവും വിശ്വാസക്കുറവ് പുംബീജത്തെ ആണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. ഓരോ ആൺ പൂവിലും ആയിരക്കണക്കിന് കേസരങ്ങൾ ഉണ്ടാകും. പക്ഷെ കുറച്ച് കേസരങ്ങൾ മതിയാകും സന്താനസാക്ഷാൽ ക്കാരത്തിന്. മനുഷ്യനിലും അങ്ങനെ ആണല്ലോ. ഒരു അണ്ഡത്തെ കാമിക്കാൻ എത്ര പുരുഷബീജങ്ങൾ ആണ് മത്സരിക്കാറ്.

എന്തായാലും ഇന്ത്യയിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി വ്യാപിക്കുകയാണ്. ഇപ്പോൾ ഏതാണ്ട് 4000 ഹെക്ടർ കവിഞ്ഞു.ദുഫായിലോട്ട് ഒക്കെ കയറ്റുമതിയും ആരംഭിച്ചു. തായ്‌ലൻഡ് ഒക്കെ ജാഗ്രത പാലിക്കുക.

Mission for Integrated Development of Horticulture പദ്ധതിയിൻ കീഴിൽ കൃഷിയ്ക്ക് സബ്‌സിഡികളും കൊടുക്കുന്നുണ്ട്.

എല്ലാവരും ഡ്രാഗൺ ഫ്രൂട്ട് നടുന്നു എങ്കിലും ഏതൊക്കെയാണ് നല്ല ഇനങ്ങൾ എന്ന് കർഷകർക്ക് നല്ല തിട്ടമില്ല. കാർഷിക സർവ്വകലാശാല Varietal trials നടത്തി, നല്ല ശുപാർശകൾ കർഷകർക്ക് നൽകണം.

Lady of the night എന്ന് ഡ്രാഗൺ ഫ്രൂട്ടിനെ വിശേഷിപ്പിക്കാറുണ്ട്. രാത്രിയിൽ ആണല്ലോ പുഷ്പിക്കൽ. അത്‌ കൊണ്ടാകാം. നമ്മുടെ നിശാഗന്ധിയെ പോലെ.


ഡ്രാഗൺ ഫ്രൂട്ട് പൂവിൽ പരാഗണം നടന്നാൽ 30-35ദിവസം കൊണ്ട് വിളവെടുക്കാം. ഡ്രാഗൺ ഫ്രൂട്ട് ന്റെ floral biology നോക്കിയാൽ അത്‌ hermaphroditic ആണെന്ന് പറയാം. ഒരേ പൂവിൽ തന്നെ ആൺ -പെൺ അവയവങ്ങൾ ഉണ്ട്. അർദ്ധ നാരീശ്വരൻ. പക്ഷെ ഒരു 'കൊയപ്പം 'ഉണ്ട്. പെൺ അവയവം (stigma )ആൺ അവയവങ്ങളായ കേസരങ്ങളെക്കാൾ (Anther /Pollen )ഉയരത്തിൽ ആണ്. ആയതിനാൽ കേസരങ്ങൾ തനിയെ പാറിപ്പറന്നു പോയി പരാഗണം നടക്കില്ല. തേനീച്ചകൾ, വണ്ടുകൾ, വവ്വാലുകൾ, നിശാശലഭങ്ങൾ (moths )എന്നിവർ 'സഹചരീകരിക്കണം '. രാത്രിയിൽ ആണ് പൂ വിരിയുന്നത് എന്നത് കൊണ്ട് ഭൈമികാമുകന്മാർ അവിടൊക്കെ തന്നെ കാണും.മിക്കവാറും ഇവരുടെ സഹായത്തോടെ ബീജസംയോഗം നടന്ന് കൊള്ളും. പൂ വിരിഞ്ഞു ഒരു രണ്ട് മുതൽ ആറ് മണിക്കൂറിനുള്ളിൽ 'കാര്യം' നടക്കണം. അതിന് നമ്മൾ തന്നെ ചിലപ്പോൾ മെനക്കെടേണ്ടി വരും.

മൃദുലമായ ഒരു പെയിന്റിംഗ് ബ്രഷ് ഉപയോഗിച്ച് പരാഗരേണുക്കളിൽ തഴുകി, അത് അല്പം ഉയർന്നു നിൽക്കുന്ന ജനിത്തണ്ടിന്റെ (style )അഗ്രത്തുള്ള ജനിപുടത്തിൽ (stigma )മൃദുവായി ആവോളം,തേച്ചു കൊടുക്കണം. പര പരാഗണം നടന്ന് നല്ല ഉശിരുള്ള കായ്കൾ ഉണ്ടാകാൻ ഉള്ള പ്രകൃതിയുടെ തന്ത്രമാണ് ഈ കൊനഷ്ട് പരിപാടിയുടെ പിന്നിൽ എന്നാണ് 'വിവരദോഷികൾ ' പറയുന്നത്.

ആയതിനാൽ സൂർത്തുക്കളെ.. നിങ്ങളുടെ ഡ്രാഗൺ ഫ്രൂട്ട് പൂക്കൾ,കായ് ആകാതെ കൊഴിയുന്നെങ്കിൽ, ഇതാകാം, അല്ല ഇത് മാത്രമാകാം കാരണം. ആയതിനാൽ രാത്രിയിൽ ഒരു കുഞ്ഞു ബ്രഷുമായി ചെന്ന് വിരിഞ്ഞ പൂവിൽ ഒന്ന് പരാഗണിച്ചു സഹായിച്ചാട്ടെ...

✍🏻 പ്രമോദ് മാധവൻ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section