ചില ആൾക്കാർക്ക് സങ്കരവിത്തുകൾ എന്ന് കേട്ടാൽ ഹാലിളകും.
രണ്ട് പേരുടെയും Dominant ആയ ജീനുകൾ, കൂടിച്ചേരുമ്പോൾ ആണ് ഗുണമേന്മയുള്ള സങ്കരന്മാർ ജനിക്കുന്നത്.
രണ്ട് പേരുടെയും recessive ജീനുകൾ ആണ് കൂടിച്ചേരുന്നതെങ്കിൽ ചിലപ്പോൾ കാശിനും കർമ്മത്തിനും കൊള്ളാത്ത സന്തതികളും ഉണ്ടായേക്കാം. നല്ല മാതാപിതാക്കൾക്ക് താന്തോന്നികളും പിറക്കാമല്ലോ?
അതീവ സുന്ദരിയായ ഒരു സ്ത്രീ അതിധിഷണാശാലിയായ ജോർജ് ബെർണാർഡ് ഷായെ സമീപിച്ച്, തനിയ്ക്ക് ബെർണാർഡ് ഷായിൽ ഒരു കുട്ടിയുണ്ടായാൽ അവനെ വെല്ലാൻ ഈ ലോകത്തിൽ ആരും ഉണ്ടാവില്ല എന്ന് മൊഴിഞ്ഞുവത്രെ. തന്റെ സൗന്ദര്യവും ജോർജിന്റെ മനീഷിയും കൂടി ചേരുമ്പോൾ ഉള്ള സാഹചര്യം ആണ് സുന്ദരി ഉദ്ദേശിച്ചത്. പക്ഷെ ആ കുട്ടിയ്ക്ക് നിന്റെ ബുദ്ധിയും എന്റെ സൗന്ദര്യവും ആണ് കിട്ടുന്നതെങ്കിലോ എന്ന് ജോർജ് മൊഴിഞ്ഞപ്പോൾ സുന്ദരി ഇളിഭ്യയായി എന്നോ മറ്റോ ഒരു കഥയുണ്ട്.
രണ്ട് super parents ന് എപ്പോഴും super kids തന്നെ പിറക്കണം എന്ന് നിർബന്ധമില്ല.
അങ്ങനെ ബ്രീഡർമാർ പല ഇനങ്ങളിൽ സംയോഗങ്ങൾ നടത്തി consistent ആയ ഫലങ്ങൾ കിട്ടുമ്പോഴാണ് ഒരു നല്ല സങ്കര ഇനം പിറക്കുന്നത്.
1934 Dr. J. S. പട്ടേൽ, പിലിക്കോട് തെങ്ങുഗവേഷണ കേന്ദ്രത്തിൽ ലോകത്തിലെ ആദ്യത്തെ സങ്കര ഇനം തെങ്ങിന് ജന്മം നൽകി. West Coast Tall എന്ന പൊക്കം കൂടിയ ഇനം മാതൃ വൃക്ഷമായും ചാവക്കാട് പച്ച കുള്ളൻ (CGD)പിതൃ വൃക്ഷമായും തെരെഞ്ഞെടുത്ത് ആദ്യത്തെ TxD സങ്കര ഇനം പിറന്നു.
അത് പോലെ തന്നെ 1971ൽ ലോകത്തെ ആദ്യത്തെ സങ്കര ഇനം കുരുമുളകും പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ പിറന്നു. ഉതിരൻകൊട്ട എന്ന ഇനവും ചെറിയ കണിയക്കാടൻ എന്ന ഇനവും തമ്മിൽ സങ്കരിച്ച് 'പന്നിയുർ 1'എന്ന അത്യുല്പാദന ശേഷിയുള്ള കുരുമുളകിനം പുറത്തിറങ്ങി.
തുറസ്സായ സാഹചര്യം ഇഷ്ടപ്പെടുന്ന, വലിയ ഇലകൾ ഉള്ള, നീണ്ട തിരിയും ഉരുണ്ട മണികളുമുള്ള, ഹെക്റ്ററിന് 1242കിലോ ഉണക്ക കുരുമുളക് തരാൻ കഴിവുള്ള ഇനമാണ് പന്നിയുർ
അങ്ങനെ, സങ്കര ഇനങ്ങളെ സർവ്വാത്മനാ സ്വീകരിച്ച നമ്മളിൽ ചിലർ, ഇപ്പോൾ സങ്കരന്മാരുടെ വിമർശകരായി രംഗത്ത് വരുന്നത് വേദനാജനകമാണ്.
വാണിജ്യ പച്ചക്കറി കൃഷിക്കാർക്കിടയിൽ ഒരു സർവ്വേ നടത്തിയാൽ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം, കർഷകരിൽ ഗണ്യമായ ഒരു വിഭാഗം നാടൻ ഇനങ്ങളെക്കാളും അത്യുല്പാദന ശേഷിയുള്ള (High Yielding Variety )ഇനങ്ങളെക്കാളും ഇപ്പോൾ ആശ്രയിക്കുന്നത് സങ്കരഇനങ്ങളെ ആണ്.
പാവലിൽ മായയും പാലിയും മോനാലിസയും NS 435ഉം പടവലത്തിൽ 'White N Short 'ഉം വള്ളിപ്പയറിൽ റീനുവും ഫോലയും സുമന്തും NS 621ഉം തക്കാളിയിൽ ശിവം, ലക്ഷ്മി, സാഹോ, ഹീംശിഖർ, അഭിലാഷ്, അർക്ക രക്ഷക് എന്നിവയും വഴുതനയിൽ ഗുൽഷനും ഷറപോവയും മുളകിൽ സിയറയും ബുള്ളറ്റും AK 47ഉം സാലഡ് വെള്ളരിയിൽ സാനിയ, ഹിൽട്ടണും , കാഫ്ക്കയും , സ്‌നോ വൈറ്റും പപ്പായയിൽ റെഡ് ലേഡി, WS 46, ലുനാർ, ഡാൺ ഡിലൈറ്റും ഒക്കെ കളം നിറഞ്ഞിരിക്കുന്ന കാഴ്ചകൾ കാണാൻ കഴിയും.
നമ്മുടെ ഗവേഷണ കേന്ദ്രങ്ങളും കൃഷി ഫാമുകളും ഗുണ മേന്മയുള്ള സങ്കര ഇനം വിത്തുകൾ പുറത്തിറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കേരളത്തിൽ ഇപ്പോൾ തണ്ണിമത്തൻ നടാൻ പറ്റിയ സമയമാണ്.
നമ്മുടെ പഴക്കടകളിൽ ഏറിയ കൂറും തണ്ണിമത്തൻ വരുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്.
ഓപ്പൺ പ്രസിഷൻ ഫാമിങ് രീതികൾ അവലംബിച്ചു കൊണ്ട് ധാരാളം കർഷകർ ഇവിടെയും തണ്ണിമത്തൻ ലാഭകരമായി ചെയ്യാൻ തുടങ്ങിയിരിക്കുന്നു.
പുറമേ നിന്ന് കൊണ്ട് വരുന്ന തണ്ണിമത്തന്റെ അതേ വിലയ്ക്ക് നമ്മുടെ കർഷകർക്ക് തണ്ണിമത്തൻ വിൽക്കാൻ കഴിഞ്ഞാൽ അതൊരു വിപ്ലവം തന്നെ ആയിരിക്കും
ഇപ്പോൾ ആൾക്കാർ കുരു കുറഞ്ഞ ഇനങ്ങൾ ആണ് ഇഷ്ടപ്പെടുന്നത്. (കുരുവും കൂടി ചേർത്തു ചവച്ചരച്ചു കഴിച്ചാൽ ശരീരത്തിന് വേണ്ട 'resistant fibres 'നമുക്ക് കിട്ടും എന്നത് വേറേ കാര്യം ).
ശ്രദ്ധിയ്ക്കാനുള്ള രണ്ടാമത്തെ കാര്യം അതിന്റെ കായുടെ വലിപ്പമാണ് .
വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ അവയെ Picnic എന്നും Icebox എന്നും രണ്ടായി തിരിച്ചിരിയ്ക്കുന്നു. വലിപ്പം കൂടിയ കായകൾ (മൂന്ന് കിലോയിൽ ഒക്കെ കൂടിയവ)Picnic എന്ന വിഭാഗത്തിലും അതിൽ താഴെ ഉള്ളവ Ice box എന്ന വിഭാഗത്തിലും പെടുന്നു.
ചെറിയ കുടുംബങ്ങൾക്ക് കഴിക്കാനും ഫ്രിഡ്ജിൽ സൂക്ഷിക്കാനും Icebox ഇനങ്ങൾ ആണ് നല്ലത്.
വിപണിയിൽ പ്രിയം ഉള്ള ഇനങ്ങൾ
ഷുഗർ ബേബി :ഇന്ത്യൻ അഗ്രിക്കൾചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പൂസ, ഡൽഹി യിൽ നിന്നും ഇറക്കിയ ഇനമാണ്. നല്ല മധുരമുള്ള ഇനം. കടും പച്ച നിറത്തിൽ ഉള്ള തൊലി.
ശോണിമ : ചുവന്ന കാമ്പുള്ള കുരുവില്ലാത്ത ഇനം. കേരള കാർഷിക സർവ്വകലാശാലയുടെ ഇനം.
സ്വർണ : മഞ്ഞ നിറമുള്ള, കുരുവില്ലാത്ത ഇനം. കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയത്.
(ഇത്തരം ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ അഞ്ച് വരി കുരുവില്ലാത്ത ഇനങ്ങൾ കഴിഞ്ഞ് ആറാമത് ഒരു വരി ഷുഗർ ബേബി പോലെയുള്ള ഇനങ്ങൾ കൂടി പരാഗണത്തിനായി നട്ട് കൊടുക്കണം. ചിലപ്പോൾ കൃത്രിമ പരാഗണവും ചെയ്ത് കൊടുക്കേണ്ടി വന്നേക്കും. അതിന് ക്ഷമയുള്ളവർ മാത്രം അത് നട്ടാൽ മതിയാകും. (ഒരു Tetraploid ഇനവും ഒരു diploid ഇനവും ചേരുമ്പോൾ മാത്രമേ കുരുവില്ലാത്ത ഒരു triploid ഇനം രൂപപ്പെട്ടു വരൂ എന്നാണ് അതിന്റെ ശാസ്ത്രം.)
Known -you -seed എന്ന കമ്പനിയുടെ കിരൺ എന്ന ഇനത്തിന് നല്ല സ്വീകാര്യത ഉണ്ട്.അല്പം നീളമുള്ള (oblong )കായ്കൾ ആണ് കിരണിന്റേത്.
അവരുടെ തന്നെ Saraswathy എന്ന ഇനവും മികച്ചതാണ്. ഉരുണ്ട് നീണ്ട കായ്കൾ (short & oblong ) കുത്തനെ ഇളം പച്ച നിറത്തിൽ ഉള്ള വരകൾ ഉണ്ട്.
Shine seed കമ്പനിയുടെ F1 Creta എന്ന ഇനവും പ്രിയമുള്ളത് തന്നെ. Icebox type ആണ്.
East West seed കമ്പനി യുടെ Mukasa എന്ന ഇനവും വിപണിയിൽ പ്രിയതരമാണ്. കിരൺ ഇനത്തെ പോലെ ഇടത്തരം വലിപ്പമുള്ള നീണ്ട കായ്കൾ.
Syngenta യുടെ Augusta എന്ന ഇനവും പല കർഷകരും ഉപയോഗിക്കുന്നുണ്ട്.
കൂടാതെ Indian Institute of Horticultural Research പുറത്തിറക്കിയിട്ടുള്ള Arka Manik പോലെയുള്ള ഇനങ്ങളും ഉണ്ട്.
Indo American Hybrid Seed കമ്പനിയുടെ ഇനങ്ങളും കർഷകർ ചെയ്ത് വരുന്നു.
വാൽ കഷ്ണം :
ലോകത്തെ ഏറ്റവും വില പിടിപ്പുള്ള തണ്ണിമത്തൻ ജപ്പാൻ കാരുടെ Densuke Black Water melon ആണ്. (ആദ്യത്തെ ചിത്രം നോക്കുക ) കറുപ്പ് പോലെ തോന്നുന്ന, കടും പച്ച നിറത്തിൽ ഉള്ള തൊലിയോട് കൂടിയ ഇനമാണ് ഇത്.
വർഷത്തിൽ നൂറ് കായ്കൾ മാത്രമേ ഇത്തരം ഇനം അവർ ഉൽപാദിപ്പിക്കുകയുള്ളൂ എന്നത് കൊണ്ട് കൂടിയാണ് ഇതിന്റെ ലോകത്തില്ലാത്ത വിലയുടെ കാരണം.(അതിൽ കൂടുതൽ ഉല്പാദിപ്പിച്ചു വില കുറച്ചു വിറ്റു കൂടേ എന്ന് ജപ്പാൻ കാരനോട് ചോദിക്കരുത് ).
അല്ലെങ്കിലും ജപ്പാൻകാരന് ലോകത്തെ വില പിടിപ്പുള്ള കാർഷിക ഉത്പന്നങ്ങൾ എല്ലാം തന്റേത് ആകണം എന്ന് നിർബന്ധം ഉള്ള പോലെയാണ്. മിയാസാക്കി മാങ്ങകൾ, വാഗ്യു ബീഫ്, ഇപ്പോൾ Densuke തണ്ണിമത്തനും. പണം കൂടുതൽ കയ്യിൽ ഉണ്ടാകുമ്പോൾ അങ്ങനെ ചില ഭ്രാന്തുകളും ഉടലെടുക്കും.
നമ്മുടെ കൊടുങ്ങല്ലൂർ പൊട്ടു വെള്ളരിയും നെടുങ്ങോലം മാങ്ങയുമൊക്കെ ഇത് പോലെ എന്തെങ്കിലും കഥകൾ പറഞ്ഞ് അങ്ങനെ വലിയ വിലയ്ക്ക് ലോകവിപണിയിൽ വിൽക്കാൻ നമുക്കും കഴിയണം.
അവർ തേങ്ങ ഉടയ്ക്കുമ്പോൾ നമ്മൾ ചിരട്ട എങ്കിലും ഉടച്ചില്ലെങ്കിൽ പിന്നെ എന്തര്?..
ന്നാൽ അങ്ങട്...
പ്രമോദ് മാധവൻ