Artocarpus hirsutus (ആഞ്ഞിലി)
ഓർമ്മകൾ ഒരിക്കൽ കൂടി പിന്നിലേക്ക് ...
മധുരസ്മരണകളുമായി കുട്ടിക്കാലം മനസ്സിലോടിയെത്തുന്നു ...
ചെറുപ്പത്തിൽ ആഞ്ഞിലി ചക്ക പറിക്കാൻ കുട്ടികൾ കൂട്ടം കൂടി നടക്കുമായിരുന്നു.. മരത്തിൽ കയറാൻ കഴിവുള്ളവർ ആഞ്ഞിലി മരത്തിൽവലിഞ്ഞു കയറി ചക്ക പറിച്ച് താഴെയിടും .. മറ്റുള്ളവർ അത് പെറുക്കിയെടുത്ത് കൂട്ടിവെക്കും. അതിൻ്റെ ചറം (കറ) ദേഹത്തും കൈകളിലും ഒക്കെ ആകുമെങ്കിലും അതൊക്കെ പരിഗണിക്കാതെ വീടുകളിൽ എത്തിക്കും. വയ്ക്കോലും പാല മരത്തിൻ്റെ ഇലയുമൊക്കെ ചേർത്ത് ഒരു കുട്ടയിലാക്കി അടുക്കി പഴുക്കാൻ വെക്കും...
രണ്ട് ദിവസം കഴിഞ്ഞ്... കുട്ട തുറന്നു്, പഴുത്ത് ഓറഞ്ച് നിറം വന്ന ആഞ്ഞിലിപ്പഴങ്ങൾ പുറത്തെടുക്കും. തൊണ്ട് കളഞ്ഞ്, പഴുത്തു തുടുത്ത കായകൾ ഓരോന്നായി അടർത്തിയെടുത്ത് തിന്നും.. മധുരവും ചെറിയ പുളിയും ഒക്കെയുള്ള സ്വാദിഷ്ടമായതാണ് ആഞ്ഞിലിപ്പഴം ...
പഴം തിന്ന ശേഷം ബാക്കിയാവുന്ന ആഞ്ഞിലിക്കുരു പെറുക്കിയെടുത്ത് ചട്ടിയിലിട്ട് വറുത്തെടുക്കും.. വറുത്ത ആഞ്ഞിലിക്കുരു തിന്നാനും നല്ല സ്വാദ് തന്നെയാണ്...
ആഞ്ഞിലി ചക്ക പഴുപ്പിച്ച് കുട്ടയിലാക്കി പത്ത് പൈസക്കും ഇരുപത് പൈസക്കും ഒക്കെ കൊണ്ടു നടന്ന് വിൽക്കുന്നത് അക്കാലത്ത് കുട്ടികൾക്ക് ഒരു വരുമാന മാർഗ്ഗമായിരുന്നു... കച്ചവടമത്സരം മുറുകിയപ്പോൾ ഒരെണ്ണം പത്ത് പൈസ, രണ്ടെണ്ണം ഇരുപത്തഞ്ച് പൈസ എന്നു് വിളിച്ചു പറഞ്ഞ് വിൽക്കാൻ ശ്രമിച്ച വിരുതനും നാട്ടിലുണ്ടായിരുന്നു ...
സ്കൂൾ അടക്കുന്ന വാർഷികാവധി കാലത്താണ് ആഞ്ഞിലിച്ചക്ക പഴുക്കുന്നത് എന്നതും കുട്ടികൾക്ക് സഹായകരമായിരുന്നു.
അബൂനജാദ്.
ആഞ്ഞിലി ചക്ക ...
ആഞ്ഞിലിപ്പഴം...
(ശാസ്ത്രീയ നാമം: Artocarpus hirsutus Lam).
കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് ആഞ്ഞിലി, അയണി, അയിണി അഥവാ അയിനിപ്പിലാവ്
ഭക്ഷ്യയോഗ്യവും ചക്ക, കടച്ചക്ക, എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്ന ഒരു വൃക്ഷമാണിത്.
ഇതിന്റെ ഫലം ആഞ്ഞിലിപ്പഴം, ആഞ്ഞിലിച്ചക്ക, അയണിച്ചക്ക, അയിനിചക്ക, ഐനിച്ചക്ക, ആനിക്കാവിള, ആനിക്കാ, എന്നീ പേരുകളിൽ അറിയപ്പെടുന്നു.
പഴുത്തു കഴിയുമ്പോൾ ഇതിന്റെ മുള്ളു കലർന്ന തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ ചുളകൾ കാണാം. ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തു ഭക്ഷിക്കാറുണ്ട്.
ചക്കയാവും മുൻപെ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, ആഞ്ഞിലിത്തിരി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവ കൂടുതലും കേരളത്തിൽ കാണപ്പെടുന്നു ജനുവരി മുതൽ മാർച്ച് മാസം വരെയാണ് ഈ മരം പൂക്കുന്നത്.
നന്നായി പഴുത്ത പഴങ്ങൾ, കൈയ്യിൽ എടുക്കുമ്പോൾ തന്നെ, ‘മുള്ളൻതൊലി’ അടർന്നു തുടങ്ങും. രുചിയും മണവും പോലെ, ആഞ്ഞിലി ചക്കയുടെ നിറവും ആകർഷിക്കുന്നതാണ്. കൊത്തിയിട്ട പഴങ്ങളുടെ കണക്കു പറഞ്ഞു, കിളികളോടു എത്രയാണ് അസൂയപ്പെട്ടത്
ഇത്രയും മികച്ച ഒരു പഴം, എന്തുകൊണ്ട് പിന്തള്ളപ്പെട്ടു പോയി എന്ന് മനസ്സിലാകുന്നില്ല. ഉയരത്തിൽ നിന്നും അടർന്നു പോകാതെ പറിച്ചെടുക്കുന്നതും, പെട്ടെന്ന് പഴുത്തുപോകുന്നതും തന്നെയാകും വെല്ലുവിളി. ഒപ്പം അനേകം പഴങ്ങളുടെ രുചികളിൽ, മറന്നു പോയ, നാടൻ പഴങ്ങളിൽ ഒന്നായി,ആഞ്ഞിലി ചക്കയും മാറിയിട്ടുണ്ടാകും!!
നാല്പതു മീറ്ററോളം പൊക്കവും രണ്ടരമീറ്റർ വരെ വണ്ണവും ഇവയ്ക്കുണ്ടാകാറുണ്ട്. നല്ല ഈർപ്പമുള്ള മണ്ണാണ് ആഞ്ഞിലിക്ക് യോജിച്ചത്. ആദ്യത്തെ എട്ടുപത്തുവർഷം വളർച്ച സാവധാനത്തിലാണ്. ഇലകൾക്ക് ശരാശരി 15 സെന്റിമീറ്റർ നീളവും 8 സെന്റിമീറ്റർ വീതിയുമുണ്ട്. ആഞ്ഞിലിയുടെ ഇലകളിലും തണ്ടിലും ചെറിയ നാരുകളുണ്ട്. വെളുത്ത കറയുള്ള ഈ മരം നല്ല ഉറപ്പും ബലവുമുള്ളതാണ്.
ആഞ്ഞിലിയുടെ തടിയ്ക്ക് ഭാരം കുറവായതിനാൽ അറക്കാനും പണിയാനും എളുപ്പമാണ്. ആഞ്ഞിലിത്തടി വളരെ നീളത്തിൽ വളവില്ലാതെ വളരുന്നതിനാൽ മരപ്പണിക്കും പ്രത്യേകിച്ച് വിവിധതരം വള്ളങ്ങളുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. വെള്ളത്തിൽ കിടന്നാൽ കേടുവരില്ല. ചിതൽ എളുപ്പം തിന്നുകയുമില്ല.
വഴിയോരങ്ങളിൽ കിലോയ്ക്ക് 100 മുതൽ 200 രൂപ വരെ വിലയിൽ ആഞ്ഞിലി ചക്ക കിട്ടിത്തുടങ്ങിയിട്ടുണ്ട്