കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷി ചെയ്യാവുന്ന ഒന്നാണ് കവുങ്ങ്. കവുങ്ങ് ഇനങ്ങളിൽ കേരളത്തിൽ കൂടുതൽ പേരും കൃഷി ചെയ്യുന്ന ഇനമാണ് മംഗള. മംഗള കൂടാതെ മികച്ച വിളവ് തരുന്ന മറ്റ് ഇനങ്ങൾ കൂടി പരിചയപ്പെടാം.
മംഗള(VTL-1)
കേരളത്തിൽ കൃഷി ചെയ്യുവാൻ ശുപാർശ ചെയ്തിരിക്കുന്ന മികച്ച ഇനങ്ങളിൽ ആദ്യത്തെ പേരാണ് മംഗള. CPCRRI വെറ്റിലയിൽ ഉള്ള റീജണൽ സ്റ്റേഷനാണ് മംഗള വികസിപ്പിച്ചു പുറത്തുവിട്ടിരിക്കുന്നത്. ഇടത്തരം ഉയരമുള്ള ഇനമാണ് ഇത്. വളരെ നേരത്തെ കായ്ഫലം തരുന്നതുകൊണ്ട് കേരളത്തിൽ ഇതിൻറെ സ്വീകാര്യത വർധിച്ചുവരികയാണ്. ഇതുകൂടാതെ വളരെ നേരത്തെതന്നെ സുസ്ഥിര വിളവ് ലഭിക്കുന്നതുമായ ഇനം കൂടിയാണ് മംഗള. കൂടുതൽ കായ് പിടിക്കുകയും, നല്ല വിളവ് ഇത് തരികയും ചെയ്യുന്നു. ഒരു വർഷത്തിൽ ഏകദേശം പത്ത് കിലോഗ്രാം പഴുത്ത അടയ്ക്ക ഇതിൽനിന്ന് ലഭ്യമാകും. അതും ഏറെ ഗുണമേന്മയുള്ളത്.
സുമംഗള(VTL-11)
കേരളത്തിലേക്ക് ശുപാർശ ചെയ്തിരിക്കുന്ന ഉയരമുള്ള ഇനങ്ങളിൽ മികച്ച വിളവ് തരുന്ന ഒന്നാണ് ഇത്. CPCRI റീജണൽ സ്റ്റേഷൻ ആണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. മികച്ച വിളവ് തരുന്ന ഈ ഇനം വേരുതീനി പുഴുക്കളെ ഫലപ്രദമായി നേരിടുകയും ചെയ്യുന്നു. വർഷത്തിൽ ഒരു കവുങ്ങിൽ നിന്ന് ഏകദേശം 17 കിലോഗ്രാം അടയ്ക്ക ലഭ്യമാകുന്നു. ഇടത്തരം വലിപ്പമുള്ളതും, ദീർഘ ഗോളാകൃതിയിലുള്ള അടയ്ക്കയാണ് ഇതിൽനിന്ന് ലഭ്യമാകുന്നത്.
ശ്രീ മംഗള(VTL-17)
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ കൃഷിചെയ്യാവുന്ന ഇനമാണ് ശ്രീമംഗള. കൂടുതൽ കായ്ഫലം ലഭ്യമാകുന്ന ഈ ഇനം സുമംഗള പോലെതന്നെ വേരുതീനി പുഴുകളുടെ ആക്രമണത്തെ പ്രതിരോധിക്കുവാനും മികച്ചതാണ്. വിളവ് താരതമ്യപ്പെടുത്തുമ്പോൾ ഇവയിൽനിന്ന് 16 കിലോഗ്രാം ലഭ്യമാകുന്നു.
VTLAH-1
അത്യുല്പാദനശേഷിയുള്ള സങ്കരയിന കവുങ്ങ് ആണ് ഇത്. CPCRI കാസർഗോഡ് വികസിപ്പിച്ചെടുത്ത ഈ ഇനം താഴെനിന്നും തന്നെ നല്ല രീതിയിൽ വിളവെടുക്കാൻ സാധിക്കുന്നതാണ് ഇതിൻറെ പ്രധാന ആകർഷണീയത.
മികച്ച വിളവ് തരുന്ന കവുങ്ങ് ഇനങ്ങളുടെ പട്ടികയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മോഹിത് സാഗർ. ഇതിൻറെ അടയ്ക്ക വളരെ വലുതും ഒരേ വലുപ്പമുള്ളതും ആണ്. മറ്റു ഇനങ്ങളെ ക്കാൾ കൂടുതൽ വിളവ് തരുന്നു. വർഷത്തിൽ ഏകദേശം 20 കിലോഗ്രാം പഴുത്ത അടയ്ക്ക ഇതിൽ നിന്ന് ലഭ്യമാകും എന്നാണ് കണക്കുകൾ. ഇവയുടെ കുലകൾക്കിടയിൽ നല്ല അകലം ഉണ്ടായിരിക്കും.