പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന യുടെ പിതാവായ മാവോ സെഡോങ് ചൈന ഭരിക്കുന്ന കാലം. 'നാം മുന്നോട്ട്' (Great Leap Forward') എന്ന മുദ്രാവാക്യമുയർത്തി ഭരണകൂടം പുതിയ കർമപദ്ധതികൾക്ക് രൂപം നൽകി. അതിൽ പ്രധാനപ്പെട്ട ഒരു നടപടിയായിരുന്നു 'ചതുർ ശത്രു ഉന്മൂലനം (Four Pest Campaign) എന്നത്.
നാല് ശത്രുക്കൾക്കെതിരെ ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചു.
മലേറിയ പരത്തുന്നതിനാൽ കൊതുകിനെ,
പ്ളേഗ് പാർത്തുന്നതിനാൽ എലിയെ,
വയറിളിക്കം പരത്തുന്നതിനാൽ ഈച്ചയെ,
ധാന്യങ്ങൾ തിന്നു മുടിക്കുന്നതിനാൽ കുരുവിയെ (sparrow )
ഭരണകൂട മുൻകൈയ്യിൽ ജനമൊന്നാകെ തുനിഞ്ഞിറങ്ങി. മാവോ ആഗ്രഹിച്ച രീതിയിൽ നാലിനെയും മുച്ചുടും മുടിപ്പിക്കുവാൻ ആരംഭിച്ചു.
ആദ്യത്തെ മൂന്ന് ശത്രുക്കളുടെയും കാര്യത്തിൽ ആ നടപടി തെറ്റായിരുന്നില്ല. പക്ഷേ നാലാമത്തെ ശത്രു. കുരുവിയുടെ കാര്യത്തിൽ പക്ഷേ മാവോയ്ക്ക് പിഴച്ചു. ഇത് പിൽക്കാലത്തു ലോകത്തിനു ഒരു വലിയ പാഠവുമായി.
ജനമൊന്നാകെ കുരുവികൾക്കെതിരെ പട നയിക്കാൻ തുടങ്ങി. കൂടുകൾ എല്ലാം തകർത്തു.മുട്ടകൾ എല്ലാം തല്ലിപ്പൊട്ടിച്ചു. കൂട്ടിൽ ഉള്ള കുഞ്ഞുങ്ങളെ കൊന്ന് കളഞ്ഞു. അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് 600ദശലക്ഷത്തോളം കുരുവികളെ കൊന്നൊടുക്കി.
രസകരമായ ഒരു സംഭവം ഇതിനിടയിൽ ഉണ്ടായി. ഈ പാവം കിളികളെ ഇങ്ങനെ കൊല്ലുന്നത് ചൈനീസ് തലസ്ഥാനത്തുള്ള പോളിഷ് എംബസിയ്ക്കു രസിച്ചില്ല. എംബസ്സിയുടെ കെട്ടിടത്തിൽ ചേക്കേറിയ കുരുവികളെ കൊല്ലാൻ അവർ സമ്മതിച്ചില്ല. അവരുടെ കെട്ടിടങ്ങളിൽ കയറാൻ അവർ ആരെയും അനുവദിച്ചില്ല. ജനങ്ങൾ എംബസിയ്ക്കു ചുറ്റും തടിച്ചു കൂടി ഡ്രമ്മുകൾ കൊട്ടാൻ തുടങ്ങി.രണ്ട് ദിവസം ഇത് തുടർന്നു.ഭക്ഷണവും വെള്ളവും കിട്ടാതെയും ശബ്ദപീഡനം കൊണ്ടും രണ്ട് ദിവസം കൊണ്ട് കുരുവികൾ എംബസിയ്ക്കുള്ളിൽ ചത്തു വീണു എന്നും ചരിത്രം പറയുന്നു.
മാവോയുടെ തീരുമാനം ചൈനീസ് ജനത അക്ഷരർഥത്തിൽ നടപ്പിലാക്കി. പക്ഷേ, ആന്റി ക്ലൈമാക്സ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഒരു കുരുവി ഒരു വർഷം ഏതാണ്ട് രണ്ട് കിലോ ധാന്യം ഭക്ഷിക്കുന്നു എന്നായിരുന്നു വിദഗ്ധർ മാവോയെ ധരിപ്പിച്ചിരുന്നത്. അപ്പോൾ കുരുവികളെ മുഴുവൻ കൊന്നാൽ കിട്ടുന്ന ധാന്യലാഭമാണ് അവർ കണക്കു കൂട്ടിയത്. പക്ഷേ 1960ആയപ്പോഴേയ്ക്കും കുരുവികൾ ഏതാണ്ട് വംശ നാശത്തിന്റെ വക്കിലെത്തി. ഫലമോ നാട്ടിൽ മുഴുവൻ വെട്ടിക്കിളി ശല്യം കൊടുമ്പിരിക്കൊണ്ടു. കുരുവികൾ തിന്നതിനേക്കാൾ ധാന്യങ്ങൾ വെട്ടിക്കിളികൾ തിന്നാൻ തുടങ്ങി. അപ്പോഴാണ് ഇത്രയും നാൾ ഈ വെട്ടിക്കിളികളെ നിയന്ത്രിച്ചു നിർത്തിയിരുന്നത് ഈ പാവം കുരുവികളായിരുന്നു എന്ന് ചൈനക്കാർക്ക് മനസ്സിലായത്. കൂനിന്മേൽ കുരു എന്ന പോലെ 1960 ലെ വരൾച്ചയും കൂടിയായപ്പോൾ ഏതാണ്ട് നാല്പത്തഞ്ച് ദശലക്ഷം ചൈനക്കാർ ഭക്ഷണമില്ലാതെ മരിച്ചു വീണു.
അങ്ങനെ ലോകം ഒരു വലിയ പാഠം പഠിച്ചു. പ്രകൃതിയുടെ നിയമങ്ങൾ വെല്ലുവിളിക്കാൻ മനുഷ്യന് അവകാശമില്ല എന്ന വലിയ പാഠം.
ന്യൂട്ടൻ പറഞ്ഞ തത്വം. For every action, there is an equal and opposite reaction.
വാൽ കഷ്ണം: ഈ ക്ഷാമത്തിന്റെയും കുരുവി ഹത്യയുടെയും പരിണത ഫലം അനുഭവിക്കേണ്ടി വന്നത് ഇന്ത്യ ആയിരുന്നു എന്നും ചില ചരിത്രകാരന്മാർ പറയുന്നു. മാവോയുടെ തീരുമാനങ്ങളിൽ പൊതുവിൽ അസംതൃപ്തി പുകഞ്ഞപ്പോൾ അത് മാറ്റാനായി അവർ 1962ൽ ഇന്ത്യയേ ആക്രമിച്ചു എന്നും പറയപ്പെടുന്നു.
എന്നാൽ അങ്ങട്...
പ്രമോദ് മാധവൻ