വെറ്റിലക്കൊടി കിഴക്കുപടിഞ്ഞാറു ഭാഗത്ത് ക്രമീകരിച്ചാൽ ഇരട്ടി വിളവ്

                                                                                      വെറ്റില

 വെറ്റിലകൃഷിക്ക് ജലസേചനം ഒരു പ്രധാന ഘടകമാണ്. ആയതിനാൽ ജലസേചന സൗകര്യമുള്ള സ്ഥലമാണ് കർഷകർ നടീൽ സ്ഥലമായി തെരഞ്ഞെടുക്കുന്നത്. കേരളത്തിൽ വയൽ വറ്റിയ പ്രദേശങ്ങളിലും കരപ്രദേശങ്ങളിലും കമുകിൻ തോട്ടങ്ങളിലും തേങ്ങും തോപ്പുകളിലും കുന്നിൻ പ്രദേശങ്ങളിൽപ്പോലും വെറ്റില കൃഷി ചെയ്യുന്നു.

നല്ല നീർവാർച്ചയുള്ള സ്ഥലമാണ് ആവശ്യം. ആയതിനാൽ മണ്ണ് തെരഞ്ഞെടുക്കുമ്പോൾ ജലസേചനസൗകര്യം ഉണ്ടോ എന്ന് പ്രത്യേകം തിട്ടം വരുത്തണം. എന്നാൽ, വെള്ളക്കെട്ടും കൂടുതൽ ചെളികലർന്നതുമായ മണ്ണ് കൃഷിക്ക് അനുയോജ്യമല്ല. അതുപോലെ ക്ഷാരാംശം കൂടുതലുള്ളതും ഉപ്പുരസം ഉള്ളതുമായ മണ്ണും ഈ കൃഷിക്ക് അനുയോജ്യമല്ല. എന്നാൽ ചെങ്കൽ പ്രദേശങ്ങളിലെ പരിമരാശി മണ്ണിൽ വെറ്റിലകൃഷി വിജയകരമായി വളരുന്നു.

ജലസേചന സൗകര്യത്തോടൊപ്പം സൂര്യപ്രകാശവും വായുവും യഥേഷ്ടം ലഭിക്കുന്ന സ്ഥലമായിരിക്കണം. കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം നിരപ്പുള്ളതും വൃത്തിയുള്ളതുമായിരിക്കണം. നിലം ഭംഗിയായി കിളച്ചോ ഉഴുതോ മണ്ണ് ശരിയായിട്ട് പാകപ്പെടുത്തുന്നു. അതിനു ശേഷം കിഴക്ക്പടിഞ്ഞാറേ ദിശയിൽ 40 മുതൽ 75 സെന്റിമീറ്റർ വീതിയിലും 50 മുതൽ 60 സെന്റിമീറ്റർ വരെ ആഴത്തിലുമുള്ള ചാലുകൾ ഓരോ മീറ്റർ അകലത്തിൽ ക്രമീകരിക്കുന്നു.

ചാലുകളുടെ നീളം ആവശ്യാനുസരണമാകാമെങ്കിലും ആറ് മുതൽ എട്ട് മീറ്റർ വരെ നീളമാണ് കൊടിയുടെ ശരിയായ പരിചരണത്തിനും ജലസേചനത്തിനും സഹായകരമായിട്ടുള്ളത്. കൂടാതെ, കൃഷി സ്ഥലത്തിനു ചുറ്റുമായി ചാലുകൾ എടുത്ത് നീർവാർച്ച ഉണ്ടാക്കേണ്ടതും അത്യാവശ്യമാണ്. വെറ്റിലക്കൊടി കിഴക്കുപടിഞ്ഞാറു ഭാഗത്ത് ക്രമീകരിക്കണം എന്നത് കൊടി വളർന്നു കഴിഞ്ഞാൽ എല്ലാഭാഗത്തും വെയിൽ ലഭിക്കുന്നതിനും കാറ്റ് അമിതമാകുന്നത് തടയാനും സഹായിക്കുന്നു.

കൊല്ലം ജില്ലയിലെ ഒരു വിഭാഗം കൃഷിക്കാർ 'കൊടിക്ക് കൊടി തണൽ' എന്ന സിദ്ധാന്തപ്രകാരം രണ്ട് കൊടികൾ ചേർന്നും, അതിനു ശേഷം ഒരു മീറ്ററോളം സ്ഥലം വിട്ട് വീണ്ടും രണ്ട് കൊടികൾ ചേർന്നും കൃഷി ചെയ്തുവരുന്നുണ്ട്.

English Summary: betel leaves if positioned right will get extra income

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section