ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള പഴം, നമ്മൾ 'പഴം'എന്ന് വിളിക്കുന്ന വാഴപ്പഴം തന്നെ.
ആഫ്രിക്കൻ രാജ്യങ്ങളിൽ അത് കിഴങ്ങ് വർഗങ്ങളോടൊപ്പം മുഖ്യ ഭക്ഷണം തന്നെയാണ്.
പക്ഷെ അമേരിക്കക്കാരനും യൂറോപ്യനും വാഴപ്പഴം എന്നാൽ എത്തനോ ഞാലിപ്പൂവനോ അല്ല മറിച്ച്,കാവെൻഡിഷ് വിഭാഗത്തിൽ പെട്ട ഗ്രാൻഡ് നൈൻ പോലെ ഉള്ള ഇനങ്ങളാണ്.
ഏത്തൻ, പ്രാക്തന ഗോത്ര വിഭാഗങ്ങളുടെ ഭക്ഷണം ആണ് എന്നാണ് അവരുടെ നാട്യം. പക്ഷെ ടെന്നീസ് കളത്തിലും മറ്റും അവർ ഏത്തപ്പഴം തിന്നുന്നതും കാണാം.ഉടൻ ഊർജ്ജം പ്രദാനം ചെയ്യാനുള്ള കഴിവാണ് കാരണം.
വിഷലിപ്തമാണെങ്കിലും ആശുപത്രിയിൽ കിടക്കുന്നവർക്ക് നമ്മൾ വാങ്ങി കൊടുക്കുന്നതും ഈ കാരണം കൊണ്ട് തന്നെ🤪.
ലോകത്ത് വാഴപ്പഴ വിപണി നിയന്ത്രിക്കുന്നത് പ്രധാനമായും അഞ്ചു കമ്പനികൾ ആണ്. അമേരിക്കൻ കമ്പനികളായ ചിക്വിറ്റ, ഡോൾ, ഡെൽമോണ്ട്, ഐറിഷ് കമ്പനി ആയ ഫയ്ഫ്സ്, ഇക്വഡോർ കമ്പനിയായ നോബോവ എന്നിവരാണവർ.
ലോകത്ത് ഏറ്റവും അധികം വാഴപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യം ആണ് ഇക്വഡോർ.
ഈ അടുത്തിടെ ചിക്വിറ്റ യും ഫയ്ഫസും ഒറ്റ കമ്പനി ആയി ഏതാണ്ട് 25%മാർക്കറ്റ് കൈവശപ്പെടുത്തി. ഒരു ബില്യൺ ഡോളർ ആണ് അവരുടെ ആസ്തി.
ലോക വാഴപ്പഴ വിപണി യഥാർഥത്തിൽ അധിനിവേശത്തിന്റെയും ചൂഷണത്തിന്റെയും ചരിത്രമാണ് നമുക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത്. ആഗോള കോർപ്പറേറ്റ് ഭീമൻമാർ ലാറ്റിൻ -മധ്യ അമേരിക്കൻ രാജ്യങ്ങളിൽ കരാർ കൃഷി ചെയ്ത് അവരുടെ മണ്ണും ജലാശയങ്ങളും മലീമസമാക്കിയ കഥ, ആകാശ മരുന്ന് തളിയും മറ്റും ചെയ്ത് അവിടുത്തെ തൊഴിലാളികളെ അടിമകളും രോഗികളുമാക്കിയ കഥ, അവിടുത്തെ ഭരണ കൂടങ്ങളെ അസ്ഥിരപ്പെടുത്തിയ കഥ.
അങ്ങനെ ആണ് 'Banana Republic 'എന്ന് പ്രയോഗം പോലും ഇംഗ്ലീഷ് ഭാഷയിൽ ഉണ്ടായത്. ഇക്വഡോർ, കോസ്റ്റാറിക്ക, നിക്കരാഗ്വ ഹോണ്ടുറാസ്, ഗ്വാട്ടിമല, എൽ സാൽവഡോർ എന്നീ രാജ്യങ്ങൾ. അഴിമതിയും കെടുകാര്യസ്ഥതയും ദാരിദ്ര്യവും രാഷ്ട്രീയ അനിശ്ചിതത്വവും. എല്ലാത്തിനും പിന്നിൽ ഈ ബഹുരാഷ്ട്ര കുത്തകകളുടെ ഹീന തന്ത്രങ്ങളും.
അതവിടിരിക്കട്ടെ..
വിഷയം വാഴയിലെ ഇലപ്പുള്ളി രോഗമാണ്. നാട്ടിലെ തോട്ടങ്ങളിൽ പുള്ളി എത്തിയിട്ടുണ്ട്. കാലവർഷം കനക്കുമ്പോൾ പുള്ളി കൊലപ്പുള്ളി ആകും. വാഴയിലയിൽ മഞ്ഞ പുള്ളികൾ വന്ന്,അവ കൂടി ചേർന്ന് അടിയിലകൾ ഉണങ്ങി മുകളിലേക്കു വ്യാപിച്ച് വാഴയെ ദുർബ്ബല പ്പെടുത്തുന്നു.
വാഴയുടെ ആഹാര സമ്പാദന ശേഷി കുറയുന്നു.
കായ്കൾക്ക് മുഴുപ്പും തൂക്കവും രുചിയും കുറയുന്നു.
പത്ത് കിലോ കിട്ടേണ്ട കുലയുടെ സ്ഥാനത്ത് എട്ടു കിലോ കൊണ്ട് കർഷകൻ തൃപ്തി അടയേണ്ടി വരുന്നു.
ഇനി അവന്റെ മറ്റൊരു അവതാരം. Black Sigatoka അഥവാ കരിമ്പുള്ളി രോഗം.
മുടിപ്പിച്ചു കളയും.
ഈ ഒറ്റ രോഗത്തെ ചെറുക്കൻ ലാറ്റിൻ -മധ്യ അമേരിക്കൻ രാജ്യങ്ങൾ ഒരു സീസണിൽ മാത്രം 50-60 തവണ മരുന്ന് തളി നടത്താൻ നിര്ബന്ധിതമാകുന്നു എന്നാണ് വാർത്തകൾ.മൊത്തം കൃഷി ചെലവിന്റെ 20ശതമാനത്തോളം ഈ ഒറ്റ രോഗത്തെ നിയന്ത്രിക്കാനായി ചെലവഴിക്കുന്നു. അങ്ങനെ ആണ് ഈ ഉൽപ്പാദക രാജ്യങ്ങളിലെ മണ്ണും പരിസ്ഥിതിയും മലിനമാകുന്നതു്, തൊഴിലാളികൾ രോഗികളാകുന്നത്.
പഴം കഴിക്കുന്നവർ ഇത് വല്ലതും അറിയുന്നുണ്ടോ?
"ആടെന്തറിയുന്നു അങ്ങാടി വാണിഭം"? !!!
അപ്പോൾ സൂർത്തുക്കളെ,വാഴയിൽ അതും ഏത്ത വാഴയിൽ ഒരില പോയാൽ ഒരു പടല പോയി എന്നാണ്.മറക്കേണ്ട.
കുലയ്ക്കുമ്പോൾ ഒരു ഡസൻ ഇലകളും കുല വെട്ടുമ്പോൾ അര ഡസൻ ഇലകളും പച്ചയായി നിൽക്കുന്നെങ്കിൽ സ്വസ്തി, ഇല്ലെങ്കിൽ ജപ്തിയാകാതെ നോക്കണം.
10 കിലോ കിട്ടേണ്ട കുല ഇലപ്പുള്ളി രോഗം വന്ന് 8 കിലോ ആയാൽ ഓണക്കാല വില വച്ചു കണക്ക് കൂട്ടിയാൽ നഷ്ടം 150 രൂപ. 1000 വാഴ വച്ചയാൾക്കു ഒന്നര ലക്ഷം നഷ്ടം. പക്ഷെ ആ നഷ്ടം അയാൾ തിരിച്ചറിയുന്നില്ല എന്ന് മാത്രം.
ഈ രോഗം ഉണ്ടാക്കുന്ന fungus തരാതരം പോലെ രൂപം മാറിക്കൊണ്ടിരിക്കും.
നന്ദനത്തിലെ കുമ്പിടിയെപ്പോലെ.
ചിലപ്പോൾ Mycospharella. ചിലപ്പോൾ Pseudocercospora. രണ്ടു തരത്തിലുള്ള spore ഉണ്ടാക്കി രോഗ വ്യാപനം നടത്തും. ഒരു ഇലയിൽ നിന്നും അടുത്ത ഇലയിലേക്ക് conidia വഴിയും ഒരു തോട്ടത്തിൽ നിന്നും കാറ്റ് വഴി ascospore ആയി മറ്റു തോട്ടത്തിലേക്ക്.
അപ്പോൾ പിന്നെ എന്താണ് ഈ ഇലപ്പുള്ളിയെ നിലയ്ക്ക് നിർത്താനുള്ള വഴികൾ?
നമ്മുടെ കാലാവസ്ഥ ഈ രോഗം വരാൻ വളരെ അനുയോജ്യം.
നല്ല മഴ,
കടലോര സാമീപ്യം കൊണ്ട് നല്ല നീരാവി നിറഞ്ഞ അന്തരീക്ഷം,
അത്യാവശ്യം നല്ല ചൂട്,
വീട്ടു വളപ്പുകളിലെ KKPP സ്റ്റൈൽ (കിട്ടിയാൽ കിട്ടി പോയാൽ പോയി ) വാഴകളിൽ നിരന്തരമായി ഒളിച്ചു കളിക്കുന്ന ഫംഗസ്.
"കാവ്യം സുഗേയം
കഥ രാഘവീയം
കർത്താവ് തുഞ്ചത്തുളവായ ദിവ്യൻ ചൊല്ലുന്നതോ ഭക്തിമയസ്വരത്തിൽ
ആനന്ദ ലബ്ധിക്കിനിയെന്തു വേണം"
എന്ന് വള്ളത്തോൾ എഴുതിയ പോലെ.
രോഗം വരാൻ ഏറ്റവും പറ്റിയ സാഹചര്യം.
നമ്മുടെ കർഷകർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. മേടച്ചൂട് കഴിഞ്ഞ് പെട്ടെന്ന് ഇടവക്കുളിരിലേക്കു കടക്കുമ്പോൾ വാഴകളിൽ പ്രത്യേകിച്ച് ഏത്തവാഴകളിൽ ഈ കുളപ്പുള്ളി അപ്പൻ എന്തായാലും വരും.
ആയതുകൊണ്ട് താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും ചെയ്യണം
1. വാഴകൾ തമ്മിൽ 2m അകലം നൽകണം
2. ഏരികൾ (പണ ) എടുക്കുമ്പോൾ വേണ്ടത്ര ആഴത്തിൽ ഇടച്ചാലുകൾ എടുത്തു വെള്ളം പെട്ടെന്ന് പോകാൻ സൗകര്യം ഒരുക്കണം
3. അമിതമായ അളവിൽ നൈട്രജൻ വളങ്ങൾ ചേർക്കരുത്. ഇലകളിൽ കാട്ടുതീ പോലെ രോഗം പടരും
4. ആവശ്യമായ അളവിൽ പൊട്ടാഷ് വളങ്ങൾ കൊടുക്കണം. ചിലപ്പോൾ അല്പം കൂടുതലും.
5. രോഗം വന്ന് ഉണങ്ങുന്ന ഇലകൾ അപ്പപ്പോൾ തന്നെ തടയോട് ചേർത്ത് മുറിച്ചു മാറ്റണം. കത്തിക്കണം. അല്ലെങ്കിൽ കുമിൾ നാശിനി തളിച്ച് കുഴിച്ചു മൂടണം.
6. കളകൾ എല്ലാം യഥാസമയം നീക്കം ചെയ്യണം m
പിന്നെയും പ്രശ്നമാണെങ്കിൽ പ്ലാന്റ് ഡോക്ടറെ ബന്ധപ്പെട്ടു അനുയോജ്യമായ കുമിൾ നാശിനി പശ ചേർത്ത് അടിയിലകളിൽ തളിക്കണം. ഇളം ഇലകളിൽ രോഗബാധ കുറവായിരിക്കും.
വാഴപ്പഴത്തിന്റെ ഗുണങ്ങൾ വർണിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം.
അതിൽ ഉള്ള ദഹന നാരുകളുടെ ധാരാളിത്തം ശോധന സുഗമമാക്കും
പൊട്ടാസ്യത്താൽ സമൃദ്ധമായതിനാൽ രക്തസമ്മർദ്ദം കുറയ്ക്കും.
ട്രിപ്റ്റോഫാൻ അടങ്ങിയതിനാൽ വിഷാദം ഒഴിവാക്കും.
സെറോടോണിൻ ഉൽപ്പാദനം ഉദ്ദീപിപ്പിക്കുന്നതിനാൽ നല്ല ഉറക്കം കിട്ടും. (രാവിലെ പഴം കഴിച്ചാൽ ഉറക്കം വരുന്നതിന്റെ ഗുട്ടൻസ് പിടി കിട്ടിയോ? )
അപ്പോൾ, ഇലപ്പുള്ളിയെ നേരിടാനുള്ള ടൂൾ കിറ്റ് പാസ്സ് ചെയ്തു കഴിഞ്ഞു. ഇനി ആക്‌ഷൻ....
വാൽകഷ്ണം:- പഴങ്ങളിൽ റേഡിയോ ആക്ടിവത ഉണ്ട് വാഴപ്പഴത്തിന്.
അതിൽ അടങ്ങിയിട്ടുള്ള K 40 ഐസോടോപ്പ് ഉള്ളത് കൊണ്ടാണിത് പേടിക്കേണ്ട.ദിവസവും 300പഴം വീതം ഒരു 50 കൊല്ലം തുടർച്ചയായി കഴിച്ചാൽ മാത്രമേ അത് മൂലം ആരോഗ്യ പ്രശ്നം ഉണ്ടാകൂ.
അസംഭവ്യം...
സുഹൃത്ത് കൃഷി ഓഫീസർ റോണി വർഗീസ് അയച്ച ഒരു വാഴത്തോട്ടത്തിന്റെ ചിത്രം(വലത് വശത്തെ ചിത്രം )കൊടുക്കുന്നു. ഇങ്ങനെ ആണ് തോട്ടം പരിപാലിക്കുന്നത് എങ്കിൽ (കളകൾ നിയന്ത്രിക്കാതെയും ഉണങ്ങുന്ന ഇലകൾ അപ്പപ്പോൾ മുറിച്ച് മാറ്റാതെയും ആണെങ്കിൽ )പിന്നെ വല്യ പ്രതീക്ഷ വേണ്ട. ഇപ്പോൾ ഇലപ്പുള്ളി, നാളെ പിണ്ടിപ്പുഴു.
മറ്റൊരു ചിത്രവും കൊടുത്തിട്ടുണ്ട്. കുറച്ചേ ഉള്ളുവെങ്കിലും വെടിപ്പായി ചെയ്യണം. ഇപ്പോൾ വാഴത്തോട്ടം ഇങ്ങനെ ആയിരിക്കണം. കാലവർഷം വരാൻ പോകുകയാണ്.
എല്ലാവരും ഗൗനിക്കണം.
എന്നാൽ അങ്ങട്...
പ്രമോദ് മാധവൻ