തെങ്ങ്-മാതൃവൃക്ഷം തിരഞ്ഞെടുക്കലും വിത്തു തേങ്ങ മുളപ്പിയ്ക്കലും

coconut tree farming in kerala 02

coconut seed

                      നല്ല വിളവും, രോഗങ്ങൾ ഇല്ലാത്തതുമായ, തെങ്ങിൽ നിന്നാണ് വിത്തു തേങ്ങ ശേഖരിക്കേണ്ടത്. എല്ലാ വർഷവും നല്ല വിളവു തരുന്നതും, രോഗങ്ങൾ ഇല്ലാത്തതും ,ഇടത്തരം വലിപ്പത്തിൽ ഗുണനിലവാരമുള്ള തേങ്ങ വിളയുന്നതുമായ ,തെങ്ങുകളെ കണ്ടെത്തി അതിൽ നിന്നാണ് വിത്തുതേങ്ങ ശേഖരിക്കുന്നത്.തെങ്ങിനെ പോലെയുള്ള, ചിരസ്ഥായി വൃക്ഷങ്ങളുടെ വിത്ത് തെരഞ്ഞെടുക്കുന്നതിൽ, പ്രത്യേകം ശ്രദ്ധ ചെലുത്തണം. 

"വിത്തുഗുണം പത്തുഗുണം എന്നാണല്ലോ ചൊല്ല്."

 വിത്ത് തേങ്ങ തിരഞ്ഞെടുക്കുന്ന വിധം തവാരണകൾ തയ്യാറാക്കി, വിത്തു തേങ്ങ പാകുന്ന വിധം, നടാനുള്ള തൈകൾ തിരഞ്ഞെടുക്കുന്ന വിധം, എന്നിവ കർഷകൻ അറിഞ്ഞിരിക്കേണ്ട വയാണ്.


മാതൃവൃക്ഷത്തിൻ്റെ ലക്ഷണങ്ങൾ

 1)എല്ലാ വർഷവും നന്നായി കായ്ക്കുക.

2) ജലസേചനം നടത്താത്ത തെങ്ങുകളിൽ ഒരു വർഷത്തിൽ ശരാശരി 80 നാളികേരവും , ജലസേചനം ഉണ്ടെങ്കിൽ 125 നാളികേരവും വിളയുന്ന തെങ്ങിൽ നിന്നാണ് വിത്തുതേങ്ങ ശേഖരിക്കേണ്ടത്.

3) മണ്ടയിൽ ഏകദേശം 35 മുതൽ 40 വിടർന്ന ഓലകൾ ഉണ്ടായിരിക്കണം.

4) ഓലമടൽ ഒടിഞ്ഞ് തൂങ്ങാതെ തെങ്ങിൻ്റെ തായ്ത്തടിയോട് ബലമായി ബന്ധിപ്പിച്ചിരിക്കണം'

5 ) ഒരു വർഷം 12 മുതൽ 15 വരെ കുലകളെങ്കിലും ഉണ്ടായിരിക്കണം.

6) വളരെ വലുതും ,തിരെ ചെറുതുമായ നാളികേരം വിത്തിനു യോജിച്ച തല്ല.ഇടത്തരം വലിപ്പമുള്ളതും അൽപ്പം നീളമുള്ളതുമായ തേങ്ങ ഉൽപ്പാദിപ്പിക്കുന്ന തെങ്ങായിരിക്കണം.നീണ്ട തേങ്ങയിൽ കൂടുതൽ പരിപ്പുണ്ടെന്ന് സാരം.

7) നാളികേരം പൊതിച്ച് നോക്കിയാൽ 600 ഗ്രാമിന് മുകളിൽ തൂക്കം ഉണ്ടായിരിക്കണം.

8) ഒരു തേങ്ങയിൽ നിന്ന് ശരാശരി 150 ഗ്രാമിനു മുകളിൽ കൊപ്ര ലഭ്യമാകണം.

9) രോഗ കീടബാധയുള്ള വൃക്ഷങ്ങൾ മാതൃവൃക്ഷമായി തിരഞ്ഞെടുക്കുവാൻ പാടില്ല.


വിത്തുതേങ്ങ ശേഖരിക്കുന്ന വിധം

                               ജനുവരി മുതൽ മെയ് വരെയാണ് നമ്മുടെ നാട്ടിലെ തെങ്ങുകളിൽ വലിയ കുലകളും ,വലിപ്പമുള്ള നാളികേരങ്ങളും ഉണ്ടാകുന്നത്. അതിനാൽ ഈ മാസങ്ങളിൽ വിത്തുതേങ്ങ സംഭരിക്കാം. വിത്തുതേങ്ങക്കായി സെലക്റ്റ് ചെയ്ത കുലകൾ 11 മുതൽ 12 മാസം മൂപ്പുണ്ടാകണം. വിത്തിന് പാകമായ തേങ്ങാക്കുലകൾ കയറുപയോഗിച്ച് കെട്ടിയിറക്കുന്നതാണ് നല്ലത്. എന്നാൽ കൂടുതൽ ഉയരമില്ലാത്തതും ,ചുവട്ടിൽ ഇളക്കമുള്ള മണ്ണാണെങ്കിൽ ,വെട്ടിയിടുകയുമാകാം. കുലയിലെ എല്ലാ തേങ്ങയും വിത്തിനായി ഉപയോഗിക്കുകയില്ല. ചെറുതും ,കേടുള്ളതുമായ നാളികേരങ്ങൾ ഒഴിവാക്കുക. നന്നായി വിളഞ്ഞ നാളികേരത്തിൽ കൊട്ടിനോക്കിയാൽ ലോഹങ്ങൾ കൊട്ടുമ്പോൾ കേൾക്കുന്ന ശബ്ദമുണ്ടാകും.

വിത്തുതേങ്ങ സൂക്ഷിക്കൽ

മെയ്, ജൂൺ ,മാസങ്ങളിൽ ,മഴ കിട്ടിയതിനു ശേഷമാണ് വിത്തുതേങ്ങ പാകുക. ജനുവരി മുതൽ ശേഖരിക്കുന്ന വിത്തു തേങ്ങ ,തേങ്ങാവെള്ളം വറ്റാതെ സൂക്ഷിക്കണം. അതുപോലെ 60 ദിവസമെങ്കിലും നാളികേരം സൂക്ഷിച്ച് പച്ചനിറം മാറിയ ശേഷമെ പാകാറുള്ളു. ഒരു ഷെഡിൽ തറയിൽ 8 സെ.മീ കനത്തിൽ ഈർപ്പമില്ലാത്ത മണൽ വിരിക്കുക. അതിനു മുകളിലായി ഒരു വരി തേങ്ങ കുത്തനെ അടുക്കുക. വീണ്ടും അതിനു മുകളിൽ മണൽ വിരിക്കുക. ഒന്നര മീറ്റർ ഉയരത്തിൽ വരെ ഇങ്ങനെ വിത്തുതേങ്ങ അടുക്കാവുന്നതാണ്. ഏറ്റവും മുകളിലും മണൽ നിരത്താം. ഏകദേശം 8 മാസം വരെ വിത്തു തേങ്ങ ഇങ്ങനെ നിലനിർത്തണം .ദീർഘകാലം സൂക്ഷിച്ചാൽ ഉൾഭാഗത്ത് ഉണക്കേൽക്കാനും തേങ്ങാവെള്ളം വറ്റിപ്പോകാനും ഇടയുണ്ട്. അത് മുളയ്ക്കലിനെ സാരമായി ബാധിക്കും. തണലുള്ള തുറസായ സ്ഥലങ്ങളിലോ , ഷെഡുകളിലോ വിത്തുതേങ്ങ സൂക്ഷിക്കാം. മുറിക്കുള്ളിൽ സൂക്ഷിക്കുകയാണെങ്കിൽ വായുസഞ്ചാരമുള്ള മുറിവേണം.

വിത്തു തേങ്ങ പാകുന്ന വിധം

            വിത്തു തേങ്ങ പാകുന്നതിന് തവാരണ തയ്യാറാക്കുന്ന സ്ഥലത്ത് (വാരങ്ങൾ ) നല്ല സൂര്യപ്രകാശം കിട്ടുന്നതോടൊപ്പം, നല്ല നീർവാർച്ചയുള്ള മണ്ണും ഉണ്ടായിരിക്കണം, നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്ത് മുളയ്ക്കുന്ന തെങ്ങിൻ തൈകൾക്ക് മാത്രമേ നല്ല കരുത്ത് ഉണ്ടാവുകയുള്ളൂ. വാരങ്ങൾ  150 സെ.മീറ്റർ വീതിയും സൗകര്യം പോലെ നീളവും ആകാം. രണ്ടു വാരങ്ങൾക്കിടയിൽ 75 സെൻറീമീറ്റർ അകലം വിടണം. അതുപോലെ തവാരണകൾക്കിടയിൽ ചാലുകളും എടുക്കണം. മഴക്കാലത്ത് വെള്ളം വാർന്നു പോകാൻ ഇതാവശ്യമാണ്. 25 സെ.മീറ്റർ ആഴത്തിൽ ചാലുകളിലാണ്  വിത്തുതേങ്ങ പാകുന്നത് .ഒരു തവാരണയിൽ നാലു മുതൽ അഞ്ചുനിര വിത്തുതേങ്ങപാകാം.സാധാരണ 30 x 30 cm അകലത്തിലാണ് പാകുന്നത്. ഞെട്ടുഭാഗം  മുകളിലേക്കായി കുത്തനെ നടുന്ന രീതിയാണ് വിത്തുതേങ്ങ പാകുമ്പോൾ സ്വീകരിക്കുക. വിത്തു തേങ്ങ പാകുന്ന സമയത്ത് ഓരോ തേങ്ങയും കുലുക്കി നോക്കി വെള്ളമുണ്ടെന്ന് ഉറപ്പുവരുത്തി, ബോധ്യപ്പെട്ടാൽ മാത്രമേ പോകുവാൻ പാടുള്ളൂ. പാകിക്കഴിഞ്ഞാൽ മണൽ വിരിക്കണം അതിനുമുകളിൽ ഉണങ്ങിയ തെങ്ങോലകളും വിരിക്കുക. അങ്ങനെ ചെയ്യുന്നത് മൂലം തവാരണയിലെ മണ്ണ് ഒലിച്ചു പോകാതെയും,കളകൾ അധികം വളരാതെയും ,ഇരിക്കും. മെയ് ,ജൂൺ മാസത്തിലാണ് വിത്തുതേങ്ങ പാകുക .നല്ല വിത്തുതേങ്ങൾ  മൂന്നുമാസം കൊണ്ട് മുളയ്ക്കും. ആറുമാസം കഴിഞ്ഞും  മുളക്കാത്ത തേങ്ങകൾ പിഴുതു മാറ്റുക. ഇടയ്ക്കിടെ കളകൾ നീക്കം ചെയ്യുക .ആഴ്ചയിൽ രണ്ട് തവണ നനയ്ക്കണം.  വിത്തു തേങ്ങ വിലങ്ങനെ പാകി മുളപ്പിക്കുന്ന രീതിയും കാണാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ഭ്രൂണം തേങ്ങാ വെള്ളവുമായി തൊട്ടിരിക്കുന്നതിനാൽ പെട്ടെന്ന് മുളയ്ക്കുകയും കരുത്തിൽ വളരുകയും ചെയ്യും. മുളപ്പിക്കുന്ന സ്ഥലത്തിനടുത്ത് തന്നെയാണ് തൈകൾ നടുന്നതെങ്കിൽ  ഈ രീതി നല്ലതാണ് .പക്ഷേ തൈകൾ ദൂരങ്ങളിലേക്ക് കൊണ്ടുപോവുകയാണെങ്കിൽ കുത്തനെ പാകി മുളപ്പിക്കുന്ന രീതിയാണ് ഉചിതം .

തെങ്ങിൻ തൈ പറിച്ചുനടൽ

       കേരളത്തിലെ കർഷകർ 9 മുതൽ 12 മാസം വളർച്ചയെത്തിയ തെങ്ങിൻതൈകളാണ് നടാൻ ഉപയോഗിക്കുക. പ്രായം കൂടുന്നതനുസരിച്ച് പറിച്ചുനടാനും പ്രയാസമായിരിക്കും. അതിനാൽ ചെറുതൈകൾ പറിച്ചുനടാൻ ശ്രദ്ധിക്കണം .9 മാസത്തിൽ തൈകൾ നടുന്നതാണ് അഭികാമ്യം.

                                                                                     തുടരും ...

NB: തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട നിങ്ങളുടെ അഭിപ്രായങ്ങൾ, സംശയങ്ങൾ ,അനുഭവങ്ങൾ  കമൻ്റ് ബോക്സിൽ എഴുതാവുന്നതാണ്.

തയ്യാറാക്കിയത്

SK. ഷിനു (കൃഷി അസിസ്റ്റൻ്റ്)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section