നിത്യജീവിതത്തില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ ബാധിക്കാം. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, പുറം വേദന പോലുള്ള ശരീരവേദനകള്‍, തലവേദന തുടങ്ങി പല ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാം. ഇവയെല്ലാം തന്നെ പ്രത്യക്ഷത്തില്‍ നിസാരമായി തോന്നുന്നവയാകാം. എന്നാല്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും ഇവ അത്ര നിസാരമാക്കാവുന്നത് ആയിരിക്കില്ല. ഗൗരവമുള്ള രോഗങ്ങളുടെ ലക്ഷണമായി വരുന്നതും ആകാമിവ.
അത്തരത്തില്‍ നിര്‍ബന്ധമായും ശ്രദ്ധ നല്‍കേണ്ടൊരു സംഗതിയാണ് ഇടുപ്പ് വേദന. പലരും ഇത് അത്ര കാര്യമായി എടുക്കാറില്ല. ഒരുപാട് ജോലി ചെയ്യുന്നത് മൂലമാകാം എന്നോ, അല്ലെങ്കില്‍ ചെറിയ എന്തെങ്കിലും കാരണങ്ങള്‍ കണ്ടെത്തിയോ അധികപേരും ഇതിനെ നിസാരമാക്കും.
എന്നാല്‍ കൊളസ്ട്രോള്‍ അധികരിക്കുന്നതിന്‍റെ ലക്ഷണമായി ആകാം ഈ ഇടുപ്പ് വേദനയെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൊളസ്ട്രോള്‍ കൂടുന്നത് എങ്ങനെയാണ് ഇതുപോലെ ബാധിക്കുകയെന്ന സംശയമാണോ? അതിലേക്ക് വരാം...
കൊളസ്ട്രോള്‍ കൂടുമ്പോള്‍ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് സുഗമമായ രക്തയോട്ടം തടസപ്പെടും. ഇത് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കാം. അധികവും കാലുകളിലാണ് ഈ രീതിയില്‍ പ്രശ്നത്തിലാവുക. എന്നാല്‍ ചിലരില്‍ ഇടുപ്പിലെ പേശികളിലും ഇതുപോലെ രക്തയോട്ടം കുറയുന്നതിന്‍റെ ഭാഗമായി വേദന കാണാം.
ഇടുപ്പ് വേദനയെ കൊളസ്ട്രോളുമായി ബന്ധപ്പെടുത്തി അധികമാരും ചിന്തിക്കില്ല. അതിനാല്‍ തന്നെ കൊളസ്ട്രോള്‍ കണ്ടെത്തപ്പെടാതെയും പോകാം. ഇതുകൊണ്ട് എന്താണ് പ്രശ്നമെന്ന് ചോദിച്ചാല്‍, ഉണ്ട്. ഗുരുതരമായ പ്രശ്നം തന്നെയുണ്ട്. കാരണം കൊളസ്ട്രോളഅ മൂലം രക്തയോട്ടം തടസപ്പെട്ട് തുടങ്ങിയിരിക്കുന്നു എന്ന് സമയത്തിന് മനസിലാക്കി അതിന് പരിഹാരം കണ്ടില്ലെങ്കില്‍ ക്രമേണ ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെയുള്ള ഗുരുതരമായ അവസ്ഥകളിലേക്കാണ് രോഗിയെത്തുക.
നല്ല തോതിലുള്ള വേദനയായിരിക്കും ഇടുപ്പില്‍ അനുഭവപ്പെടുക. പ്രത്യേകിച്ച് എന്തെങ്കിലും ജോലി ചെയ്യുമ്പോള്‍. അത് നടക്കുന്നത് ആയാല്‍ പോലും. എന്നാല്‍ വിശ്രമിക്കുമ്പോഴാകട്ടെ ഈ വേദന ഇല്ലാതാവുകയും ചെയ്യാം. ഇടുപ്പില്‍ നിന്ന് വേദന പതിയെ മാറി പിറകുവശത്തേക്കും തുടകളിലേക്കുമെല്ലാം എത്തുകയും ചെയ്യാം.