കൂവ എന്ന് പറഞ്ഞാൽ പോരേ എന്ന് ചിലർ ചിന്തിച്ചേക്കാം.
പോരാ.. കാരണം കൂവ പലതരമുണ്ട്.
നാടൻ കൂവ എന്ന് പറഞ്ഞാൽ അത് Curcuma angustifolia. ഇലകൾക്ക് മഞ്ഞൾ ചെടിയുമായി സാമ്യം. ഭാഗികമായി തണലുള്ള ഇടങ്ങളിൽ തനിയെ മുളച്ചു വളരുന്ന ഇനം. ഇവയിൽ സ്റ്റാർച്ചിന്റെ അംശം കുറവാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നില്ല.
അടുത്തവൻ മധുരക്കൂവ അഥവാ Queensland arrowroot.Canna edulis എന്ന് ശാസ്ത്രീയ നാമം. ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിൽ ജനനം.25% സ്റ്റാർച്ച് ഉണ്ട്. വേവിച്ചു കഴിക്കാം. ഒരുപാട് മുറ്റിപ്പോകുന്നതിന് മുൻപ് വിളവെടുത്തേക്കണം. നല്ലൊരു കാലിത്തീറ്റ ആണ്. പർപ്പിൾ നിറത്തിലുള്ള തണ്ടുകൾ ആണ്. ഒരു മീറ്റർ മുതൽ രണ്ടര മീറ്റർ വരെ പൊക്കത്തിൽ വളരും. സ്റ്റാർച്ച് തരികൾ വലുതായതിനാൽ വെള്ളക്കൂവയുടെയത്ര ഗുണം പോരാ.
പിന്നെ നമ്മുടെ ചങ്ക്.. വെള്ളക്കൂവ.
ഇവനോളം പോന്ന ഭക്ഷണം വേറെ ഉണ്ടോ എന്ന് സംശയം. നമ്മുടെ വീടുകളിൽ കൃഷി ചെയ്യാത്തവർ ലജ്ജിക്കണം. ജൈവ കൃഷിയ്ക്കു വളരെ അനുയോജ്യൻ. കീട രോഗ പ്രശ്നങ്ങൾ ഇല്ലേയില്ല. ഇനി വാണിജ്യടിസ്ഥാനത്തിൽ ചെയ്തു വരുമ്പോൾ ഏതേലും ഫംഗസ്സും തണ്ട് തുരപ്പനുമൊക്കെ എഴുന്നെള്ളി വരും. ഇയാളെ ശീമക്കൂവ എന്നും West Indian Arrowroot എന്നുമൊക്കെ വിളിക്കും. പേരെന്തുമായിക്കൊള്ളട്ടെ, അതിന്റെ ജാടകളൊന്നുമില്ല. നമ്മുടെ കാലാവസ്ഥയിൽ സ്വസ്ഥമായി വളർന്ന് നല്ല വിളവ് തരും.
വെള്ള നിറത്തിലുള്ള നീണ്ട വലിയ കിഴങ്ങുകൾ. കിഴങ്ങുകളുടെ അഗ്രഭാഗം അമ്പിനെ പോലെ കൂർത്തിരിക്കും. അതുകൊണ്ടാവും arrow root എന്ന പേര്. കരീബിയൻ ദീപുകളിലെ ആദിമ നിവാസികൾ വിഷബാണങ്ങൾ ഏറ്റ മുറിവുകൾ ചികിൽസിക്കാൻ ഇതുപയോഗിച്ചിരുന്നുവത്രെ. പേര് അതുകൊണ്ടുമാകാം. എന്തായാലും പഠനങ്ങൾ സൂചിപ്പിക്കുന്നത് ഏതാണ്ട് ഏഴായിരം വർഷങ്ങൾക്കു മുൻപ് പോലും കൂവ ഒരു ഭക്ഷണമായി ഉപയോഗിച്ചിരുന്നു എന്നാണ്. അത്രയ്ക്ക് ജനകീയൻ, കേമനും.
ഏറ്റവും എളുപ്പത്തിൽ ദഹിക്കുന്ന അന്നജ തരികൾ. ദഹന നാരുകളുടെ മേളപ്പെരുക്കം. വയറിളക്കം, ദഹന ക്കേട്, മൂത്രാശയ അണുബാധ, പൊണ്ണത്തടി കുറയ്ക്കാൻ, ശരീരത്തെ തണുപ്പിക്കാൻ, ഒക്കെ ബഹുകേമം. ബിസ്‌ക്കറ്റ് വ്യവസായത്തിലെ പ്രധാന ചേരുവ.ആരോറൂട്ട് ബിസ്‌ക്കറ്റ് കഴിക്കാത്തവരില്ലല്ലോ ല്ലേ. കൂവപ്പായസം എന്ന് കേൾക്കുമ്പോൾ തന്നെ വയറിനു പെരുത്ത് സുഖം. കരുപ്പട്ടിയും പാലും ചേർത്ത് നീട്ടി കുറുക്കിയും കഴിക്കാം. വയറിനു ഇതുപോലെ സൗഖ്യം നൽകുന്ന മറ്റൊരു കിഴങ്ങ് ഇല്ലെന്നു തന്നെ പറയാം.
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യം. വെയിലിലും തണലിലും വളരും. തനിവിളയായും ഇടവിളയായും ചെയ്യാം. മെയ് അവസാനമോ ജൂൺ ആദ്യമൊ നടാം. ഇഞ്ചി, മഞ്ഞൾ ഒക്കെ ചെയ്യുന്നത് പോലെ മണ്ണ് കിളച്ചു പൊടിയാക്കി പണകോരി ചെയ്താൽ കൂടുതൽ വിളവ് ലഭിക്കും. വിളവെടുക്കുന്ന സമയത്ത് അതേ തടങ്ങളിൽ, കിഴങ്ങെടുത്തതിന് ശേഷമുള്ള ചെടിയുടെ ഭാഗങ്ങൾ നിക്ഷേപിച്ചു മണ്ണിട്ടു മൂടിയാൽ, മഴ വരുമ്പോൾ മുളച്ചു പോന്നോളും. വെറുതെ എടുത്തെറിഞ്ഞാൽ അവിടെക്കിടന്ന് മുളച്ചു വരും. ഇത്രയൊക്കെ ആയിട്ടും എന്നെ ആരും വേണ്ടവിധത്തിൽ ഗൗനിക്കുന്നില്ലല്ലോ ഡൈബമേ....
വാൽകഷ്ണം :ഇപ്പോൾ പൊതുവെ കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണ് gluten disorder. ഭക്ഷ്യധാന്യങ്ങളിൽ ഉള്ള gluten ചിലയാൾക്കാരിൽ ദഹന പ്രശ്നങ്ങൾ, അലർജി എന്നിവ ഉണ്ടാക്കുന്നു. Celiac disorder, Ataxia എന്നൊക്കെ. അവർക്ക് ഉത്തമ ഭക്ഷണമത്രേ കൂവപ്പൊടി.
പൊട്ടാസ്യത്താൽ സമ്പന്നമായതിനാൽ ഹൃദയത്തിനും ധമനിക്കൾക്കും ഇവൻ നൻപൻ.
കിളച്ചെടുത്തു തൊലി കളഞ്ഞു മുറിച്ചു,,ഇടിച്ച് നൂറെടുത്തു,പലതവണ കഴുകി,ഉണക്കി പൊടിയാക്കുന്ന പാടോർത്താൽ കിലോയ്ക്ക് രണ്ടായിരം രൂപ വിലയായാലും അത് അധികമാണെന്ന് ആരും പറയില്ല.
ആഹാരം തന്നെ ഔഷധം. കൂവപ്പൊടിയില്ലാത്ത വീടൊരു വീടാണോ?
തയ്യാറാക്കിയത്
പ്രമോദ് മാധവൻ (കൃഷി ഓഫീസർ ചാത്തന്നൂർ)
✒ഇതുപോലെയുള്ള കാർഷിക വിവരങ്ങൾക്ക് താഴെയുള്ള വാട്സ്ആപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.