മാമ്പാഴക്കൂട്ടത്തിൽ മല്ലികയാണ് നീ... | പ്രമോദ് മാധവൻ

You are the sweetest among the mangoes...  Pramod Madhavan

ആഹാ.. അതെന്നാണ് മൽഗോവയെ മറികടന്നു മല്ലിക പ്രിയതരമായത്?

 അതേ. ഇപ്പോൾ മല്ലികയാണ് താരം. അച്ചനും അമ്മയും പ്രശസ്തരെങ്കിൽ മക്കൾ മോശക്കാരാകുമോ?

പായുന്നവന്റെ മോൻ  പറക്കും എന്നല്ലേ ബനാന ടോക്ക്. (പഴം ചൊല്ല് 🤭).

ഒരു പഴം (Table variety ) എന്ന നിലയിൽ  മാർക്കറ്റിൽ ക്ലച്ച് പിടിക്കണം എങ്കിൽ മാവിന് അഭികാമ്യമായ കുറച്ച് ഗുണങ്ങൾ ഉണ്ടാകണം.

1. നേരത്തെ മാങ്ങാ പാകമാകണം. (Early variety ). എങ്കിൽ വിപണിയിൽ നല്ല വില കിട്ടും. എല്ലായിടത്തും മാങ്ങാ ആയാൽ വില കുറയും.

2. എല്ലാ കൊല്ലവും ഭേദപ്പെട്ട വിളവ് തരണം (Regular Bearing )

3. നല്ല തൊലിക്കട്ടിയും സൂക്ഷിപ്പ് കാലാവധിയും. (Long shelf life )

4. ഭേദപ്പെട്ട വലിപ്പം

5. ആകർഷകമായ ആകൃതി

6. പഴുക്കുമ്പോൾ നല്ല നിറം

7. വലിപ്പം കുറഞ്ഞ മാങ്ങയണ്ടി (വിത്ത് )

8. കുറഞ്ഞ നാരിന്റെ അംശം

9. കാമ്പിന് അഭികാമ്യമായ Acid -sugar അനുപാതം.

10. ആകർഷകമായ സുഗന്ധം

11. Mango malformation, spongy tissue disorder, die back disease, fruit fly എന്നീ  രോഗങ്ങൾക്കും കീടങ്ങൾക്കും എതിരെ പ്രതിരോധ ശേഷി.

12. മരത്തിന് ഒരുപാട് വലിപ്പം വയ്ക്കാത്ത പ്രകൃതം.

ഏത് മാവിനുണ്ട് ഈ ഗുണങ്ങളെല്ലാം?

ലക്ഷം മാങ്ങകൾ കൂടുമ്പോൾ അതിൽ ലക്ഷണമൊത്തവർ ഒന്നോ രണ്ടോ എന്നല്ലേ കവി പാടിയത്? 🤭

എന്നാൽ അവൾ, മല്ലിക.. ലക്ഷണമൊത്തവൾ.

അമ്മ നീലം. പാണ്ടി നാട്ടുകാരിയാണ്.വിപണിയിൽ എത്താൻ അല്പം വൈകും. നല്ല തൊലിക്കട്ടി. നല്ല മധുരം.അച്ഛൻ ദശ്ശേരി (Dusheri ). ഉത്തർ പ്രദേശ് കാരൻ.ഒട്ടും മോശക്കാരൻ അല്ല കക്ഷിയും. അരം +അരം =കിന്നാരം🤪 അവർക്ക് പിറന്ന കടിഞ്ഞൂൽ സന്തതി മല്ലിക. Indian Agricultural Research Institute ലെ ഗവേഷകൻ Dr. രാംനാഥ് സിംഗ് ആയിരുന്നു ഇവളുടെ പിറവിക്ക് പിന്നിലെ സൂത്രധാരൻ.

1971ൽ Dr. പിയൂഷ്‌ കാന്തി മജുംദാർ മറ്റൊരു ശ്രമം നടത്തി . ഇത്തവണ അച്ഛനെയും അമ്മയെയും ഒന്ന് തിരിച്ചിട്ടു. അപ്പൻ ദശ്ശേരി. മമ്മി നീലം. അതാ വരുന്നു കുള്ളൻ മാവ് അമ്രപാലി. അതി തീവ്ര സാന്ദ്രത നടീൽ രീതി (Ultra High Density Planting )യ്ക്ക് പറ്റിയ ആൾ.

മല്ലിക ഒരു mid -season variety ആണെന്ന് പറയാം. മൂത്ത് വിളഞ്ഞ മാങ്ങാകൾ വിപണിയിൽ എത്തുന്നത് ജൂൺ -ജൂലൈ മാസത്തിൽ. മൂത്ത് പഴുത്താൽ നല്ല മഞ്ഞ നിറം. (Cadmium Yellow ). ചെറിയ വെള്ളക്കുത്തുകൾ തൊലിയിൽ കാണാം.500-700ഗ്രാം വലിപ്പമുള്ള മാങ്ങകൾ. എല്ലാ കൊല്ലവും ഭേദപ്പെട്ട രീതിയിൽ കായ്കൾ തരും. ഒരു വലിപ്പം വയ്ക്കാത്ത മര പ്രകൃതം.നാര് തീരെ ഇല്ല. നല്ല തേൻ മധുരം. മാങ്ങയണ്ടി ഇല്ല എന്ന് തന്നെ പറയാം.നീലവും ബംഗാനപ്പള്ളിയും ഒക്കെ 70-75രൂപ നിരക്കിൽ കിട്ടുമ്പോൾ മല്ലികയുടെ വില നൂറിന് പുറത്ത് പോകും.ഭേദപ്പെട്ട രോഗ -കീട പ്രതിരോധ ശേഷി. പഴമായും ജ്യൂസ്‌ ആയും മാങ്ങാതെരയായും കേമം. മാവിൽ നിന്നും തന്നെ വിളഞ്ഞതിന് ശേഷം പറിച്ച് പഴുപ്പിക്കാൻ വയ്ക്കണം. കൃത്രിമ രീതികളൊന്നും തന്നെ പഴുപ്പിക്കാൻ ആവശ്യമില്ല.

ഇപ്പോൾ ഗുജറാത്തിൽ ഒക്കെ വാണിജ്യാടിസ്ഥാനത്തിൽ മല്ലിക കൃഷി ചെയ്യാൻ തുടങ്ങിയിരിക്കുന്നു.ബദാമിയോടും കേസറിനോടുമോപ്പം.

വിദേശികൾ,പ്രത്യേകിച്ചും ജപ്പാൻ കാർ മല്ലികയോട് ഒരു പ്രത്യേക പ്രതിപത്തി കാണിക്കുന്നുണ്ടത്രേ. മിയസാക്കി മാങ്ങായോളം എത്തിയില്ലെങ്കിലും അതിന്റെ അടുത്തൊക്കെ അവർ ഇവളെയും നിർത്തുന്നുണ്ടാകണം.

വാൽ കഷ്ണം : ഞാനും പ്രിയ സുഹൃത്ത് കൃഷിവകുപ്പിൽ നിന്നും വിരമിച്ച അനിൽകുമാർ സാറും (നെടുങ്ങോലം, MLA Jn, അരവിന്ദ് നഴ്സറി )പലപ്പോഴും മാവിനങ്ങളെക്കുറിച്ച് ദീർഘമായി സംസാരിക്കാറുണ്ട്. അപ്പോൾ അദ്ദേഹം പറയാറുണ്ട് നിങ്ങൾക്ക് മൂന്ന് മാവ് വീട്ടിൽ വെയ്ക്കാൻ സ്ഥലസൗകര്യമുണ്ടെങ്കിൽ അതിൽ മൂന്നാമി മല്ലിക തന്നെ ആയിക്കോട്ടേ എന്ന്. പക്ഷെ ആകെ ഒരു മാവിന് മാത്രമേ സ്ഥലം ഉള്ളൂ എങ്കിൽ അത് തെക്കൻ കേരളത്തിൽ ആണെങ്കിൽ, ഒന്നും രണ്ടും കാലപ്പാടിയോ കൊട്ടൂർക്കോണമോ ആകുന്നതാകും നന്ന്.

നല്ല മാവിൻ തൈകൾ അദ്ദേഹത്തിന്റെ നഴ്സറിയിൽ ലഭിക്കും. Ph +91 94470 81222

തയ്യാറാക്കിയത്

പ്രമോദ് മാധവൻ

പടം കടം :ഫേസ് ബുക്ക് 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section