കേരളത്തിൽ അനുദിനം വളർച്ച നേടുന്ന ഫാം ടൂറിസം എന്ന നവീന ആശയത്തെ മൂന്ന് ഏക്കർ സ്ഥലത്ത് ആവിഷ്കരിക്കുകയാണ് എറണാകുളം പെരുമ്പാവൂരിനടുത്ത് കോടനാട് പാണാംകുഴിയിൽ സ്ഥിതിചെയ്യുന്ന ഹരിത ബയോ പാർക്ക്. പ്രകൃതിയിൽനിന്നുള്ള പഠനവും ആസ്വാദനം ഒരുപോലെ സാധ്യമാകുന്ന ഇവിടം പ്രകൃതിയുടെ നിത്യഹരിത കാഴ്ചകൾ സമ്മാനിക്കുന്ന ഇടമാണ്. ചതുര കുളത്തിലും സ്ഫടിക പാത്രത്തിലും നീന്തിത്തുടിക്കുന്ന മത്സ്യങ്ങളും, വർണരാജി വിതറുന്ന വിവിധതരത്തിലുള്ള അലങ്കാര പക്ഷികളും,ഹരിത ഭൂമിക്ക് തണൽ ഒരുക്കുന്ന ഫലവൃക്ഷങ്ങളും പകരുന്ന ആസ്വാദനതലം തികച്ചും വ്യത്യസ്തം.