നേന്ത്രക്കായകൾക്ക് ഏറ്റവും മികച്ച വില ലഭിക്കുന്നത് ഓണക്കാലത്താണ്. തിരുവോണത്തിന് മുൻപുള്ള മൂന്ന് നാല് ദിവസങ്ങളിൽ. ആ ദിവസങ്ങളിൽ വിളവെടുക്കത്തക്ക രീതിയിൽ ഏത്തവാഴ പരിപാലിച്ച് വിളവെടുക്കുന്നത് ഒരു കലയാണ്.
സാധാരണ ഗതിയിൽ 9-10മാസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന നേന്ത്രൻ ഇനങ്ങളിൽ വാഴക്കൂമ്പ് വിരിഞ്ഞ് 85-90ദിവസങ്ങൾക്കുള്ളിൽ വിളവെടുക്കാൻ പാകമാകും.
ഈ ആഴ്ച പടലകൾ വിരിഞ്ഞ കുലകൾ സെപ്റ്റംബർ 5-7തീയതികളിൽ വിളവെടുക്കാൻ കഴിഞ്ഞേക്കും.
നല്ല അഴകുള്ള നേന്ത്രക്കുലകൾ കിട്ടാനുള്ള Good Agricultural Practices (GAP) എന്തൊക്കെയെന്ന് നോക്കാം.
1. ഇല കരിച്ചിൽ രോഗബാധ ഉള്ള തോട്ടങ്ങളിൽ എഴുപ്പത്തഞ്ച് ശതമാനത്തിലധികം പച്ചപ്പ് നശിച്ച ഇലകൾ തടയോട് ചേർത്ത് മുറിച്ചു മാറ്റി ദൂരെ കൊണ്ട് പോയി ബോർഡൊ മിശ്രിതം തളിച്ച് കുഴിച്ചിടുക.
2. കളകൾ പൂർണമായും ചെത്തി തടത്തിനോട് അടുപ്പിക്കണം
3. വിൽക്കാൻ യോഗ്യമായ അവസാന പടല (ചീർപ്പ് )വിരിഞ്ഞ് കഴിഞ്ഞാൽ ഉടൻ കൂമ്പ് (കുടപ്പൻ, മാണി )ഒടിച്ചു മാറ്റണം.
4. അവസാനത്തെ വള പ്രയോഗം നടത്തണം. (65ഗ്രാം, യൂറിയ,100ഗ്രാം പൊട്ടാഷ്).
ജൈവ രീതിയിൽ ചെയ്യുന്നവർ പച്ചച്ചാണകം നീട്ടി കലക്കി ഒന്നോ രണ്ടോ തവണ തടത്തിൽ ഒഴിക്കുക. കടലപ്പിണ്ണാക്ക് പൊടിച്ച്, അല്പം വേപ്പിൻ പിണ്ണാക്കുമായി ചേർത്ത് തടത്തിന് ചുറ്റുമായി ഇട്ട് മണ്ണിട്ട് കൊടുക്കാം.
5. പിണ്ടിപ്പുഴു (തട തുരപ്പൻ പുഴു )വരാതിരിക്കാൻ വാഴ ക്കവിളിൽ പൊടിച്ച വേപ്പിൻകുരു, ബാർ സോപ്പ് ചീളുകൾ, പാറ്റ ഗുളിക എന്നിവ ചേർത്ത മിശ്രിതം അടിക്കവിളുകളിൽ ഇട്ട് കൊടുക്കണം.
നന്മ എന്ന ജൈവ കീടനാശിനി 50ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അടിക്കവിളുകളിലും വാഴത്തടയിലും പ്രയോഗിക്കുക.
6.20 ശതമാനം വായു സഞ്ചാരം അനുവദിക്കുന്ന നീല /വെള്ള പ്ലാസ്റ്റിക് കവറുകൾ, Banana sleeves, അല്ലെങ്കിൽ ചാക്കുകൾ,തുണി എന്നിവ കൊണ്ട് കുലകൾ പൊതിയുക. അടിവശം തുറന്നിട്ടാൽ നന്ന്.
7. പൊതിയുന്നതിന് മുൻപ് ആവശ്യമെങ്കിൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് (SoP) 30ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി നല്ല സ്പ്രയർ ഉപയോഗിച്ച് കായ്കളിലും ഒന്ന് രണ്ട് മേൽ ഇലകളിലും തളിക്കണം.
കായ്കൾക്ക് മുഴുപ്പ് കുറവുണ്ടെന്ന് തോന്നിയാൽ പതിനഞ്ച് ദിവസം കഴിഞ്ഞ് ഒരിക്കൽ കൂടി സ്പ്രേ ചെയ്യാം.
8. കുല വെട്ടി കഴിഞ്ഞാൽ വാഴത്തട രണ്ടടി നീളത്തിൽ മുറിച് നെടുകെ കീറി ചെറുതായി ചതച്ചു കമഴ്ത്തി തോട്ടത്തിൽ ഇടണം. പിറ്റേന്ന് രാവിലെ അത് തിരിച്ചിട്ട് പോളയുടെ അകത്തേക്ക് കയറിയിരിക്കുന്ന പിണ്ടി പുഴുവിന്റെ വണ്ടുകളെ നശിപ്പിക്കണം.
9. ശക്തമായ കാറ്റുള്ള സ്ഥലങ്ങളിൽ, വാഴക്കുല മുക്കാൽ മൂപ്പെത്തികഴിഞ്ഞാൽ അടിയിലകൾ പകുതി മുറിച്ച് നിർത്താം. അത് കാറ്റിനെ പ്രതിരോധിക്കാൻ സഹായിക്കും.
10. കഴകൾ കൊണ്ടോ കയർ കൊണ്ടോ വാഴകൾക്ക് താങ്ങുകൾ നൽകുക.
ആപത്തുകൾ വരാൻ വേണ്ടി കാത്ത് നിൽക്കരുത്.
കാക്ക കണ്ടറിയും. കൊക്ക് കൊണ്ടേ അറിയൂ..
കുലകൾ ചെറുതാണെങ്കിലും കായ്കൾ മുഴുപ്പുള്ളതും ആകർഷകവും ആണെങ്കിൽ നല്ല വില കിട്ടും.
പ്രമോദ് മാധവൻ
പടം :ജയേന്ദ്ര കുമാർ, ചാത്തന്നൂർ