ഫാമിലി വെജിറ്റബിള്‍ ബാഗ് Family Vegetable Bag

അടുക്കളത്തോട്ടം വളര്‍ത്താന്‍ വേണ്ട സ്ഥലമില്ലെന്നാണ് പരാതിയെങ്കില്‍ ഫാമിലി വെജിറ്റബിള്‍ ബാഗ് നിങ്ങളുടെ രക്ഷയ്ക്കെത്തും.



സ്ഥലപരിമിതിയുള്ളവര്‍ക്കും വെയില്‍ കിട്ടുന്ന സ്ഥലം കുറഞ്ഞവര്‍ക്കുമൊക്കെ വേണ്ടുവോളം പച്ചക്കറി സ്വയം ഉല്‍പാദിപ്പിക്കാന്‍ രണ്ടോ മൂന്നോ ഫാമിലി വെജിറ്റബിള്‍ ബാഗ് മതിയാകും. 

കടകളില്‍ അരിയും പഞ്ചസാരയുമൊക്കെ വില്‍ക്കാന്‍ വയ്ക്കുന്ന നൈലോണ്‍ ബാഗ് കണ്ടിട്ടില്ലേ. ഇത്തരത്തിലുള്ള മൂന്നു ബാഗാണ് ഒരു ഫാമിലി വെജിറ്റബിള്‍ ബാഗ് ഉണ്ടാക്കുന്നതിനു വേണ്ടത്. ആറടി വ്യാസമുള്ള (വാവട്ടമുള്ള) ബാഗാണ് ഇവയുപയോഗിച്ച് തയ്യാറാക്കുന്നത്. മൂന്ന് നൈലോണ്‍ ചാക്ക് ഉപയോഗിക്കുകയാണെങ്കില്‍ ഫാമിലി വെജിറ്റബിള്‍ ബാഗിന് ഉയരം കൂടുതല്‍ ലഭിക്കും. ചാക്കിനു പുറമെ ആവശ്യമായി വരുന്നത് നാലിഞ്ച് വ്യാസമുള്ള പിവിസി 

പിവിസി പൈപ്പിന്‍റെ ആറടി നീളത്തിലുള്ള ഒരു കഷണം, മൂന്നു ചാക്ക് ചകിരിച്ചോര്‍ കമ്പോസ്റ്റ്, ഒരു ചാക്ക് മേല്‍മണ്ണ്, ആവശ്യത്തിനു വിത്തുകള്‍ എന്നിവയാണ്. ചകിരിച്ചോര്‍ കമ്പോസ്റ്റ് കിട്ടാനില്ലെങ്കില്‍ മണ്ണും മണലും ചാണകപ്പൊടിയും സമാസമമെടുത്ത മിശ്രിതമായാലും മതി. നന്നായി അവിഞ്ഞുചേര്‍ന്ന ചിന്തേരുപൊടി (അറക്കപ്പൊടി പാടില്ല) ഉപയോഗിച്ചാലും കുഴപ്പമില്ല.
ഈ ചാക്കുകളുടെ നീളപ്പാടിനുള്ള രണ്ടു വശവും അഴിക്കുമ്പോള്‍ വീതി കുറഞ്ഞ് നീളം കൂടി മൂന്നു നൈലോണ്‍ തുണികളുടെ രൂപത്തിലേക്ക് ഇവ മാറുന്നു.


ഇവ ഒന്നിനു മുകളില്‍ ഒന്നായി ചാക്കുസൂചിയും നൈലോണ്‍ ചരടുമുപയോഗിച്ച് തയ്ച്ചു ചേര്‍ക്കുക. ചുവടുഭാഗവും തയ്ച്ചു ചേര്‍ക്കുക. ഇപ്പോള്‍ ആറടി ഉയരവും എട്ടടി വ്യാസവുമുള്ള വലിയൊരു ചാക്കായി ഇതു മാറിയിട്ടുണ്ടാകും. ഇതിന്‍റെ വശങ്ങളില്‍ നിശ്ചിത അകലത്തില്‍ നാലു നിരയായി മുറിവുകള്‍ ഉണ്ടാക്കുക. ഇംഗ്ലീഷിലെ ടി-േ എന്ന അക്ഷരം തലതിരിച്ചു വയ്ക്കുന്ന ആകൃതിയിലും അഞ്ചു വിരലുകള്‍ മാത്രം കടക്കുന്ന രീതിയിലുമാണ് മുറിവുകള്‍ ഉണ്ടാക്കേണ്ടത്. ചാക്കിന്‍റെ ചുവട്ടിലും നാലഞ്ച് സുഷിരങ്ങളുണ്ടായിരിക്കണം.


പിവിസി പൈപ്പിലും സുഷിരങ്ങളിട്ടാണ് ഉപയോഗിക്കേണ്ടത്. വണ്ണുള്ള ആണി പഴുപ്പിച്ച് അതുപയോഗിച്ച് സുഷിരങ്ങളുണ്ടാക്കുക. ചാക്കിനുള്ളില്‍ കുത്തി നിര്‍ത്താനുള്ളതാണീ പൈപ്പ്. മുകളില്‍ വരുന്ന ഭാഗത്ത് രണ്ടു നിരകള്‍ തമ്മില്‍ മൂന്നിഞ്ച് അകലം കൊടുത്ത് നിരയൊപ്പിച്ച് സുഷിരങ്ങളുണ്ടാക്കുക. ചുവടു ഭാഗത്തേക്കു വരുമ്പോള്‍ നിരകള്‍ തമ്മിലുള്ള അകലം നാലിഞ്ചായി വര്‍ധിപ്പിക്കുകയും ഓരോ നിരയിലെയും സുഷിരങ്ങള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിക്കുകയും ചെയ്യണം. ചാക്കിനു നടുവില്‍ ഈ പൈപ്പ് നാട്ടിപ്പിടിച്ചു കൊണ്ട് ചാക്കിനുള്ളില്‍ നേരത്തെ തയ്യാറാക്കിയ നടീല്‍ മിശ്രിതം നിറയ്ക്കുക.  ഫാമിലി വെജിറ്റബിള്‍ ബാഗ് തയ്യാറായിക്കഴിഞ്ഞു. 


ഈ ബാഗിന്‍റെ ഏറ്റവും മുകളിലെ തുറന്ന ഭാഗത്ത് നാലഞ്ചു ചുവട് ചീരയും അത്രതന്നെ വെണ്ടയുമൊക്കെ നടാം. കുത്തനെ വളരുന്ന പച്ചക്കറികള്‍ക്കാണ് ഈ സ്ഥലം കൊടുക്കേണ്ടത്. ചാക്കിലെ മുകള്‍ഭാഗത്തെ മുറിവുകളില്‍ പടര്‍ന്നു വളരുന്ന പാവല്‍, പയര്‍ തുടങ്ങിയവയുടെ വിത്തുകള്‍ നട്ടുകൊടുക്കാം. വിത്ത് വിരലുകള്‍ക്കുള്ളിലെടുത്ത് മുറിവായ വിടര്‍ത്തി നടീല്‍ മിശ്രിതത്തില്‍ കുഴിച്ചു വയ്ക്കുകയാണ് വേണ്ടത്. ഓരോ വശത്തേക്കും ചെറിയ പന്തലുണ്ടാക്കി ഇവയെ വളര്‍ത്താം. വള്ളിച്ചെടികള്‍ വേണ്ടെങ്കില്‍ തക്കാളി തുടങ്ങി താങ്ങിന്‍മേല്‍ വളരുന്ന ചെടികള്‍ വളര്‍ത്താം. ഇവ വളര്‍ന്നു വരുമ്പോള്‍ ചാക്കിനു പുറമേ നിന്നു താങ്ങുകമ്പ് കുത്തിക്കൊടുത്ത് നേരേ നിര്‍ത്താം. ചുവടു ഭാഗത്തെ സുഷിരങ്ങളില്‍ വഴുതിന പോലെയുള്ള പച്ചക്കറികള്‍ വളര്‍ത്താം. 


നനയ്ക്കുന്നതിനുള്ള വെള്ളം എല്ലാ ദിവസവും വൈകുന്നേരം നടുവിലെ പൈപ്പിലൂടെ ഒഴിച്ചു കൊടുക്കക്കുക. അഞ്ചു മുതല്‍ പത്തു വരെ ലിറ്റര്‍ വെള്ളം മണ്ണിന്‍റെ ഉണക്കനുസരിച്ച് ഒഴിക്കാം. മുഴുവന്‍ വെള്ളവും ഒന്നിച്ചൊഴിക്കരുത്. പൈപ്പിലെ വെള്ളത്തിന്‍റെ അളവ് താഴുന്നതനുസരിച്ച് കൂടുതലായി ഒഴിക്കണം. രാവിലെയും വൈകുന്നേരവും വെള്ളമൊഴിക്കാന്‍ സാധിക്കുമെങ്കില്‍ ഇതിന്‍റെ പകുതി വെള്ളം സാവധാനം ഒഴിച്ചു കൊടുത്താലും മതി. 
എങ്ങനെയുണ്ട് ഫാമിലി വെജിറ്റബിള്‍ ബാഗ്? 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section