എന്താണ് "വാം" (VAM) (വെസിക്കുലാർ ആർബെസ്കുലാർ മൈക്കോ റൈസ)

        എന്താണ് "വാം" (VAM) എന്ന് അറിഞ്ഞ് കൂടാത്തവരാണ് കൂടുതൽ കർഷകരും. വേര് നന്നായാൽ ചെടികൾ നന്നായി എന്ന ചൊല്ല് നമ്മുടെ നാട്ടിലുണ്ട്. ചെടികളുടെ വേരു വളർച്ച കൂട്ടാൻ സഹായിക്കുന്നതോടൊപ്പം ,മണ്ണിൽ അലിയാതെ കിടക്കുന്ന ഭാവകങ്ങളെ ( ഫോസ്ഫറസ് ) വിഘടിപ്പിച്ച്  മണ്ണിലേക്കു ചേർത്ത് ചെടികളുടെ വളർച്ച കൂട്ടാൻ സഹായിക്കുന്ന ജീവാണു വളമാണ് "വാം" . ഇത് നമ്മുടെ കൃഷിയിടത്തിൽ സുലഭമായി ഉൽപ്പാദിപ്പിക്കുവാനും കഴിയും. വേരു വളർച്ച കൂട്ടുന്നതു കാരണം ചെടികൾ മണ്ണിലെ പോഷകങ്ങൾ വലിച്ചെടുത്ത് വേഗത്തിൽ വളരുന്നു. കൂടാതെ പലതരത്തിലുള്ള സൂക്ഷ്മജീവികളുടെ ആക്രമണത്തിൽ നിന്നും വേരുകൾക്ക് സംരക്ഷണം നൽകാൻ ഈ സൂക്ഷ്മജീവികൾക്ക് കഴിയുന്നു. വാം കുമിളിൻ്റെ തന്തുക്കൾ വേരുകൾക്ക് ചുറ്റും ഈർപ്പം നിലനിർത്തുവാനും സഹായിക്കുന്നുണ്ട് അങ്ങനെ ചെടികൾക്ക് വരൾച്ചയെ അതിജീവിക്കുവാനുള്ള കഴിവും , പ്രധാനം ചെയ്യുവാൻ വാമിനു കഴിയും.കൃഷിയിടത്തിൽ വിത്തുപാകുന്നതിന് മുമ്പ്, മണിൽ വാം ഇട്ട ശേഷം, അതിനു മുകളിൽ വിത്ത് പാകുന്നതാണ് നല്ലത്. 

തൈകൾ പറിച്ചുനടുന്ന സമയത്തും വാം ഇട്ട ശേഷം നടുകയാണെങ്കിൽ ,ചെടികൾ വളരെ വേഗം വേരുപിടിക്കുന്നതിനും ,വളർച്ച കൂട്ടുന്നതിനും സഹായകമാകും. ഒരു ചെടി / വിത്ത് നടുന്നതിന് മുമ്പ് 20-25 gm വാം ഇട്ട ശേഷം അതിനു മുകളിലായി ,വിത്തോ ,തൈകളോ, നടാവുന്നതാണ്. ചെടികളുടെ വേരു പടലങ്ങൾ കാണുന്ന ഭാഗത്ത് സൂക്ഷ്മ മൂലകങ്ങളുടെ, കുറവുണ്ടെങ്കിൽ ,സൂക്ഷ്മമൂലകങ്ങളെ തിരഞ്ഞുപിടിച്ച് ചെടികളുടെ വേരുപടലങ്ങൾക്കടുത്തേക്ക് എത്തിക്കുന്ന ജോലി ഈ മൈക്കോ റൈസാ കുമിളുകൾ ചെയ്യുന്നുണ്ട്. ചെടികളുടെ വളർച്ചക്ക് ഇത്ര സഹായങ്ങൾ ചെയ്യുന്ന മറ്റൊരു സൂക്ഷ്മ ജീവി ഇല്ലയെന്നു വേണം പറയാൻ.വാം അതിൻ്റെ ശരീരത്തിൽ പലതരത്തിലുള്ള ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. അവ ഓരോന്നും ചെടികളുടെ വളർച്ചയ്ക്ക് സഹായകവുമാണ്. ചെടികളുടെ വേരുപടലങ്ങളെ ആക്രമിക്കുന്ന നിമ വിരകളെ നശിപ്പിക്കുവാനുള്ള കഴിവ് വാമിനുണ്ട്.

        50 ചട്ടി "വാം" നിർമ്മിക്കുന്നതിന് നന്നായി അരിച്ചെടുത്ത് വെയ്ലത്ത് ഉണക്കി ട്രീറ്റ് ചെയ്ത 25  Kg മണ്ണ് എടുക്കുക .മണൽ അരിക്കുന്ന അരിപ്പു പയോഗിച്ച് കല്ലും മറ്റ് പദാർത്ഥങ്ങളും നീക്കം ചെയ്ത് പൊടി രൂപത്തിലാക്കിയ മണ്ണാണ് വാം നിർമ്മാണത്തിൽ ഉപയോഗിക്കുന്നത്..മണ്ണിൽ അടങ്ങിയിട്ടുള്ള കീടങ്ങളെ നശിപ്പിച്ച് അണുവിമുക്തമാക്കിയ ശേഷം നാലോ അഞ്ചോ ദിവസം ,ടാർപ്പോളിൻ ഷീറ്റ് ഉപയോഗിച്ച് മൂടിവെക്കണം. സ്റ്റെർലൈസ് ചെയ്ത മണ്ണിൽ, 100kg ചകിരിച്ചോറ് കമ്പോസ്റ്റ് ,100 Kg മണ്ണിര കമ്പോസ്റ്റ് ,15 kg ചാണകപ്പൊടി  , 4 Kg പെർലൈറ്റും ,3Kg വെർമിക്കുലൈറ്റും ,വാം കൾച്ചറായ ഇന്നോക്കുലം 100gm ആവശ്യമാണ്. മേൽപ്പറഞ്ഞ ഇന്നോക്കുലം ഒഴികെയുള്ള ഉൽപ്പന്നങ്ങൾ എല്ലാം ചേർത്ത് നന്നായി ഇളക്കിയ ശേഷം, ചട്ടികളിൽ നിറയ്ക്കാവുന്നതാണ്. മൺചട്ടിയോ അല്ലെങ്കിൽ  പ്ലാസ്റ്റിക്ക് ചട്ടികളോ ഉപയോഗിക്കാവുന്നതാണ്. ചട്ടികളിൽ മിശ്രിതം നിറച്ച ശേഷം ,വാം കൾച്ചറായ ഇന്നോക്കുലം ഇട്ട് ചോളം വിത്തുകൾ നടാവുന്നതാണ്. ഇന്നോക്കുലത്തിന് വില വളരെ കൂടുതലാണ്. 100gm ന് ഏകദേശം ആയിരം രൂപയോളം വിലയുണ്ട്. ഹൈബ്രിഡ് ചോളം വിത്താണ് വാം ഉൽപ്പാദനത്തിന് നല്ലത്.ഹൈബ്രിഡ് ചോളത്തിന് നാടൻ ചോളത്തേക്കാൾ വേരു വളർച്ച കൂടുതലാണ്.ചോളം ചെടികളുടെ വേരുപടലങ്ങളിൽ വാം നന്നായി വളരും. ചോളം മുളച്ച് ഏകദേശം 60 ദിവസം കഴിയുമ്പോൾ നെൽക്കതിർ പോലുള്ള പൂക്കൾ വരാൻ തുടങ്ങും. പൂക്കൾ ഉണ്ടായാൽ ചുവട്ടിൽ വാം തയാറായെന്നാണർത്ഥം .60 ദിവസം കഴിഞ്ഞ ചോളം ചെടികളെ ചുവട്ടിൽ വെച്ച് കട്ട് ചെയ്ത് ,ഇലയും തണ്ടും വളർത്തുമൃഗങ്ങൾക്ക് ഭക്ഷണമായി നൽകാവുന്നതാണ്. വളർത്തുമൃഗങ്ങൾ വീട്ടിൽ ഇല്ലായെങ്കിൽ ചെടികൾക്ക് അടിവളമായും ഉപയോഗിക്കാം. ചോളം ചെടികളുടെ മുകൾ ഭാഗം മുറിച്ചുമാറ്റിയ ശേഷം ,ചട്ടിയിൽ നിന്ന് വേരുപടലങ്ങളും ,അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന ,മണ്ണും വളക്കൂട്ടുകളും വേർതിരിക്കാവുന്നതാണ്. അതിനു ശേഷം വേരുപടലങ്ങളെയും അതിൽ ചേർന്നു നിൽക്കുന്ന മണ്ണും ,വളങ്ങളും കൈ കൊണ്ട് നന്നായി പൊടിച്ച ശേഷം തണലിൽ സൂക്ഷിക്കാവുന്നതാണ്. 

ചോളം ചെടിയുടെ വേരുപടലങ്ങളോട് ചേർന്ന് ധാരാളം മൈക്കോ റൈസകൾ കാണുന്നതിനാൽ വേരുപടലങ്ങൾ രണ്ടു ദിവസം തണലത്ത് ഉണക്കിയ ശേഷം ചെറുകഷ്ണങ്ങളായി മുറിച്ച് ,നന്നായി പൊടിക്കുക. ഇതിനെ ഇന്നോക്കുലം എന്നു പറയുന്നു. വാം ഉൽപ്പാദനം ആദ്യമായി തുടങ്ങുമ്പോൾ വാം കൾച്ചറായി ഈ ഇന്നോക്കുലം ഉപയോഗിക്കാവുന്നതാണ്.ഈ ഇന്നോക്കുലത്തിൽ അടങ്ങിയിരിക്കുന്ന മൈക്കോ റൈസകൾ ചേളം ചെടികളുടെ വേരുപടലങ്ങളിലൂടെ വ്യാപിക്കുന്നു. കർഷകരും.

SK. ഷിനു

കൃഷി അസിസ്റ്റൻ്റ്

ചിത്രം :ശ്രീ. ഷൈൻ വലിയാറയുടെ കൃഷിയിടം 



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section