നഗരത്തിലെ തിരക്കുള്ള ബിസിനസ്സുകാരനാണ് പോൾസൺ. എന്നാൽ നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി ജൈവകൃഷിയിൽ നൂറുമേനി വിളയിച്ച് ശ്രദ്ധേയനാവുകയാണ് മൂവാറ്റുപുഴ കുരിശിങ്കൽ പോൾസൺ എന്ന മാതൃകാ കർഷകൻ. കർഷക കുടുംബത്തിൽ ജനിച്ച പോൾസന് ജൈവകൃഷി രീതികളോടാണ് ഏറെ താൽപര്യം. രണ്ടര ഏക്കർ റബർ തോട്ടം ഒഴിവാക്കിയാണ് ജൈവകൃഷി ആരംഭിച്ചത്.
നഗരത്തിന്റെ തിരക്കുകളിൽ താമസിച്ചിരുന്ന പോൾസൺ ഇപ്പോൾ ഗ്രാമത്തിലുള്ള തന്റെ രണ്ടരയേക്കർ തോട്ടത്തിലേക്ക് വീടുവെച്ച് താമസം മാറിയിരിക്കുകയാണ്. സ്വന്തമായി ഉദ്പാദിപ്പിക്കുന്ന വിഷമില്ലാത്ത ആഹാരം കഴിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനും വേണ്ടിയാണ് ഇങ്ങോട്ട് താമസം മാറിയത്. ബിസിനസ് തിരക്കുകൾ എത്രയുണ്ടെങ്കിലും അതിരാവിലെ തോട്ടത്തിലൂടെ ഒന്ന് ചുറ്റിക്കറങ്ങി ആ ദിവസത്തേക്കുള്ള ഊർജം സംഭരിച്ചതിന് ശേഷമാണ് തന്റെ തിരക്കുകളിലേക്കിറങ്ങുന്നത്. ഇതാണ് പോൾസണിന്റെ വിജയരഹസ്യവും.