കർഷകനെ വട്ടം ചുറ്റിയ്ക്കുന്ന വെള്ളീച്ചകൾ | പ്രമോദ് മാധവൻ

 


കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുക കാർഷിക മേഖലയെ ആണെന്ന് പറഞ്ഞല്ലോ?

അത് പല രൂപത്തിൽ ആകാം
  • കൃഷിയിറക്കാൻ പറ്റിയ സമയത്ത് മഴ പെയ്യാതിരിക്കുക,
  • വിളവെടുക്കാൻ കാത്തിരിക്കുമ്പോൾ മഴ പെയ്ത് ഉത്പന്നത്തിന്റെ ഗുണമേന്മ നഷ്ടപ്പെടുക,
  • പൂക്കളുടെ പരാഗണ സമയത്ത് ശക്തമായ കാറ്റും മഴയും വന്ന് വേണ്ട രീതിയിൽ അത് നടക്കാതെ, വിളവ് കുറയുക,
  • പരാഗണം നടക്കുന്ന സമയത്ത് ചൂട് കൂടി, പരാഗരേണുക്കൾ വന്ധ്യമാകുക,
  • വരൾച്ച,
  • വെള്ളപ്പൊക്കം,
  • അന്തരീക്ഷ താപ നില കൂടുമ്പോൾ ആർദ്രതയും കൂടി കുമിൾ രോഗ സാധ്യത കൂടുക,
  • പുതിയ കാലാവസ്ഥയിൽ പെരുകാൻ കഴിവുള്ള അധിനിവേശ കീടങ്ങൾ, സൂക്ഷ്മജീവികൾ, കളകൾ
  • എന്നിവയുടെ പെരുക്കം
ഇങ്ങനെ ഒക്കെ....
വെള്ളായണി കാർഷിക കോളേജിൽബിരുദത്തിനു പഠിക്കുമ്പോൾ എന്റോമോളജി (കീട ശാസ്ത്രം ) ക്ലാസ്സിൽ ഓരോ വിളകളുടെയും കീടങ്ങളുടെ ലിസ്റ്റിൽ ഏറ്റവും അവസാനം അപ്രധാന കീടങ്ങൾ (Minor Pests )വിഭാഗത്തിൽ Flower Beetles, White flies എന്നൊക്കെയാണ് പഠിച്ചിരുന്നത്.

കാൽ നൂറ്റാണ്ടിനിപ്പുറം കാർഷിക മേഖലയെ അടുത്ത് നിന്ന് നോക്കികാണുമ്പോൾ മനസിലാകുന്നത്, ഇന്ന് കർഷകരെ ഏറ്റവും വട്ടം ചുറ്റിയ്ക്കുന്നത്, ഒരു കാലത്ത് അപ്രധാനം എന്ന് കരുതിയിരുന്ന നീരൂറ്റികൾ (Sucking Pests )തന്നെ ആണ്.
  • വെള്ളീച്ച (White Fly)
  • മീലി മൂട്ട (Mealy Bug)
  • ഇലപ്പേൻ (Thrips )
  • മണ്ഡരി (Mites)
  • തുള്ളൻ( Jassid /Hopper
  • ചാഴികൾ (Bugs )... എന്നിങ്ങനെ പോകുന്നു അവർ.
ആ ശ്രേണിയിൽ ഏറ്റവും ഒടുവിലായി വന്ന്, നമ്മളെ തേച്ചൊട്ടിച്ച അല്ലെങ്കിൽ ഒട്ടിച്ചു കൊണ്ടിരിക്കുന്ന ആളാണ്‌ 'കറക്ക് വെള്ളീച്ചകൾ' '(Spiralling White Fly ).
ഇലകളുടെ അടിവശത്ത് വട്ടത്തിൽ കൂട്ടമായി കാണുന്ന വെള്ളീച്ചകൾ എന്ന് പറയാം.
(അല്ലാത്ത തരം വെള്ളീച്ചകളും ഉണ്ട് ).

ഇന്നിപ്പോൾ നാട്ടിലെ സകലമാന ചെടികളുടെയും ഇലകളുടെ അടിയിൽ ഇവരെ കാണാം. എന്തിന്, കൃഷ്ണപുരത്തുള്ള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിനു മുൻ വശത്തുള്ള തെങ്ങുകളിൽ ഒക്കെത്തന്നെ ഇവരുടെ സംഹാരതാണ്ഡവമാണ് എന്ന് പറയാം.
പ്രകൃതിയിൽ ഒരു ശത്രുവിനെയും നേരിടേണ്ടാതെ, അജാതശത്രുവായി അങ്ങനെ വിലസുകയാണിവർ..
Aleurodicus dispersus എന്ന് ശാസ്ത്രനാമം.

വട്ടത്തിൽ (Spiral )ആണ് ഇവരുടെ മുട്ടയിടൽ പാറ്റേൺ. തന്തയ്ക്കും തള്ളയ്ക്കും ഒക്കെ പറക്കാൻ കഴിയും. പക്ഷെ കുഞ്ഞു വാവകൾ (larva )ക്ക് ഇഴയാനേ (crawler )കഴിയൂ.വെളുത്ത പഞ്ഞി പോലെ ഒരു സാധനം സ്രവിപ്പിച്ച് ഒരു സംരക്ഷണകവചം ഉണ്ടാക്കും. മുട്ടയിടുമ്പോൾ തന്നെ ഈ കവചവും തള്ളമാർ നൽകും.

ഏറ്റവും വലിയ ശല്യം ഇതൊന്നുമല്ല. നൂറായിരക്കണക്കിന് വെള്ളീച്ചകൾ ഇലയുടെ അടിവശത്ത് ഇരുന്ന് ചെടിയുടെ ജീവ ദ്രവം ഊറ്റിഎടുത്ത് ചെടിയെ ഞരണ്ടു പെരെണ്ട പരുവത്തിൽ ആക്കുന്നതിനൊപ്പം വയർ നിറഞ്ഞ ആലസ്യത്തിൽ ഇടയ്ക്കിടെ തേൻ തുള്ളികൾ സ്രവിപ്പിക്കും. അത് ഇവറ്റകൾ ഇരിക്കുന്ന ഇലയുടെ തൊട്ടു താഴെയുള്ള ഇലകളുടെ മുകളിൽ വീഴും. നല്ല പഞ്ചസാര ലായനിയല്ലേ, താമസിയാതെ അതിൽ പൂപ്പൽ (Fungus )വളരും. Black Sooty Mould എന്ന കുമിൾ രോഗം പിടി പെടും.അത്‌ കറുത്ത നിറത്തിൽ വളർന്ന് നിറഞ്ഞ് ഇലകൾ കറുത്തുപോകും. ഹരിതകത്തെ മുഴുവൻ മറയ്ക്കും. ഫലമോ പ്രകാശ സംശ്ലേഷണം നടക്കാതെ ചെടികൾ ക്ഷീണിക്കും. ഇരിയ്ക്കുന്ന കൊമ്പ് മുറിക്കുന്ന പണി.

ഒറ്റയടിക്ക് ചെടികൾ ചത്തുപോകില്ല. ഇഞ്ചിഞ്ചായി മരിയ്ക്കും. ഇലകൾ ഉണങ്ങും. സമയം നല്ലതാണെങ്കിൽ വഴിയേ പോയ ഏതെങ്കിലും വൈറസിനെയും കൊണ്ട് വന്ന് ഇലകളിൽ കുത്തിവച്ച് ഒരു പണിയും കൂടി തരും.
നല്ല കാറ്റുണ്ടെങ്കിൽ കാറ്റിലൂടെയും ഇവർ പുതിയ ചെടികളിൽ ചേക്കേറും.

ലോകത്ത് ഇനി ഏതെങ്കിലും രാജ്യത്ത് ഇവർ എത്താനുണ്ടോ എന്ന് സംശയമാണ്. ഏതാണ്ടെല്ലായിടത്തും എത്തിക്കഴിഞ്ഞു.

ഇവരെ നിയന്ത്രിക്കാൻ രാസ മരുന്നുകൾ തളിയ്ക്കരുത് എന്നാണ് വിദഗ്ധ ഉപദേശം.അവർക്കെതിരെ ശത്രുക്കൾ (predators )ഉണ്ടായി വരാൻ കാത്തിരിക്കാം എന്നാണ്.
വന്നില്ലെങ്കിലോ?...
പ്രമോദ് മാധവൻ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section