ജീവാമൃതവും ജൈവ വള ലായനിയും
-പച്ച ചാണകവും ഗോമൂത്രവും കിട്ടാത്തവർക്കും തത്തുല്യമായ രീതിയില്‍ ജൈവ വളം ഉണ്ടാക്കാം-
(ജൈവ കൃഷി ചെയ്യുന്നവർ ജീവാമൃതവും പഞ്ചഗവ്യവും എന്താണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ്തന്നെ നമ്മുടെപൂർവികർ ഉപയോഗിച്ചിരുന്ന ചെടികളുടെ വളർച്ചയെ സഹായിക്കുന്ന ജീവാണുക്കളും മൂലകങ്ങളും അടങ്ങിയ ജൈവ വള കൂട്ടുകളാണ്)
ജീവാമൃതം (ദ്രാവക രൂപത്തിലുള്ളത് )
ചേരുവകള്‍ (1/2 ഏക്കര്‍ സ്ഥലത്തിനു അടുക്കള തോട്ടത്തിനാണെങ്കിൽ വളരെ കുറച്ച് തയ്യാറാക്കാം. അളവ് അല്പം കൂടുകയും കുറയുകയും ചെയ്താലും കുഴപ്പമില്ല.)
1. ചാണകം 2 1/2 കി.ഗ്രാം (ഒരു ദിവസം കഴിഞ്ഞാത് ) 2. ഗോമൂത്രം - 1 ലിറ്റര്‍ 3. ശര്‍ക്കര : 1/2 കി. ഗ്രാം 4. പയര്‍പൊടി : 1/2 കി.ഗ്രാം 5. മേല്‍മണ്ണ് : 1/2 കി.ഗ്രാം 6. ശുദ്ധജലം : 5 ലിറ്റര്‍
മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ഒരു പ്ലാസ്റ്റിക് ബക്കറ്റിലോ പ്ലാസ്റ്റിക് വീപ്പയിലോ ഇട്ട് കൂട്ടിയോജിപ്പിച്ച്, പാത്രത്തിന്‍റെ വായ് ഒരു തുണി കൊണ്ട് മൂടിക്കെട്ടി 2 ദിവസം സൂക്ഷിച്ച്, അരിച്ചെടുത്ത് 1 ലിറ്ററിന് 10 ലിറ്റര്‍ എന്ന അനുപാതത്തില്‍ നേര്‍പ്പിച്ച് ഉപയോഗിക്കാവുന്നതാണ്. നേര്‍പ്പിക്കുന്നതിന് മുന്പ് ഒരു പഴം കൂടി ഇട്ടുവെച്ചാല്‍ 3 മാസം വരെ കേട് കൂടാതെ ഇരിക്കും.
പശു ഉള്ള കർഷകർക്ക് വേഗത്തില്‍ കുറഞ്ഞ ചെലവില്‍ ഇത് തയ്യാറാക്കുവാന്‍ കഴിയും.
പശു ഇല്ലാത്തവർക്കും പച്ച ചാണകവും ഗോമൂത്രവും ശേഖരിക്കാന്‍ കഴിയാത്തവർക്കും വിദേശികൾ ഉപയോഗിക്കുന്ന നമ്മുടെ 'പഞ്ചഗവ്യ'ത്തോട് സാമ്യം ഉള്ള ജൈവ വള ലായനി ജീവാമൃതവുമായി സാമ്യം ചെയ്ത് നിർമ്മിക്കാം.
ജൈവ ലായനി
(ഇതിന് ജീവാമൃതം എന്ന് പറയില്ല)
1. ഉണങ്ങിയ ചാണകപ്പൊടി 2 1/2 കി.ഗ്രാം 2. പശുവിന്റെ പാൽ - 1 ലിറ്റര്‍ 3. ശര്‍ക്കര : 1/2 കി. ഗ്രാം 4. പയര്‍പൊടി : 1/2 കി.ഗ്രാം 5. വാഴ പഴം : 1/2 കി.ഗ്രാം 6. ശുദ്ധജലം : 5 ലിറ്റര്‍
മുകളില്‍ പറഞ്ഞ ജീവാമൃതവും ജൈവ ലായനിയും ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.ഇലയില്‍ തളിക്കുന്നതിനും, ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നതിനും ജീവാമൃതം ഉപയോഗിക്കുംജീവാമൃതം നല്‍കുന്നതിലൂടെ ചെടികള്‍ക്ക് സൂക്ഷ്മ മൂലകങ്ങളും, ധാതുലവണങ്ങളും ലഭിക്കുന്നതോടൊപ്പം മണ്ണിലെ സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ജീവാമൃതം (ഖര രൂപത്തില്‍ ഉള്ളത്)
ആവശ്യമായ ചേരുവകള്‍ (1/2 ഏക്കര്‍ സ്ഥലത്തിനു) 1. ചാണകം : 50 കി.ഗ്രാം (നേരിയ തോതില്‍ നനവുള്ളത്) 2. ഗോമൂത്രം : 5 ലിറ്റര്‍ 3. മേല്‍മണ്ണ് : 1 കി.ഗ്രാം 4. ശര്‍ക്കര : 1 കി.ഗ്രാം 5. പയര്‍പൊടി : 2 കി.ഗ്രാം നിരന്ന സ്ഥലത്തോ, സിമന്‍റ് തറയിലോ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുക. അതിന് മുകളില്‍ എല്ലാ ചേരുവകളും കൂട്ടിയോജിപ്പിച്ച് നിരത്തിയിടുക. മുകള്‍ ഭാഗത്ത് ചെറിയ തണല്‍ നല്‍കണം. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നന്നായി ഇളക്കി യോജിപ്പിച്ച് 10 ദിവസം സൂക്ഷിച്ചുവെക്കുക. ചെറിയ തോതില്‍ വെള്ളം നനച്ച് കൊടുക്കുക. 10 ദിവസം മുതല്‍ ഉപയോഗിച്ചു തുടങ്ങാം കൂടുതല്‍ കാലം സൂക്ഷിക്കുന്നതിന് ചണചാക്ക് ഉപയോഗിക്കുക. ഇത് സസ്യങ്ങള്‍ക്ക് ഉത്തമ ജൈവവളമാണ്.
(പച്ച ചാണകവും ഗോമൂത്രവും ശേഖരിക്കാന്‍ കഴിയാത്തവർക്ക് ഉണങ്ങിയ ചാണകപ്പൊടിയും പച്ച പാലും മണ്ണിന് പകരം വാഴ പഴവും ചേർക്കാം. ഇതും വളരെ നല്ല ജൈവ വള കൂട്ടാണ് എന്നാൽ ജീവാമൃതം എന്ന്പറയില്ല )
സാന്ദ്രീകൃത ജൈവവള ലായനി
ആവശ്യമായ ഘടകങ്ങള്‍
(1) പച്ചച്ചാണകം 2/12 കി.ഗ്രാം, (2) ഗോമൂത്രം 5 ലിറ്റര്‍, (3) കടലപ്പിണ്ണാക്ക് 250 ഗ്രാം, (4) വേപ്പിന്‍ പിണ്ണാക്ക് 250 ഗ്രാം, (5) ശര്‍ക്കര 250 ഗ്രാം, (6) പൂവന്‍ പഴം 2-3 എണ്ണം (7) ശുദ്ധജലം 25 ലിറ്റര്‍. (അടുക്കള തോട്ടത്തിൽ ആനുപാതികമായി അളവില്‍ കുറവുവരുത്താം).
കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, ശര്‍ക്കര എന്നിവ പൊടിക്കുക. പഴം നന്നായി ഞരടി പാകപ്പെടുത്തുക. ഗോമൂത്രവും ചാണകവും ബക്കറ്റിലിട്ട് ഇളക്കി യോജിപ്പിക്കുക. ഇതില്‍ കടലപ്പിണ്ണാക്കും, വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത് ഇളക്കിയോജിപ്പിക്കുക. ശര്‍ക്കരയും പഴവും യോജിപ്പിച്ചശേഷം അതും ഈ ലായനിയില്‍ ചേര്‍ക്കുക. ഇതിനകത്ത് 25 ലിറ്റര്‍ വെള്ളമൊഴിച്ച് നന്നായി ഇളക്കുക. വായ് മൂടിക്കെട്ടി തണലില്‍ വയ്ക്കുക. 10 ദിവസം ഒരുനേരം അല്‍പ്പസമയം ഇളക്കണം. പിന്നീട് 10 ദിവസം ഇളക്കാതെയും സൂക്ഷിക്കുക. അതിനുശേഷം ആവശ്യാനുസരണം അല്‍പ്പാല്‍പ്പമായി എടുത്ത് പച്ചക്കറിയില്‍ നേരിട്ട് ഒഴിച്ചുകൊടുക്കാം.
ആഴ്ചയില്‍ ഒരുതവണ ഒഴിച്ചാല്‍ മതിയാകും.