ജനുവരി മാസം മുതൽ ഏതാണ്ട് മെയ് മാസം പകുതി വരെ കേരളത്തിൽ ചീരക്കാലമാണ്.
പക്ഷെ,വിയർപ്പ് രോഗമില്ലാത്തവർക്ക് വെയിൽ വീഴുന്ന പറമ്പുകൾ ഉണ്ടെങ്കിൽ മാത്രം.
അല്ലെങ്കിൽ കെട്ടിയടയ്ക്കാത്ത ടെറസുകൾ വേണം.
ഏറ്റവും പറ്റിയത് പാടങ്ങൾ ആണ്. വെയിലിന്റെ നിറ സമൃദ്ധി, കോരിയൊഴിക്കാൻ ജല സമൃദ്ധി. പിന്നെന്താണ് ചീരയ്ക്ക് വേണ്ടത്?..
ബ്രോയ്ലർ കോഴിക്കൃഷി പോലെയാണ് ചീരക്കൃഷി.
കൃത്യമായി കാര്യങ്ങൾ നീക്കിയാൽ ആറാഴ്ചയ്ക്കുള്ളിൽ വിളവെടുപ്പ് പൂർത്തിയാക്കാം.
അങ്ങനെ ജനുവരി മുതൽ മെയ് വരെ ഏതാണ്ട് മൂന്ന് കൃഷി ഇറക്കാം.
ഏറ്റവും കൂടുതൽ ജൈവ പിണ്ഡം (Bio mass) ഉൽപാദിപ്പിക്കുന്ന വിള ആയത് കൊണ്ട് വലിയ അളവിൽ ജൈവവളങ്ങൾ നൽകണം. ഒരു ചതുരശ്ര മീറ്റർ (1m3) ന് ഏതാണ്ട് അഞ്ച് കിലോ എന്ന നിരക്കിൽ മണ്ണുമായി കൂട്ടി ക്കലർത്തി . മേൽ വളമായി രണ്ടോ മൂന്നോ തവണ നൈട്രജൻ സമ്പുഷ്ടമായ വളങ്ങളും പിന്നെ ക്രമമായ നനയും.
കേരളത്തിൽ എഴുപത് ലക്ഷത്തിലധികം വീടുകൾ ഉണ്ട്. എല്ലാ വീട്ടിലും ഏറെക്കുറെ തെങ്ങുകളും ഉണ്ട്. ഒന്നോ രണ്ടോ തെങ്ങിൻ തടങ്ങളിൽ ചിത്രത്തിൽ കാണുന്നത് പോലെ ചീര കൃഷി ചെയ്‌താൽ... എല്ലാ വീടുകളിലും ഉള്ളവർക്ക് ചോര പ്രസാദം (Haemoglobin) ഉണ്ടാകും. അത് കൊണ്ടാണ് 'ചോര കൂടാൻ ചീര 'എന്ന് പറയുന്നത്. ഒരു വീട്ടുകാർ ഒരു കിലോ ചീര എങ്കിലും ഉത്പാദിപ്പിച്ചാൽ 70ലക്ഷം കിലോ ചീര ആയില്ലേ. രണ്ട് കിലോ ഉൽപ്പാദിപ്പിച്ചാലോ? മൂന്നായാൽ എന്താ കുഴപ്പം?
Video
അങ്ങനെ വന്നാൽ ആ തെങ്ങിന്റെ വിളവും നാലാം കൊല്ലം മുതൽ കൂടുന്നതായി കാണാം.
ഒപ്പം വീട്ടിൽ ഒരു കുഞ്ഞ് പശു കൂടി ഉണ്ടെങ്കിൽ യഥേഷ്ഠം ജൈവ വളങ്ങൾ കിട്ടും. നല്ല പാലും മോരും കുടിക്കാം. അധികം പുളിയ്ക്കാത്ത മോര് ശീലമാക്കിയാൽ ശരീരത്തിലെ നീർക്കെട്ടും കുറയ്ക്കാം. അതാണ് 'നീര് കൂടിയാൽ മോര് 'എന്ന് പണ്ടുള്ളവർ പറഞ്ഞു വച്ചത്.
സമയം കളയേണ്ട. തെങ്ങിൻ തടമൊന്നിൽ ചീരപ്പണി തുടങ്ങിയാട്ടെ..
പ്രമോദ് മാധവൻ