മണ്ണറിഞ്ഞ് വളമിടണം | പ്രമോദ് മാധവൻ


കൃഷി ലാഭകരമാക്കാൻ പലവഴികളുണ്ട്.

1. കൃഷി ചെലവ് കുറയ്ക്കുക

2. ഉത്പാദന ക്ഷമത വർധിപ്പിക്കുക

3. ഉത്പന്നങ്ങൾ മികച്ച വിലയ്ക്ക് വിൽക്കുക

ഇവ ഒറ്റയ്ക്കോ കൂട്ടായോ ചെയ്യാൻ സാധിച്ചാൽ സ്വസ്തി.

ചെലവ് കുറയ്ക്കാൻ പല വഴികളുണ്ട്.

ഗുണ മേന്മയുള്ള വിത്തുകൾ സ്വന്തമായി ഉൽപ്പാദിപ്പിക്കുക. അപ്പോൾ നല്ല ഫൌണ്ടേഷൻ സീഡ് സംഘടിപ്പിക്കേണ്ടി വരും.

 മറ്റിനങ്ങളുടെ കലർപ്പു വരാതിരിക്കാൻ ഒറ്റപ്പെടുത്തൽ ദൂരം (Isolation Distance ) പാലിക്കേണ്ടി വരും.

ഇതര ഇനങ്ങൾ(Other Distinguishable Varieties ) വളർച്ചയുടെ പല ഘട്ടങ്ങളിൽ തിരിച്ചറിഞ്ഞു പറിച്ചു മാറ്റേണ്ടി വരും (Rouging ).

നിലമൊരുക്കാൻ യന്ത്രങ്ങൾ ഉപയോഗിക്കേണ്ടി വരും.

ജൈവ വള ലഭ്യതയ്ക്കായി പശുക്കളെ വളർത്തേണ്ടി വരും.

പച്ചില വളചെടികൾ കൃഷി ചെയ്യേണ്ടി വരും.

ജൈവ വേലികൾ നട്ടു പിടിപ്പിക്കേണ്ടി വരും.

മണ്ണറിഞ്ഞു വളം ചെയ്യേണ്ടി വരും.

 അതായത്, മണ്ണിൽ എന്തൊക്കെ, എത്രയൊക്കെ അളവിൽ ഉണ്ട് എന്ന് മനസ്സിലാക്കി,അളവിൽ കൂടുതലുള്ള മൂലകങ്ങൾ അധികമായി നൽകാതെയും അപര്യാപ്തമായ മൂലകങ്ങൾ അളവനുസരിച്ചു നൽകുകയും ചെയ്യേണ്ടി വരും.

അപ്പോൾ, മണ്ണ് പരിശോധന, കൃഷിയിൽ ഒരു അനിവാര്യതയായി മാറുന്നു.

വരും കാലങ്ങളിൽ തീർച്ചയായും രാസവളങ്ങൾക്കെല്ലാം വില കൂടും. നൈട്രജൻ വളങ്ങൾ ഏറിയ കൂറും പ്രകൃതി വാതകത്തിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. സ്വാഭാവികമായും അസംസ്കൃത വസ്തുക്കൾക്ക് വില കൂടുന്നതിനനുസരിച്ചു ഉത്പന്നവിലയും കൂടുമല്ലോ.

ഫോസ്ഫാറ്റിക് വളങ്ങളിൽ നല്ലൊരു പങ്ക് ഇറക്കുമതി ചെയ്യുകയാണ്. ഇന്ധന വില വർധനവിനനുസരിച്ചു അതിന്റെ വിലയും കൂടും.

പൊട്ടാഷ് വളങ്ങൾ ഏതാണ്ട് പൂർണമായും ഇറക്കുമതി ചെയ്യുകയാണ്. അതിന്റെ വില കുതിച്ചുയർന്നു കഴിഞ്ഞു.

കഴിഞ്ഞ ദിവസം കൃഷി വകുപ്പിലെ സുഹൃത്ത് ശ്രീകുമാർ ഒരു വാഴക്കർഷകന്റെ തോട്ടത്തിലെ കുറച്ചു ഫോട്ടോ അയച്ചു തന്നു. അഞ്ച് മാസം പ്രായമുള്ള ഏത്ത വാഴകൾ. അവയുടെ പോളകൾ വെടിച്ചു കീറുന്നു. ചിലതിൽ പോളകൾ തടയിൽ നിന്നും ഇളകി തറയിൽ വീണു കിടക്കുന്നു.

മണ്ണ് പരിശോധിച്ച് വളം ചെയ്യാത്തതിന്റെ കുഴപ്പം.

പൊതുവിൽ ഇത് പല വാഴത്തോട്ടങ്ങളിലും കാണാം.

എന്ത് കൊണ്ടിങ്ങനെ സംഭവിക്കുന്നു?

നനച്ചു വളർത്തുന്ന ഏത്ത വാഴകൾക്ക് ചിട്ടയായ വള പ്രയോഗവും ജലസേചനവും നിർബന്ധം.

 'നാലിലയ്ക്ക് ഒരു ഡോസ് വളം' എന്നാണ് പ്രമാണം.

 നാലില വരാൻ ഏകദേശം നാലാഴ്ച അഥവാ ഒരു മാസം.

വാഴ നടുന്നതിന് രണ്ടാഴ്ച മുൻപ് അടി(സ്ഥാന )വളവും നട്ട് മുപ്പത് ദിവസങ്ങൾ കൂടുമ്പോൾ മേൽവളങ്ങളും നൽകി പോകണം. ഇതിനിടയിൽ സൂക്ഷ്മമൂലകങ്ങൾ മണ്ണിൽ കുറവാണെങ്കിൽ തളിരിലകൾ ആ കഥ നമ്മളോട് വിളിച്ചു പറയും. ഇലയുടെ ചുരുൾ നിവരാൻ വൈമനസ്യം, ഇലകൾക്ക് വൈരൂപ്യം, ഇലകളിൽ അസാധാരണമായ മടക്കുകൾ എന്നിവയൊക്കെ മണ്ണിന്റെ പട്ടിണി (കാൽസ്യം, ബോറോൺ എന്നിവയുടെ ഒറ്റയ്ക്കോ കൂട്ടായോ ഉള്ള )വിളിച്ചോതും.

മണ്ണിന്റെ അമ്ല -ക്ഷാര സൂചിക (pH) ആണ്  മണ്ണാരോഗ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സൂചകം. മണ്ണ് ശാന്ത(neutral )മായിരിക്കണം.അങ്ങനെ അല്ലെങ്കിൽ ശാന്തമാക്കണം. ഒരിക്കൽ മണ്ണിനെ ശാന്തമാക്കിയാലും വീണ്ടും പഴയ അവസ്ഥയിലേക്ക് വരും. അപ്പോൾ ഇടയ്ക്കിടെ കുമ്മായ വസ്തുക്കൾ ഇടേണ്ടി വരും.

അത് പക്ഷെ ഏതെങ്കിലും വളങ്ങൾ കൊടുക്കുന്നതിനു കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും മുൻപായിരിക്കണം എന്നുണ്ട്.

മണ്ണിന്റെ ജൈവാശം (Soil Organic Carbon, SOC) മണ്ണാരോഗ്യത്തിന്റെ(Soil Health ) ഏറ്റവും പ്രധാനപ്പെട്ട ഒരു സൂചകം ആണ്. മണ്ണാരോഗ്യത്തിന്റെ DNA എന്ന് പറയാം. അത് വേണ്ടത്ര ഉണ്ടെങ്കിൽ ബാക്കിയെല്ലാം അവിടെ തനിയെ ഉണ്ടായി വരും. മണ്ണിന്റെ ഉലർച്ച (looseness ), വായു സഞ്ചാരം (porosity ), ജല സംഗ്രഹണ ശേഷി (water holding capacity ), സൂക്ഷ്മ ജീവികളുടെ എണ്ണം (Microbial Count )എന്നിവയൊക്കെ ജൈവാംശത്തെ ആശ്രയിച്ചാണ് നില കൊള്ളുന്നത്.

മണ്ണിൽ ഉള്ള നൈട്രജന്റെ ഒരു പരോക്ഷ സൂചകവും കൂടിയാണ് SOC.

അടിസ്ഥാന വളമായി വാഴക്കർഷകരിൽ പലരും വലിയ അളവിൽ കോഴിവളം (poultry manure )ഉപയോഗിക്കുന്നവരാണ്. അതിന്റെ പിന്നാലെ ആദ്യ വളങ്ങളായി പലരും ഫാക്റ്റംഫോസ് അളവിൽ കവിഞ്ഞു നൽകും.  വേണ്ടത്ര പൊട്ടാഷ് നൽകുകയുമില്ല .

 വാഴയെ സംബന്ധിച്ച് NPK വളങ്ങൾ എല്ലാം പ്രധാനമാണെങ്കിലും ഒരല്പം പ്രാധാന്യം പൊട്ടാസ്യത്തിന് കൂടും. രോഗ പ്രതിരോധ ശേഷി, വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവ്, കായുടെ തൂക്കം ഒക്കെ പൊട്ടാസ്യത്തിന്റെ വിക്രസുകളാണ്.

 അപ്പോൾ മറ്റു പ്രധാന മൂലകങ്ങളെക്കാൾ അല്പം കൂടുതൽ പൊട്ടാസ്യം വാഴകൾക്ക് നൽകണം.

ഇക്കാര്യം കർഷകർ മറന്നു പോകുന്നു. അപ്പുറത്തുള്ള തോട്ടത്തിലെ വാഴകളെക്കാൾ വേഗത്തിൽ തൂമ്പെടുക്കുന്നതിനു കോഴിവളവും ഫാക്ടം ഫോസും യൂറിയയും ഒക്കെ വാരി വാരി ഇടും. പൊട്ടാസ്യം വേണ്ടത്ര കൊടുക്കുകയുമില്ല.

ഫലമോ വാഴയുടെ മാംസളത (succulency )കൂടുകയും അവ ബലം കുറഞ്ഞു തടയിൽ നിന്നും ഇളകി മാറുകയും ചിലപ്പോൾ വെടിച്ചു കീറുകയും ചെയ്യും. ഈ ഘട്ടത്തിലും തന്റെ തെറ്റ് കർഷകൻ തിരിച്ചറിഞ്ഞില്ലെങ്കിൽ വെള്ളത്തൂമ്പും (White shoot ) കുടം പൊട്ടി വീഴലും (Bunch breaking ) പിന്നാലെ വരും.

സ്വയം കൃതാനർത്ഥം.

അപ്പോൾ, ഇങ്ങനെയൊക്കെ ആണ് സഹോ, വാഴ വളപ്രയോഗത്തോട് പ്രതികരിക്കുക.

വാൽ കഷ്ണം : പണ്ടൊരു തീറ്റ പ്രിയനായ നമ്പൂരി ഉണ്ടായിരുന്നു.നമ്പൂരിയെ സദ്യകൾക്ക് വിളിച്ചു ഊട്ടുന്നത് പലർക്കും വലിയ ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹം കഴിക്കുന്നത് കാണാൻ തന്നെ ആളുകൾക്ക് വലിയ കൗതുകമായിരുന്നു. തറയിൽ ചമ്രം പടിഞ്ഞിരുന്നാൽ മുന്നിലുള്ള ഇലയിൽ എന്താണ് ഉള്ളത് എന്ന് കാണാൻ തന്റെ വയറിന്റെ സ്ഥൂലത അദ്ദേഹത്തിന് തടസ്സമായിരുന്നു. പക്ഷെ ഇലയിൽ കറികൾ  ചിട്ട തെറ്റാതെയുള്ള വിളമ്പായതിനാൽ വിരലുകൾ കൃത്യമായി കറികളിൽ എത്തിയിരുന്നു. ചോറും കറികളും പാലടയും ഒക്കെ രണ്ടാമതും മൂന്നാമതും ഒക്കെ വേണോ എന്ന് ചോദിക്കുമ്പോൾ 'ഉണ്ടെങ്കിൽ വേണ്ട, ഇല്ലെങ്കിൽ വേണം 'എന്നാവും നമ്പൂരിയുടെ മൊഴി. വിളമ്പുകാർ പരിചയ സമ്പന്നരല്ലെങ്കിൽ കുഴഞ്ഞത് തന്നെ. എന്നാൽ സ്ഥിരം വിളമ്പുകാർക്കറിയാം എന്താണ് നമ്പൂരി ഉദ്ദേശിച്ചത് എന്ന്. കുടവയർ പരന്ന് ഇലക്കാഴ്ചകൾ മറയ്ക്കുന്നതിനാൽ നമ്പൂതിരിയ്ക്കു  ഇലയിൽ തൽസമയം എന്തുണ്ട്, എന്തില്ല എന്നറിയില്ലല്ലോ. അതുകൊണ്ട് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വിളമ്പുകാരനാണ്. അതായത് രമണാ... വിളമ്പാൻ ഉദ്ദേശിക്കുന്ന ഐറ്റം ഇലയിൽ ഉണ്ടെങ്കിൽ വിളമ്പേണ്ട, ആ ഐറ്റം ഇലയിൽ തീർന്നു എങ്കിൽ വിളമ്പാൻ മടിക്കേണ്ടയെന്ന്..യേത്?

ഇത് പോലെ തന്നെയാണ് മണ്ണ് പരിശോധിച്ച് വളമിടണം എന്ന് പറയുന്നതിന്റെ പൊരുൾ. മണ്ണിൽ വളങ്ങൾ ഉണ്ടെങ്കിൽ അധികമായി ഇടേണ്ട. വളങ്ങൾ ഇല്ല, അഥവാ കുറവാണ് എങ്കിൽ ഇടണം. അതെന്നെ...

വിളമ്പുന്നവൻ അറിഞ്ഞില്ലെങ്കിൽ ഉണ്ണുന്നവൻ കുഴങ്ങിയത് തന്നെ.

എന്നാൽ അങ്ങട്...

തയ്യാറാക്കിയത്

പ്രമോദ് മാധവൻ

അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ

ദേവികുളം


പടം കടം : ശ്രീകുമാർ, കൃഷി അസിസ്റ്റന്റ്, പള്ളിക്കൽ കൃഷിഭവൻ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section