നമ്മുടെ ചെടികളുടെ വളർച്ച പരിപോഷിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജൈവവളക്കൂട്ടുകളാണ് പഞ്ചഗവ്യവും,ജൈവഗവ്യവും. മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുവാനും, കൂടുതൽ വിളവ് ലഭ്യമാക്കുവാനും ഇവ രണ്ടും വളരെ ഉപകാരപ്രദമാണ്.
പഞ്ചഗവ്യം തയ്യാറാക്കുന്ന രീതി
തയ്യാറാക്കാൻ വേണ്ട ചേരുവകൾ
ചാണകം – 500ഗ്രാം
പാൽ – 100 മില്ലി
നെയ്യ് – 100 മില്ലി
തൈര് – 100 മില്ലി
ഗോമൂത്രം – 200 മില്ലി
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മേല്പറഞ്ഞ അളവിൽ ചാണകവും നെയ്യും നന്നായി ചേർത്ത് ഇളക്കുക. അതിൻറെ വായ്ഭാഗം കോട്ടൺ തുണി കൊണ്ട് കെട്ടി വയ്ക്കണം. 24 മണിക്കൂറിന് ശേഷം ഇതിലേക്ക് മേല്പറഞ്ഞ അളവിൽ ഗോമൂത്രം ഒഴിച്ച് നന്നായി ഇളക്കി വീണ്ടും കെട്ടിവയ്ക്കുക. ദിവസം രണ്ടു പ്രാവശ്യം എന്ന രീതിയിൽ മൂന്ന് മിനിറ്റ് നേരം ഇളക്കുക. 15 ദിവസം കഴിയുമ്പോൾ ഇതിലേക്ക് 100 മില്ലി പാലും 100 മില്ലി തൈരും ചേർത്ത് നന്നായി ഇളക്കി അഞ്ചു ദിവസം കൂടി കെട്ടി വയ്ക്കുക. ഇരുപത്തിയൊന്നാം ദിവസം വീണ്ടും ഇവ ഇളക്കുക. അതിനുശേഷം ഇവ ഉപയോഗിക്കാം. ഉപയോഗിക്കുമ്പോൾ നെല്ലിന് 30 ലിറ്റർ ഒരേക്കറിൽ എന്ന അളവിലും, തെങ്ങിന് ഒരു ലിറ്റർ എന്ന അളവിലും, പച്ചക്കറികൾക്ക് 20 മടക്ക് വെള്ളം ചേർത്തും ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്.
ജൈവഗവ്യം
ചെടികളിൽ നിന്ന് മികച്ച കായ്ഫലം ലഭ്യമാക്കുവാൻ ഏറ്റവും മികച്ച വളക്കൂട്ടാണ് ജൈവഗവ്യം. ഇതിലേക്ക് വേണ്ട പ്രധാന ചേരുവകൾ താഴെ നൽകുന്നു.
ചേരുവകൾ
ഗോമൂത്രം – 50 ലിറ്റർ
ചാണകം – 50 കിലോ
ശീമക്കൊന്ന ഇല – 30 കിലോ
വേപ്പിൻപിണ്ണാക്ക് – 10 കിലോ
പപ്പായയില – 30 കിലോ
കൊടിത്തൂവ ചെടി സമൂലം എടുത്തത് – 15 കിലോ
കടലപ്പിണ്ണാക്ക് – 10 കിലോ
ഒരു ലിറ്റർ – തൈര്
10 നാളികേരത്തിന്റെ വെള്ളം
കല്ല് കലരാത്ത മണ്ണ് – മൂന്നു പിടി
തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞ രീതിയിൽ ജൈവ ഗവ്യം നിർമ്മിക്കുവാൻ 200 ലിറ്റർ ഉൾക്കൊള്ളുന്ന ബാരലാണ് ഉത്തമം. ബാരൽ തെരഞ്ഞെടുത്ത ശേഷം മുകളിൽ പറഞ്ഞ അളവിലുള്ള ചേരുവകൾ ഇട്ട് മരത്തിൻറെ കമ്പ് ഉപയോഗിച്ച് 21ദിവസം ഘടികാര ദിശയിലും എതിർ ദിശയിലും ഏകദേശം അഞ്ച് മിനിറ്റ് നേരം ഇളക്കുക. അതിനുശേഷം ഇരുപത്തിരണ്ടാം ദിവസം തൊട്ട് ഏഴുദിവസം വരെ ഈ മിശ്രിതം ഇളക്കാതെ വയ്ക്കുവാൻ ശ്രമിക്കുക. ജൈവ ഗവ്യം തയ്യാറാക്കുന്ന ദിവസം മുതൽ മുകൾഭാഗം തുണി ഉപയോഗിച്ച് വായു കടക്കാതെ നല്ലരീതിയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുക. ഏഴു ദിവസങ്ങൾക്ക് ശേഷം ഇതിൽ നിന്ന് ഒരു ലിറ്റർ എടുത്ത് 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്.