തൂശനിലയില്‍ വിളമ്പിയ ചോറും മലയാളത്തനിമ നിറഞ്ഞ കറികളും, അവസാനം പായസവും. സദ്യയെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം നിറയാത്ത മലയാളികളുണ്ടാവില്ല. കറികളുടെ രുചിയും പായസത്തിന്റെ സ്വാദുമെല്ലാം ഓരോ സദ്യക്ക്് ശേഷവും നാവിലങ്ങനെ നില്‍ക്കും.. എപ്പോഴെങ്കിലും ഈ സദ്യ വിളമ്പുന്ന വാഴയിലകള്‍ ആരെത്തിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ…അതിന് പിന്നിലുമുണ്ട് കര്‍ഷകന്റെ അധ്വാനം. അത്തരത്തില്‍ കുല ലക്ഷ്യമാക്കാതെ, ഇല വെട്ടിയെടുത്ത് വാഴയില്‍ നിന്ന് വരുമാന മാര്‍ഗം കണ്ടെത്തുന്ന കര്‍ഷകനാണ് ആലപ്പുഴ മുഹമ്മ കായപ്രം സ്വദേശി കൂപ്ലിക്കാട്ട് ചാക്കോ. ഹോംസ്റ്റേ സര്‍വീസിനൊപ്പം വാഴയില കൃഷിയും മുന്നോട്ട് കൊണ്ടുപോകുന്നയാളാണ് ചാക്കോ.
വിദേശരാജ്യങ്ങളില്‍ ഹോം നഴ്സായി ജോലി ചെയ്തു വന്ന ചാക്കോ കഴിഞ്ഞ അഞ്ചുവര്‍മായാണ് വാഴക്കൃഷിയിലേക്ക് കടന്നത്. ജോലിക്കിടെ മറ്റ് രാജ്യങ്ങളിലെ തോട്ടങ്ങള്‍ സന്ദര്‍ശിച്ചതാണ് പരമ്പരാഗത കര്‍ഷകകുടുംബാഗമായ ചാക്കോയ്ക്ക് കൃഷിയിലേക്ക് മടങ്ങാന്‍ പ്രചോദനമായത്.