മൂന്നാം കൊല്ലം കായ്ക്കുന്ന തെങ്ങുണ്ടോ? ഉണ്ടെങ്കിൽ ഒന്നിങ്ങ് പോരട്ടെ... പ്രമോദ് മാധവൻ

ഒരു കുട്ടി MBBS കോഴ്സിന് ചേർന്നാൽ എപ്പോൾ ഡോക്ടർ ആകും എന്ന് ചോദിച്ചാൽ സ്വാഭാവികമായും ആ കോഴ്സിന്റെ കാലാവധി ആയിരിക്കും ഉത്തരം.

പക്ഷെ ആ കാലാവധിയ്ക്കുള്ളിൽ എല്ലാ കുട്ടികളും ഡോക്ടർ ആകുന്നുണ്ടോ? ഇല്ല. പല കാരണങ്ങൾ കൊണ്ടും കുറേപ്പേർ വൈകി മാത്രമേ വിജയം കൈവരിക്കുകയുള്ളൂ.

എന്ന് പറഞ്ഞപോലെ ആണ് തെങ്ങിന്റെ കാര്യവും. തെങ്ങ് ഇപ്പോൾ ചൊട്ടയിടും എന്ന് ചോദിച്ചാൽ 'Nature Fifty, Nurture Fifty ':എന്ന് പറയേണ്ടി വരും. ദദായത് 'ജനിതകം പാതി പരിപാലനം പാതി' എന്ന്.

DNA നല്ലതാണെങ്കിലും പരിപാലനം മോശമെങ്കിൽ കുലയ്ക്കാൻ വൈകും.തിരിച്ചും.

നേരത്തേ കുലയ്ക്കുന്ന തെങ്ങിനം ഏതെന്ന നെട്ടോട്ടത്തിലാണ് മല്ലു. ഏത് മണ്ടൻ പരസ്യത്തിലും പോയി പലരും തല വച്ച് കൊടുക്കുകയും ചെയ്യും.പക്ഷെ കൃത്യമായ പരിചരണം എന്ന ഒരു ഭാഗം വേണ്ടത്ര മനസ്സിലാക്കിയിട്ടുമില്ല.മിക്കവാറും അതിന്റെ ശൈശവത്തിൽ തന്നെ കൊമ്പൻ ചെല്ലിയോ കൂമ്പ് ചീയലോ കൊണ്ട് തെങ്ങിൻ തൈ അകാലചരമമടയും.

പിന്നെ കൃത്യമായ വള പ്രയോഗം, ജല സേചനം, കീട രോഗ നിയന്ത്രണം എന്നിവയെ കുറിച്ചുള്ള ധാരണയില്ലായ്മയും യഥാസമയം കുലയ്ക്കുന്നതിന് തടസ്സമാകും.

ഞാൻ കൂടി അംഗമായ Krishi (Agriculture) എന്ന FB ഗ്രൂപ്പിൽ ഇന്ന് ഗോകുൽദാസൻ, കല്ലിങ്ങൽ എന്ന കർഷകൻ തന്റെ 3കൊല്ലവും ആറ് മാസവും പ്രായമായ തെങ്ങ് കായ്ച്ചു നിൽക്കുന്ന ചിത്രം ഗ്രൂപ്പിൽ ഇട്ടു. ഈ പോസ്റ്റിനോപ്പം കൊടുത്തിട്ടുണ്ട്.

അപ്പോൾ അതിന് താഴെ വന്ന ചില കമെന്റുകൾ ഇവിടെ കൊടുക്കുന്നു.

It may be minimum 5yrs to 7 yrs. If you are a farmer please don't cheat farmers.

3 years enough, in my home also it took only 3 yeadoubt

It will take minimum 5 yrs to grow a coconut tree like this. No ഡൌട്ട്

തടി കണ്ടാൽ അറിഞ്ഞുടെ 3.5വർഷം അല്ലാ എന്നു.

നിങ്ങളെന്താ ബാക്കിയുള്ളവരെ പൊട്ടന്മാരാക്കുവാനോ 🤔

ഒരിക്കലും വിശ്വസിക്കല്ലേ മലയാളികളെ കളിപ്പിക്കാൻ പെട്ടന്നു പറ്റും. കണ്ടാൽ അറിയില്ലേ 5 വർഷമായ തേങ്ങാണ്.

Excellent, good farmer

Well done! Could you please tell the location from which you purchased?

ഇങ്ങനെ പോകുന്നു. പോസിറ്റീവും നെഗറ്റീവുമായ പ്രതികരണങ്ങൾ.

ശ്രീ. ഗോകുൽദാസന്റെ തോട്ടത്തിലെ കാര്യം എനിക്കറിയില്ല.എങ്കിലും,മൂന്ന് കൊല്ലം കൊണ്ട് കുലയ്ക്കുക എന്നത് ചില ഇനങ്ങളിൽ സാധാരണമാണ്, നല്ല പരിചരണമാണ് നൽകുന്നതെങ്കിൽ.

മലയാളിയെ തെങ്ങോളം സ്വാധീനിച്ച മറ്റേതു കാർഷിക വിളയുണ്ട്?

രാമായണത്തിലെ കിഷ്കിന്ധ കാണ്ഡത്തിലും ആരണ്യ കാണ്ഡത്തിലും കാളിദാസന്റെ രഘു വംശത്തിലും സംഘകാല കൃതികളിലും നാളീകേര പരാമർശങ്ങളുണ്ട്.

ഏതൊരു നല്ല കാര്യവും തുടങ്ങുമ്പോൾ തേങ്ങയടിച്ച് വിഘ്നങ്ങൾ മാറ്റുന്നവരാണല്ലോ ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾ. ഗണപതി ഹോമത്തിലും കൊട്ടത്തേങ്ങയും തൊണ്ടും കരിക്കുമൊക്കെ സമൃദ്ധമായി ഉപയോഗിക്കുന്നു. ശബരിമല യാത്രയിലും ഇരുമുടിക്കെട്ടിൽ കൂട്ടായി തേങ്ങകൾ ഉണ്ടാകും.നമ്മുടെ കേരകർഷകരെ ഒരു പരിധി വരെ താങ്ങി നിർത്തുന്നതും ഇത്തരം ആചാരങ്ങൾ വഴി സംജാതമാകുന്ന ഡിമാൻഡ് ആണ്.

ശനിദോഷം മാറ്റാനുള്ള നീരാജനത്തിലും കാടാമ്പുഴയിലെ മുട്ടറക്കലിലും കൊട്ടിയൂരിലെ ഇളനീരാട്ടത്തിലും ഒക്കെ പ്രധാനി നാളീകേരം തന്നെ.

പള്ളികളിൽ ഓശാനപ്പെരുനാളിന് കുരുത്തോലകൾ കൊടുക്കുന്ന പതിവും ഉണ്ട്.

സമ്മേളന നഗരികളിലും കല്യാണ മണ്ഡപങ്ങളിലും ഉത്സവപ്രതീതി ജനിപ്പിക്കാൻ വാഴക്കുലകൾക്കൊപ്പം തേങ്ങാക്കുലകൾ കൂടി ചേരുമ്പോഴാണ് ആഢ്യത്വം കൂടുന്നത്.

ചെട്ടികുളങ്ങര ഭഗവതിയുടെ ഭരണി ഉത്സവത്തിൽ കുതിരമൂട്ടിൽ കഞ്ഞി വിളമ്പുന്നതും ഓലക്കാൽ വളച്ചു തടയുണ്ടാക്കി അതിൽ ഇല വച്ചിട്ടാണ്.

അങ്ങനെ ആചാരപരമായും ആരോഗ്യപരമായും ഒക്കെ മലയാളിയുടെ ജീവിതത്തിൽ തെങ്ങ് ഒരു പണത്തൂക്കം മുന്നിൽ തന്നെ ആണ്.

ഇന്തോനേഷ്യയിലെ മുസ്ലിം സഹോദരർക്കിടയിൽ ചെറിയ പെരുനാൾ കാലത്ത് കുരുത്തോല പന്ത് പോലെ മെടഞ്ഞു അതിനുള്ളിൽ ഒട്ടുന്ന അവരുടെ ചോറ് നിറച്ചുണ്ടാക്കുന്ന Ketupat എന്ന ഒരു വിഭവം വളരെ പ്രചാരത്തിലുണ്ട്.

പുതുതായി തെങ്ങ് വയ്ക്കാൻ ആഗ്രഹിക്കുന്നവരെ കുഴപ്പിക്കുന്ന ഒന്നാണ് ഏത് ഇനം തെരഞ്ഞെടുക്കണം എന്നത്.

അവർക്കു മൂന്ന് ഓപ്ഷൻസ് ഉണ്ട്.

പൊക്കം കൂടിയ ഇനങ്ങൾ (Tall),
ഇടത്തരം പൊക്കം ഉള്ളവ(Semi Tall or Hybrid),
പൊക്കം കുറഞ്ഞവ (Dwarf).

ഓരോന്നിനും അതിന്റെതായ ശക്തി- ദൗർബല്യങ്ങൾ ഉണ്ട്.

അവയിൽ കുള്ളൻ തെങ്ങിനങ്ങളെ കുറിച്ചാണ് ഇന്നത്തെ എഴുത്ത്.

ജോനാഥാൻ സ്വിഫ്റ്റ് ന്റെ 'ഗള്ളിവറുടെ യാത്രകളി'ൽ 'കുള്ളന്മാർ മാത്രം ഉള്ള ഒരു രാജ്യമുണ്ട്. ലില്ലിപുട്ട്. അതുപോലെ തേങ്ങാപ്പട്ടണത്തിലെ ലില്ലിപ്പുട്ടിയൻമാരെ ഓരോരുത്തരായി മനസിലാക്കാം.

എന്ത് കൊണ്ട് നമ്മൾ കുള്ളൻ തെങ്ങിനങ്ങൾ നടണം?

1. 3-4കൊല്ലം കൊണ്ട് കായ്ച്ചു തുടങ്ങും

2.പൊക്കക്കുറവ് കൊണ്ട് വിളവെടുക്കാൻ എളുപ്പം. അടർന്നു തലയിൽ വീഴുമെന്ന പേടി വേണ്ട

3.പല നിറങ്ങളിൽ ഉള്ള തേങ്ങകൾ (പച്ച, മഞ്ഞ, ഓറഞ്ച് )വീടിന് ചാരുത നൽകും.

4.കുള്ളൻ ഓറഞ്ച് ഇനങ്ങളിൽ കൂടുതൽ വെള്ളം ഉള്ളത് കൊണ്ട് കരിക്ക് ആയി ഉപയോഗിക്കാൻ നല്ലതാണ്.

എന്തുകൊണ്ട് നമ്മൾ കുള്ളൻ തെങ്ങിനങ്ങൾ നടരുത്?

1.ദീർഘായുസ്സില്ല. കൂടിയാൽ 35 കൊല്ലം.

2.നീണ്ടു നിൽക്കുന്ന വരൾച്ചയെ ചെറുക്കൻ വേര് പടലത്തിനുള്ള സാമർഥ്യക്കുറവ്.

3.ചെല്ലികൾക്കു (കൊമ്പൻ & ചെമ്പൻ )പ്രിയം കൂടുതൽ.

4.ഒന്നിരാടം വിളവ് കുറയുന്ന പ്രവണത

5.കൊപ്രയുടെ കട്ടിക്കുറവ്

6.എണ്ണയുടെ അംശം കുറവ്

ഇനി തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്.

കേരളത്തിന്റെ രണ്ട് തനത് കുള്ളൻ ഇനങ്ങൾ ആണ് നമ്മൾ ചാവക്കാട് എന്നും സായിപ്പ് Chowghat എന്നും പറയുന്ന ദേശത്തിന്റെ ചങ്കായ CDG(Chowghat Dwarf Green)അഥവാ പതിനെട്ടാം പട്ടയും COD(Chowghat Orange Dwarf)അഥവ ഗൗരീഗാത്രവും.
ചിലർ ചെന്തെങ്ങു്, ഗൗളിതെങ്ങ് എന്നും വിളിക്കും.
(കുഞ്ഞിക്കൂനനിലെ വിമൽകുമാറിനെ പോലെ🤭).

ചാവക്കാട് പച്ചക്കുള്ളൻ
----------------------------------------

നന്നായി പരിപാലിച്ചാൽ മൂന്നു കൊല്ലം കൊണ്ട് ചൊട്ടയിടും.

തേങ്ങയുടെ ചുവടുഭാഗം അല്പം മെലിഞ്ഞു കൂർത്തു നിൽക്കും.

തടിക്കു ശരാശരി അര മീറ്റർ വണ്ണം.

ഏതാണ്ട് മൂന്ന് മീറ്റർ നീളം ഉള്ള ഓലകൾ,

പൂങ്കുല വിരിഞ്ഞാൽ ഇടകലർന്നു വരുന്ന ആൺ പെൺ വേളകൾ (male phase &female phase. ഇത് മൂലം പൂർണമായും സ്വയം പരാഗണം),
കൂടുതൽ പെൺ പൂക്കൾ (വെള്ളയ്ക്ക/മച്ചിങ്ങ ),

ഒന്നിരാടം കായ്ക്കുന്നവൻ എന്ന ദുഃശീലം,

ഒരു കരിക്കിൽ നിന്നും 200-250മില്ലി വെള്ളം,

ഒരു തേങ്ങയിൽ നിന്നും ശരാശരി 92ഗ്രാം കൊപ്ര,

73%എണ്ണ,

ക്രാഞ്ഞിലിൽ കൊഴിഞ്ഞു പോകാതെ ചിലപ്പോൾ നിൽക്കുന്ന വെള്ളയ്ക്കകൾ കാണാം

പാകമായ
വിത്ത്തേങ്ങയിൽ നിന്നും പെട്ടെന്ന് വെള്ളം വറ്റും എന്നുള്ളത് കൊണ്ട് അധികം വൈകാതെ പാകണം,

വളരെ നേരത്തേ വിത്ത്തേങ്ങ മുളയ്ക്കുന്ന സ്വഭാവം(29-56ദിവസം ).

ചാവക്കാട് ഓറഞ്ച് കുള്ളൻ
-----------------------------------------------

തേങ്ങയ്ക്കും ഓലമടലിനും ഓറഞ്ച് നിറം

ശരാശരി 63cm തടി വണ്ണം

അടുത്തടുത്ത് ഇടുങ്ങി വരുന്ന ഓലകൾ,

3-4 വർഷം കൊണ്ട് ചൊട്ടയിടും,

വീതി കുറഞ്ഞ ഓലക്കാലുകൾ,

ആൺ പെൺ വേളകൾ ഇട കലർന്നും അവസാന ഘട്ടം എത്തുമ്പോൾ അല്പം വൈകിയും നീണ്ടു നിൽക്കുന്ന പെൺ വേളകൾ (ആയതിനാൽ 80% സ്വയം പരാഗണം, 20% പര പരാഗണം )

തെങ്ങൊന്നിന് ശരാശരി 80 തേങ്ങ

ഒന്നിരാടം കായ്ക്കുന്ന ദുശ്ശീലം,

340-500 ml കരിക്കിൻ വെള്ളം,

വളരെ ഗുണം കുറഞ്ഞ കൊപ്ര,

ഒരു തേങ്ങയിൽ നിന്നും ശരാശരി 100ഗ്രാം കൊപ്ര,

66%എണ്ണ,

വിത്ത് തേങ്ങ മുളയ്ക്കാൻ പച്ചകുള്ളനെ അപേക്ഷിച്ച് അല്പം കാലതാമസം (48-105 ദിവസം, ശരാശരി 70ദിവസം)

മലയൻ ഇനങ്ങൾ
===============

മലേഷ്യ യിൽ ഉരുത്തിരിഞ്ഞു എന്ന് കരുതപ്പെടുന്ന പച്ച, മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ തേങ്ങ ഉള്ള കുറിയ ഇനങ്ങൾ.

മലയൻ മഞ്ഞ കുള്ളൻ
(MYD, Malayan Yellow Dwarf)

---------------------------------------------------

നല്ല പരിചരണവും ജലസേചനവും ഉണ്ടെങ്കിൽ നല്ല വിളവ് മഞ്ഞ ഇനത്തിൽ നിന്നും ലഭിക്കുന്നു എന്ന് കാണുന്നു.
അതേ സമയം കൂടുതൽ ചെല്ലി ശല്യവും രോഗങ്ങളും മഞ്ഞ ഇനത്തിൽ തന്നെ.

ശരാശരി 84 തേങ്ങ, 120 വരെ കിട്ടിയ അവസരങ്ങളും ഉണ്ട്.

ഒരു തേങ്ങയിൽ നിന്നും 130 ഗ്രാം കൊപ്ര,

64-66% എണ്ണ,

മലയൻ പച്ച
(MGD, Malayan Green Dwarf)

-------------------------------------------------

മൂന്നിനങ്ങളിൽ വച്ച് ഏറ്റവും കരുത്തോടെ വളരുന്ന ഇനം,

ശരാശരി 66 തേങ്ങ,

മലയൻ ഓറഞ്ച്
(MOD, Malayan Orange Dwarf)

----------------------------------------------------

പച്ച ഇനത്തേക്കാൾ തടി വണ്ണം,
ശരാശരി മൂന്ന് മൂന്നര കൊല്ലം കൊണ്ട് കായ്ഫലം,
ആറാം വർഷം മുതൽ കൂടിയ വിളവ്,

80-150 വരെ തേങ്ങ ലഭിക്കും,

തേങ്ങയ്ക്കു ഉൾക്കട്ടി കുറവ്,

ഗാർഹിക ആവശ്യത്തിനും അലങ്കാര ആവശ്യത്തിനും അനുയോജ്യം,

നല്ല മധുരമുള്ള കരിക്കിൻ വെള്ളം.

ഗംഗ ബോന്തം
------------------------

ഇടത്തരം വലിപ്പം ഉള്ള ഇനം (Semi Tall type). ആന്ധ്രയിൽ വലിയ പ്രചാരം, ശരാശരി 65 തേങ്ങ. 181തേങ്ങ വരെ കിട്ടിയ തെങ്ങുകളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. നാല് കൊല്ലം കൊണ്ട് കായ്ച്ചു തുടങ്ങും. ഇടത്തരം വലിപ്പമുള്ള കടും പച്ച നിറത്തിലുള്ള തേങ്ങ, ആറായിരം തേങ്ങയിൽ നിന്നും ഒരു ടൺ കൊപ്ര, 72 ശതമാനം എണ്ണ.കേരളത്തിൽ കൂടുതലും സങ്കര ഇനങ്ങൾ ഉണ്ടാക്കാനുള്ള മാതൃ വൃക്ഷമായി ഗവേഷണകേന്ദ്രങ്ങളിൽ പ്രയോജനപ്പെടുത്തി വരുന്നു.

വാൽ കഷ്ണം :
പൊക്കമുള്ള ഇനങ്ങൾ ഉള്ള തോട്ടങ്ങളിൽ ചാവക്കാട് ഓറഞ്ച് കുള്ളൻ ഇനങ്ങൾ നട്ട് പരിപാലിച്ചാൽ അവയിൽ നിന്നും ഏതാണ്ട് 20ശതമാനംതൈകൾ സങ്കര ഇനങ്ങൾ ആകാൻ പ്രകൃത്യാ തന്നെ സാധ്യത കൂടുതലാണ്(Natural Hybrids).

മലയൻ ഇനങ്ങളുടെ നല്ല ഒരു തോട്ടം ഉള്ളത് തമിഴ് നാട്ടിൽ കുലശേഖരത്താണ്. പക്ഷെ അവിടെ വളരെ അടുത്തടുത്ത് ആണ് തെങ്ങുകൾ നട്ടിരിക്കുന്നത്. 5.5മീറ്റർ മുതൽ 6.1മീറ്റർ അകലത്തിൽ സാധാരണയിലും അകലം കുറച്ചാണ് എന്ന് കാണുന്നു.

കൃഷി വകുപ്പിന്റെ മലപ്പുറത്തുള്ള മുണ്ടേരി ഫാമിലും വംശ ശുദ്ധിയുള്ള മലയൻ ഇനങ്ങൾ നട്ടു പരിപാലിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിലമ്പൂർ വന മേഖലയിലെ ആനകളുടെ നിരന്തര ശല്യവും ആ തോട്ടത്തിൽ ഉണ്ട്.

എന്നാൽ അങ്ങട്....

പ്രമോദ് മാധവൻ

💚💚💚💚💚💚💚💚💚💚💚💚💚💚💚
പടം കടം. ശ്രീ. ഗോകുൽ ദാസൻ, കല്ലിങ്ങൽ, Krishi (Agriculture)ഫേസ്ബുക് കൂട്ടായ്മ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section