തെലുങ്കാന സർക്കാരിൽ നിന്നും കൃഷിവകുപ്പ് ആസ്ഥാനത്തെത്തിയ ഒരു അന്വേഷണത്തിന്റെ ഭാഗമായി, പ്രിയപ്പെട്ട അഡിഷണൽ ഡയറക്ടർ ജോർജ് അലക്സാണ്ടർ സാറിന്റെ നിർദേശത്തെ തുടർന്ന് ഇന്ന് അടിമാലിയിലുള്ള ശ്രീ. ചെറുകുന്നേൽ ഗോപി (പഴയ ക്വിന്റൽ ഗോപി, ക്വിന്റൽ വാഴയുടെ നിർദ്ധാരകൻ )ചെറുകുന്നേൽ നഴ്സറി സന്ദർശിച്ചു.
നമ്മുടെ ചില കർഷകർ എത്ര പ്രഗത്ഭരും പ്രതിഭാധനന്മാരും ആണെന്ന് അത് എന്നെ ഓർമ്മിപ്പിച്ചു.🥰
ജാതിക്കൃഷിയിൽ ഇൻഡോനേഷ്യയ്ക്കും ഗ്രെനഡയ്ക്കും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് കേരളത്തിൽ. അവിടെ തന്നെ ഏറ്റവും കൂടുതൽ തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ.
കേരളത്തിലെ കർഷകരുടെ ഒരു ഭാഗ്യം എന്തെന്നാൽ, വില അല്പം കൂടിയാലും വേണ്ടില്ല,നല്ല ഗുണമേന്മയുള്ള ഇനങ്ങൾ സ്വന്തമായി ഉണ്ടാക്കി ദൃഡീകരിച്ചു(hardening )കർഷകർക്ക് ലഭ്യമാക്കുന്ന ഒരു പിടി നല്ല നഴ്സറികൾ ഇവിടെയുണ്ട് എന്നതാണ്.
അതിലൊന്നാണ് അടിമാലിയിലെ ചെറുകുന്നേൽ നഴ്സറി.
അതിന്റെ ഉടമയായ ശ്രീ ഗോപിയുടെ ഒരു സംഭാവനയാണ് Multi root grafted ജാതി തൈകൾ.
ജാതി മരങ്ങൾ ഒരു പുരുഷയുസ്സോ അതിലേറെയോ കാലം വിളവ് തരാൻ കഴിവുള്ളവയാണ്. വീഞ്ഞ് പോലെ, പഴകും തോറും വരുമാനം കൂടി വരും. പക്ഷെ ചില റിസ്കുകൾ ഉണ്ട്.
1. മരം ശക്തമായ കാറ്റിൽ കട പുഴകി വീഴരുത്
2. വെള്ളക്കെട്ടും നീർവാർച്ചക്കുറവും മൂലം വേര് അഴുകരുത്.
3. ഫങ്കസ് ബാധ മൂലം വേരുകൾ നശിച്ചു മരങ്ങൾ വാടി ഉണങ്ങി പോകരുത്.
അതായത് ജാതി കൃഷി ചെയ്യാൻ വേണ്ടി തെരെഞ്ഞെടുക്കുന്ന ഇടം,നല്ല നീർ വാർച്ചയുള്ളതും വെള്ളം കെട്ടി നിൽക്കാത്തതും,അല്പം എക്കലിന്റെ അംശം ഉള്ളതുമായാൽ ബഹുകേമം.
ജാതിക്കൃഷി വാണിജ്യടിസ്ഥാനത്തിൽ ചെയ്യുന്ന ഇൻഡോനേഷ്യൻ ദ്വീപുകളിലും കരീബിയൻ ദ്വീപസമൂഹങ്ങളിലും ശ്രീലങ്കയിലും ഒക്കെ ചൂഴലിക്കാറ്റിലും മറ്റും ധാരാളം മരങ്ങൾ കട പുഴകി നശിക്കാറുണ്ട്.
ശ്രീ ഗോപിയുടെ കണ്ട് പിടുത്തം ഇതാണ്.
ഒരു പോളിബാഗിൽ നാട്ടുജാതിയുടെ ഇരു വശത്തുമായി രണ്ട് കാട്ടുജാതികൾ നടുന്നു. നാട്ടു ജാതിയുടെ രണ്ട് വശത്തും കാട്ടു ജാതികൾ വശം ചേർത്തോട്ടിക്കുന്നു. സർജറി വിജയകരമായാൽ കാട്ടു ജാതികളുടെ മണ്ട മുറിച്ച് മാറ്റുന്നു. അങ്ങനെ ആ മരത്തിന് മൊത്തം മൂന്ന് വേര് പടലങ്ങൾ ഉള്ളത് പോലെ ആകുന്നു.
അവ മൂന്നും വണ്ണം വച്ച് സെറ്റായി കഴിഞ്ഞാൽ നാടൻ ജാതിയുടെ തായ് തടിയിൽ അല്പം ഉയരത്തിൽ ഉത്പാദനം കൂടിയ പെൺജാതിയുടെ കുത്തനെ മുകളിലേക്ക് പോകുന്ന തണ്ടിൽ നിന്നും എടുത്ത മുകുളം ബഡ് ചെയ്യുന്നു. (Patch Budding ). അത് വിജയിച്ചാൽ, ബഡ് ജോയിന്റിന് മുകളിൽ വച്ച് മണ്ട മുറിച്ച് മാറ്റുന്നു.
ഇത്തരത്തിൽ മൂന്ന് വേര് പടലം ഉള്ള ദൃഡീകരിച്ച തൈകൾ രണ്ടാം കൊല്ലം തന്നെ കായ്ച്ചു തുടങ്ങുന്നു. കായ്ച് തുടങ്ങിയ തൈകളും നഴ്സറിയിൽ ലഭ്യമാണ്.
നീണ്ട കായ്കൾ ഉള്ള, വണ്ണവും തൂക്കവും കൂടിയ 'Multi root Long 'എന്ന ഒരിനം അദ്ദേഹം സ്വന്തമായി തന്നെ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്.
ഈയിനത്തിന്റെ ഏതാണ്ട് 80-90കായ്കൾ ചേരുമ്പോൾ 1കിലോ തൂക്കം വരുമത്രേ.350-400പത്രികൾ ചേരുമ്പോൾ ഒരു കിലോ തൂക്കവും.
ഇനി നാടൻ ജാതി,ആൺ മരം ആണെങ്കിൽ (പൂ വരുമ്പോൾ അറിയാം. ആൺ ജാതിയുടെ പൂ പിളർന്നു നോക്കിയാൽ പൊടി രൂപത്തിലുള്ള പരാഗ രേണുക്കൾ മാത്രമേ കാണുകയുള്ളൂ ) അതിന്റെ ഏറ്റവും ചുവട്ടിൽ ഉള്ള ഒരു തട്ട് ശിഖരങ്ങൾ നിർത്തി,അതിന് മുകളിലായി പെൺജാതിയുടെ മുകുളം ബഡ് ചെയ്യുന്നു. അത് വളരുമ്പോൾ ഒരു ജാതിമരത്തിൽ തന്നെ ആൺപൂക്കളും പെൺപൂക്കളും ഉണ്ടാകുന്നത് കൊണ്ട് പരാഗണ സാധ്യത കൂടുന്നതിനാൽ വിളവും കൂടുന്നു.
അല്ലെങ്കിൽ 20പെൺജാതി മരത്തിന് ഒരു ആൺ ജാതി എന്ന കണക്കിന് pollinizer നിർത്തി കൂടുതൽ വിളവിന് ശ്രമിക്കണം.
നല്ല ഇനം മാത്രം നട്ടു എന്നത് കൊണ്ട് വിജയം പ്രതീക്ഷിക്കാൻ കഴിയില്ല. കൃത്യമായ വളവും പരിചരണവും ജലസേചനവും നൽകണം. നാട്ടു ജാതികളുടെ വേര് പടലം ഒരുപാട് ആഴത്തിൽ പോകില്ല. എന്നാൽ കാട്ടു ജാതിയുടെ വേരുകൾ നല്ല ആഴത്തിൽ പോകുകയും ചെയ്യും. അപ്പോൾ ഒരു ചെടിയ്ക്ക് തന്നെ ഈ രണ്ട് തരം വേര് പടലവും ലഭിക്കുമ്പോൾ അവയ്ക്ക് വരൾച്ചയെ ഒരളവു വരെ ചെറുക്കാൻ കഴിയും.
എങ്കിലും ജലസേചനം അനിവാര്യം തന്നെ.
ഒരു വർഷം പ്രായമായ മരത്തിന് 40ഗ്രാം യൂറിയ,110ഗ്രാം സൂപ്പർ ഫോസ്ഫെറ്റ്,80 ഗ്രാം പൊട്ടാഷ് എന്ന അളവിൽ കൂട്ടി കൂട്ടി 15 കൊല്ലം പ്രായം എത്തുമ്പോൾ 1090ഗ്രാം യൂറിയ,1560ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്,1670ഗ്രാം പൊട്ടാഷ് എന്ന അളവിൽ പിന്നെ എല്ലാ കൊല്ലവും വളങ്ങൾ നൽകണം.25കിലോ മുതൽ 50കിലോ അഴുകി പ്പൊടിഞ്ഞ ചാണകപ്പൊടിയും എല്ലാക്കൊല്ലവും കൊടുക്കാം. വളങ്ങൾ മൂന്നോ നാലോ തവണകളായി വീതിച്ചു നൽകുന്നതാണുത്തമം.
ഗവേഷക സമൂഹത്തോടൊപ്പം ധിഷണാശാലികളായ ഇത്തരം കർഷകോത്തമന്മാരും ചേരുമ്പോഴാണ് കാർഷിക കൈരളിയുടെ പേരും പെരുമയും നമ്മുടെ അതിർത്തികൾ കടന്ന് വെന്നിക്കൊടി പാറിക്കുന്നത്.
ശ്രീ ഗോപിയുടെ നമ്പർ 94476 13755
തയ്യാറാക്കിയത്
പ്രമോദ് മാധവൻ
ചിത്രങ്ങൾ. ശ്രീ. ജോബി, കൃഷി അസിസ്റ്റന്റ്, ദേവികുളം കൃഷിഭവൻ