നനച്ചാൽ തെങ്ങിന് ഇരട്ടി വിളവ്

 ഇന്ത്യയിൽ, മൊത്തം തേങ്ങ ഉത്പാദനത്തിൽ കേരളം മുന്നിൽ ആണെങ്കിലും ഉത്പാദന ക്ഷമതയുടെ കാര്യത്തിൽ പിന്നിലായിക്കൊണ്ടിരിക്കുന്നു. അതിന് ഒരു പ്രധാന കാരണം ശാസ്ത്രീയമായ ജലസേചന രീതികൾ ഇപ്പോഴും ഭൂരിഭാഗം കർഷകരും അനുവർത്തിക്കുന്നില്ല എന്നതാണ്. കേരളത്തിൽ ജൂൺ മുതൽ നവംബർ വരെ മഴയും ഡിസംബർ മുതൽ മെയ്‌ വരെ മഴയില്ലായ്മയും ആണ്. വേനൽ മഴ അല്പമൊക്കെ കിട്ടിയാൽ കിട്ടി.

ഡിസംബർ മുതൽ ഭേദപ്പെട്ട കാറ്റും നല്ല ചൂടും ആകുമ്പോഴേക്കും മണ്ണ് കാഞ്ഞു, കല്ലിച്ചു ചെടികളുടെ ഉന്മേഷം കുറയാൻ തുടങ്ങും. ഈ സമയത്ത് ശാസ്ത്രീയമായ നന രീതികൾ അവലംബിക്കുന്നത് തേങ്ങാ ഉത്പാദനം കൂട്ടും.

സാധാരണ വിളകളിൽ വളപ്രയോഗത്തിന്റെ ഫലം വളം ഇട്ട് കഴിഞ്ഞ് വേഗത്തിൽ ദൃശ്യമാകുമെങ്കിലും തെങ്ങിൽ ഒരു വളപ്രയോഗത്തിന്റെയോ ജലസേചനത്തിന്റെയോ സ്വാധീനം അതിന്റെ വിളവിൽ ദൃശ്യമാകാൻ ഏകദേശം 42 മാസങ്ങൾ എടുക്കും. അതായതു ഇന്ന് വിളവെടുത്ത തേങ്ങയുൾക്കൊള്ളുന്ന പൂങ്കുലയുടെ പ്രാഗ്രൂപം (primordium ) തെങ്ങിന്റെ യുള്ളിൽ രൂപം കൊണ്ടത് 42 മാസങ്ങൾക്ക് മുമ്പായിരുന്നു എന്ന് ചുരുക്കം.

* അങ്ങനെ ആണ് ഉത്തമാ തെങ്ങിന്റെ ഫിസിയോളജി...

* ഒരു മാസം ഓരോല എന്നതാണ് തെങ്ങിന്റെ കണക്ക്.

* ഓരോ ഓലയുടെ കക്ഷത്തും ഒരു പൂങ്കുലയും ഉണ്ടാകും.

നല്ല വളവും വെള്ളവും കിട്ടുന്ന മാസങ്ങളിൽ രൂപം കൊള്ളുന്ന പൂങ്കുലയിൽ പെൺപൂക്കൾ അഥവാ മച്ചിങ്ങകൾ കൂടുതലായിരിക്കും.

ശക്തമായ മഴ കിട്ടുന്ന മാസങ്ങൾ തെങ്ങിന് അത്ര നല്ലത് എന്ന് പറയാൻ കഴിയില്ല. കാരണം വെയിൽ അക്കാലത്തു പൊതുവെ കുറവായിരിക്കും. ശക്തമായ മഴമൂലം മണ്ണിന്റെ ഉപരിപാളികളിൽ നിന്നും കാറ്റയോണുകൾ (കാൽസ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം ) എന്നിവ മഴയിൽ ഒലിച്ചു നഷ്ടപ്പെട്ടു പോകും. ഇലകളിലൂടെ സ്വേദനം കുറവായതിനാൽ മണ്ണിൽ നിന്നും വളം വലിച്ചെടുക്കാൻ ഉള്ള മേൽവലി (transpirational pull) കുറവായിരിക്കും.

  തെങ്ങിന് ഏറ്റവും നല്ലത് വേനൽ കാലമാണ്. നല്ല സൂര്യപ്രകാശ ലഭ്യത മൂലം ഇലകൾ എല്ലാം ജിൽജിൽ എന്ന് നിൽക്കും. മണ്ണിൽ വളങ്ങൾ ഇട്ടാൽ പോഷകനഷ്ടം (leaching loss) കുറവായിരിക്കും. നല്ല മേൽവലി (transpurational pull) ഉള്ളതിനാൽ വളങ്ങൾ വേഗം അകത്തേക്ക് വലിച്ചെടുക്കപ്പെടും.

ആയതിനാൽ ഡിസംബർ മുതൽ മെയ്‌ മാസം വരെ മിതമായ അളവിൽ നനച്ചു കൊടുക്കുന്നത് എന്തുകൊണ്ടും ഗുണം ചെയ്യും. നനച്ചു തുടങ്ങിയാൽ പിന്നെ നിർത്തരുത് എന്ന് മാത്രം.

തുലാവർഷം കഴിയുന്നതിനു മുൻപ് രണ്ടാം വളവും നൽകി പുതയിട്ട് വട്ടക്കിളയൽ നടത്തിയാൽ ആ കാലയളവിൽ വീഴുന്ന മഴയെ ഒരു സ്പോഞ്ച് പോലെ തെങ്ങിൻ തടം വലിച്ചെടുത്തു ഉപരിതലത്തിൽ സൂക്ഷിക്കും.

തെങ്ങിന് സാധാരണ തടങ്ങളിൽ വെള്ളം ഒഴിച്ചാണ് (basin irrigation ) നനയ്ക്കാറ്. ആ രീതിയിൽ നനയ്ക്കുമ്പോൾ ഒരു തെങ്ങിന് മാത്രം നൂറുകണക്കിന് ലിറ്റർ വെള്ളം വേണ്ടി വരും.

 അവിടെയാണ് തുള്ളി നന (drip irrigation) യുടെ മികവ്.

എല്ലാ ദിവസവും ഡ്രിപ് വഴി നാല്പതു ലിറ്റർ വെള്ളം ഒരു തെങ്ങിൻ  തടത്തിൽ നാല് ചെറിയ കുഴികളിലായി, തുല്യ അകലത്തിൽ ഉപരിതലത്തിനു താഴെ ആയി (sub surface) കൊടുക്കുന്നതാണ് കൂടുതൽ ഫലപ്രദം എന്ന് തെളിഞ്ഞിട്ടുണ്ട്. (ചിത്രം ശ്രദ്ധിക്കുക).


തെങ്ങിന്റെ ചുവട്ടിൽ നിന്നും ഒന്നേമുക്കാൽ മീറ്റർ വ്യാസർദ്ധത്തിൽ ആണല്ലോ തെങ്ങിൻ തടം എടുക്കേണ്ടത്. അതിന് ശേഷം തെങ്ങിന്റെ ചുവട്ടിൽ നിന്നും ഒരു മീറ്റർ വിട്ട് തുല്യ അകലത്തിൽ ഒരടി നീളവും വീതിയും ആഴവും ഉള്ള നാല് കുഴികൾ എടുക്കണം. അതിന് ശേഷം  കുഴിക്കുള്ളിലേക്ക് ചരിച്ചു വച്ച 40cm നീളമുള്ള 16mm പിവിസി പൈപ്പിൽ ഡ്രിപ്പർ കടത്തി ഓരോ എമിറ്ററിൽ നിന്നും 8 ലിറ്റർ വെള്ളം തുള്ളിനന വഴി രണ്ട് മണിക്കൂർ കൊണ്ട് വീണു മണ്ണ് കുതിരത്തക്ക വിധത്തിൽ നനയ്ക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് തെളിഞ്ഞിട്ടുണ്ട്. ഈ കുഴികളിൽ ചകിരിച്ചോർ കമ്പോസ്റ്റ് ഇട്ട് നിറയ്ക്കുക ആണെങ്കിൽ ബാഷ്പീകരണജലനഷ്ടം ഒഴിവാക്കാൻ കഴിയും. ഇനി വേണമെങ്കിൽ ഈ വെള്ളം വഴി തന്നെ വളവും കൂടി കൊടുക്കുന്ന വളസേചനം (fertigation) രീതിയും അനുവർത്തിക്കാം.

വാൽകഷ്ണം : തുള്ളി നന രീതി അനുവർത്തിക്കുകയാണെങ്കിൽ, വെള്ളം തടങ്ങളിൽ ഒഴിച്ച് നനയ്ക്കുന്നതിനേക്കാൾ 67% വെള്ളം ലാഭിക്കാം. കൃത്യമായ നന കൊണ്ട് മുപ്പത് ശതമാനം വിളവും തേങ്ങയുടെ വലിപ്പവും കൊപ്ര ഗുണമേന്മയും വർധിക്കും. ഒരു ദിവസം തടത്തിൽ 600ലിറ്റർ വെള്ളം ഒഴിച്ച് നനയ്ക്കുന്നതിനു ഒപ്പം നിൽക്കുമത്രേ ഡ്രിപ് വഴി ദിവസവും 40ലിറ്റർ വെള്ളം കൊടുത്താൽ.

 എന്താ ല്ലേ...

പക്ഷേ നമ്മുടെ പല കർഷകരും സബ്‌സിഡി മേടിച്ചെടുക്കാൻ വേണ്ടി 'ഡ്രിപ് ഇറിഗേഷന്റെ ഹൃദയം' എന്നറിയപ്പെടുന്ന അരിപ്പകൾ (ഫിൽറ്ററുകൾ) നേരാം വണ്ണം സ്ഥാപിക്കാറില്ല. ആയതിനാൽ തന്നെ സ്ഥാപിച്ചു അധികം താമസിയാതെ വെള്ളത്തിൽ ഉള്ള കരട് കയറി എമിറ്ററുകൾ എല്ലാം തന്നെ അടഞ്ഞു ജല നിർഗമനം തടസപ്പെട്ടു ഉപയോഗ ശൂന്യമാകുന്നു.

 അല്പലാഭം പെരും ചേതം... ദേശീയ നഷ്ടം....

അപ്പോൾ വേഗമാകട്ടെ.. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ PMKSY പദ്ധതിയിൽ ഡ്രിപ് /സ്പ്രിംഗ്ലർ ജല സേചനത്തിനുള്ള സബ്‌സിഡികൾക്ക്‌ ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.


തയ്യാറാക്കിയത്
പ്രമോദ് മാധവൻ (കൃഷി ഓഫീസർ ചാത്തന്നൂർ)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section