മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിയ്ക്കരുത്.. | പ്രമോദ് മാധവൻ


ലോകത്ത് ഏറ്റവും കൂടുതൽ മാങ്ങ ഉൽപ്പാദിപ്പിക്കുന്നത് നമ്മളാണ്. പക്ഷെ ആഗോള കയറ്റുമതിയുടെ കുത്തക നമുക്ക് ഇനിയും കരഗതമായിട്ടില്ല.

 വ്യത്യസ്ത കാലാവസ്ഥ മേഖലകൾ നില നിൽക്കുന്ന ഇന്ത്യയിൽ പലയിടങ്ങളിലും മാവുകൾ പൂക്കുന്നത് പല സമയത്താണ്.

കേരളത്തിൽ നവംബർ -ഡിസംബർ മാസത്തോടെ മാവുകൾ പൂവിടും. എന്നാൽ വടക്കേ ഇന്ത്യയിൽ ഫെബ്രുവരി -മാർച്ച്‌ മാസങ്ങളിൽ ആണ് മാവ് പൂക്കുക. വിപണിയിൽ ഏതാണ്ട് ജൂലൈ മാസം വരെ നമുക്ക് മാങ്ങകൾ സുലഭമായി ലഭിക്കും. അതിന് ശേഷം അടുത്ത ഫെബ്രുവരി -മാർച്ച്‌ ആകും വിപണിയിൽ മാങ്ങ വീണ്ടും എത്താൻ.

 എന്നാൽ കന്യാകുമാരി പോലെയുള്ള സ്ഥലങ്ങളിൽ വർഷത്തിൽ രണ്ടും മൂന്നും തവണ ചിലയിനം മാവുകൾ പൂക്കാറുണ്ട്. അതായത് മാവിന്റെ ഇനത്തേക്കാൾ നില നിൽക്കുന്ന കാലവസ്ഥയാണ് പുഷ്പിക്കലിനെ സഹായിക്കുന്നത് എന്ന് പറയാം.

വാണിജ്യാടിസ്ഥാനത്തിൽ മാവ് കൃഷി ചെയ്യുമ്പോൾ ചിട്ടയായ പരിചരണം നൽകണം.

 ജൂൺ മാസത്തോടെ മാവിന്റെ വിളവെടുപ്പ് അവസാനിക്കും. അപ്പോൾ മാവിന് ലഘുവായ ഒരു കൊമ്പ് കോതൽ (light prunning )നടത്താം. ബലം കുറഞ്ഞവ, കൊമ്പുണക്കം ബാധിച്ചവ, രോഗം ബാധിച്ചവ, അകത്തേക്ക് വളരുന്നവ പോലുള്ള ശിഖരങ്ങൾ എല്ലാം മുറിച്ചു മാറ്റണം.

കേട് വന്നവ കത്തിച്ചു കളയണം.

അതിന് ശേഷം നല്ല ഒരു വളപ്രയോഗം ആ മാസം തന്നെ നൽകാം.(വള പ്രയോഗ രീതി മുൻപൊരു ലേഖനത്തിൽ വിശദമായി പറഞ്ഞിട്ടുണ്ട് )
മാവിന്റെ ഇലചാർത്തിന്റെ വ്യാസത്തോളം എത്തുന്ന, ആഴം കുറഞ്ഞ തടം എടുത്ത് അതിൽ ആദ്യം കുമ്മായ പ്രയോഗവും രണ്ടാഴ്ച കഴിഞ്ഞ് ജൈവ -രാസ (NPK + Micro nutrients )വളങ്ങളും മാവിന്റെ പ്രായം അനുസരിച്ച് നൽകി തടത്തിൽ കരിയിലകൾ നിറച്ച് മണ്ണിട്ടു മൂടണം. ആ സമയത്ത് ധാരാളം മഴ പെയ്യുന്നുണ്ടാകും. ആയതിനാൽ നനയ്ക്കേണ്ട ആവശ്യം വരുന്നില്ല

തളിർത്ത് ഏതാണ്ട് 6 മാസമെങ്കിലും പ്രായമുള്ള ശിഖരങ്ങളിൽ ആണ് പൂക്കൾ ഉണ്ടാകുക.

സെപ്റ്റംബർ മാസത്തോടെ മാവിന്റെ ചുവട്ടിൽ നിന്നും ഏതാണ്ട് രണ്ടടി വ്യാസത്തിലും ഒരടി ആഴത്തിലും തടം എടുത്ത് ചില പ്രധാന വേരുകളിൽ ഒക്കെ വെയിൽ തട്ടുന്ന രീതിയിൽ തുറന്ന് ഇടണം.

ഈ സമയത്ത് നനയ്ക്കരുത്.  
ഇങ്ങനെ ചെയ്യുന്നത് മൂലം മാവിന് ചെറിയ ക്ഷീണം സംഭവിക്കുകയും അത് പൂവിടാൻ പ്രചോദനമാകുകയും ചെയ്യും. മാവിന്റെ ചുവട്ടിൽ ഈ സമയത്ത് പുകയ്ക്കുന്നതും പൂവിടീൽ വേഗത്തിലാക്കും.

പൂവിട്ടു തുടങ്ങിക്കഴിഞ്ഞാൽ തടത്തിൽ കരിയിലകൾ ഇട്ട് മിതമായ അളവിൽ നനച്ചു കൊടുക്കണം.

പൂക്കൾ പ്രായമാകുമ്പോൾ പൊട്ടാസ്യം നൈട്രേറ്റ് (KNO3) 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ എല്ലാ ഇലകളിലും വെയിൽ ഉറയ്ക്കുന്നതിനു മുൻപ് സ്പ്രേ ചെയ്ത് കൊടുക്കണം.
 നന തുടരണം.

നമ്മൾ എത്ര തന്നെ പരിചരിച്ചാലും പൂക്കളുടെ ഒരു വലിയ പങ്കും (ഏതാണ്ട് 99ശതമാനവും )കൊഴിഞ്ഞു പോകും. അത് കൊണ്ടാണ് 'മക്കളേ കണ്ടും മാമ്പൂ കണ്ടും കൊതിയ്ക്കരുത് എന്ന് പറയുന്നത്. മാമ്പൂക്കൾ കൊഴിയുമ്പോൾ, മക്കൾ പുതിയ മേച്ചിൽപുറങ്ങൾ തേടി പോകും. പിന്നെ അപ്പനും അമ്മച്ചിയും കൂടി 'കടത്തുവള്ളം യാത്രയായി, കരയിൽ നാം മാത്രമായി 'എന്ന പാട്ടും പാടി ഇരിക്കാം.

മാവിന്റെ പൂങ്കുലകളിൽ രണ്ട് തരം പൂക്കൾ ഉണ്ട്. ആൺപൂക്കളും(male flowers ) ദ്വിലിംഗ പുഷ്പങ്ങളും (Hermaphroditic flowers ). ഇതിൽ ദ്വിലിംഗ പുഷ്പങ്ങൾ ആണ് മാങ്ങ ആകുന്നത്. അതിൽ തന്നെ പല മാവുകളിലെ പൂക്കളിലെയും ജനിപുടത്തിന് സ്വന്തംമാവിലെ പൂവിന്റെ പരാഗ രേണുക്കളെ ഇഷ്ടമല്ല.(Self incompatibility /Self sterility ) ആയതിനാൽ വേറേ ഒരു ഇനത്തിന്റെ പരാഗം (Pollen) വേണ്ടി വരും ഫലം ഉറയ്ക്കാൻ.അത് കൊണ്ട് പലയിനം മാവുകൾ (Pollenizer ) ഇട കലർത്തി വേണം തോട്ടം ഉണ്ടാക്കാൻ.

 മാങ്ങാ ഗോലിപ്പരുവം ആയാൽ മണ്ണിൽ ഈർപ്പം കുറയാതെ നോക്കണം.

ഒന്നോ രണ്ടോ തവണ Mono Ammonium Phosphate (MAP,12:61:0) എന്ന വളം രണ്ടാഴ്ച ഇടവേളയിൽ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ പൂങ്കുലയിൽ തളിച്ച് കൊടുക്കുന്നത് നന്നായിരിക്കും.

മാവിന്റെ രോഗ കീടങ്ങളെ എല്ലാം തത്സമയം തന്നെ നിയന്ത്രിക്കണം.

മാന്തളിർ മുറിയൻ(Leaf cutting weevil )

ഇലപ്പുള്ളി രോഗം(Anthracnose )

പൊടിപ്പൂപ്പ് രോഗം (Powdery Mildew

കൊമ്പുണക്കം (Die back disease )

നീരൊലിപ്പ് (Gummosis )

തുള്ളൻ (Mango hopper )

കായീച്ച (Fruit Fly )

ഇങ്ങനെ മാവിനെ കൊല്ലാക്കൊല ചെയ്യാൻ കൊട്ടേഷൻ സംഘങ്ങൾ ധാരാളം ഉണ്ട്. അവരെ നിയന്ത്രിക്കാൻ,കൃഷി ശാസ്ത്രം പഠിച്ച, ഇപ്പോഴും അതൊക്കെ ഓര്മയുള്ള ആൾക്കാരോട് ചോദിച്ച്,കൃത്യമായ മരുന്ന്,കൃത്യമായ അളവിൽ പ്രയോഗിച്ചു പരിപാലിച്ചാൽ 'ലവര് '  (ഇതര സംസ്ഥാനക്കാർ )  പത്ത് തവണ മരുന്നലയിൽ മുക്കിത്തോർത്തി കൊണ്ടുവരുന്ന മാങ്ങയ്ക്ക് പകരം വീട്ടിലെ മാങ്ങ തന്നെ കഴിക്കാം.

 അല്ലാത്തവർക്ക് അവരുടെ വഴി. സൂചി കൊണ്ടെടുക്കേണ്ടത് ഹിറ്റാച്ചി കൊണ്ട് എടുക്കേണ്ട അവസ്ഥ ഉണ്ടാകരുത് എന്ന് മാത്രം.

മുൻ വർഷം മാങ്ങകൾ വിണ്ട് കീറി പോവുകയോ, കായ്കളുടെ തൊലിയിൽ മുഴകൾ ഉണ്ടാകുകയോ ഒക്കെ വന്നെങ്കിൽ മണ്ണിൽ 50-100ഗ്രാം Borax വളങ്ങളുടെ കൂട്ടത്തിൽ കൊടുക്കാം. കൂടാതെ Solubor 3ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിലും കൊടുക്കാം.

വാൽകഷ്ണം പൂക്കാത്ത മാവിനെ, 'പൂപ്പിക്കാൻ '🤭 ഒരു പിടി വിദ്യകളുണ്ട്. മോതിര വളയം തീർക്കൽ, Cultar (Paclo butrazole )ന്റെ പ്രയോഗം ഒക്കെ. AOAOK പുറത്തിറക്കിയ കന്നിമണ്ണിന്റെ 'മാവ് കൃഷി '  ലക്കം വായിച്ചാൽ അതിനെ കുറിച്ചും കീട-രോഗ നിയന്ത്രണത്തെ കുറിച്ചും കൂടുതൽ മനസ്സിലാക്കാം.ആ ലക്കം വേണ്ടവർ 9496769074എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യണം.

എന്നാൽ പിന്നെ വൈകേണ്ട. മാവിന്റെ അടുത്ത് ചെന്ന് വേണ്ട പരിചരണം നൽകിയാട്ടെ..

അപ്പോഴേക്കും ഞാൻ അങ്ങട്....

പ്രമോദ് മാധവൻ



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section