'ട്രീ ഓഫ് 40'
ഒറ്റമരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ
ആപ്പിൾ മരത്തിൽ ഓറഞ്ച് ഉണ്ടാകില്ലെന്നും,
മാവിൽ ചക്ക കായ്ക്കില്ലെന്നും നമുക്കറിയാം.
എന്നാൽ, ശാസ്ത്രം പുരോഗമിക്കുകയാണ്.
ഒരു മരത്തിൽ തന്നെ ചക്കയും, മാങ്ങയും, ആപ്പിളും എല്ലാം ഉണ്ടാകുന്ന കാലം വിദൂരമല്ല.
വിശ്വാസം വരുന്നില്ല, അല്ലേ...?
സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ വിഷ്വൽ ആർട്സ് അസോസിയേറ്റ് പ്രൊഫസറും, കർഷകനും ആയ സാം വാൻ അകെൻ തൻ്റെ കൃഷിയിടത്തിലെ ഒരു മരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ വിളയിച്ച്, ഒരൊറ്റ മരത്തിൽ നമുക്ക് ഇഷ്ടപ്പെട്ട എല്ലാ പഴങ്ങളും വിളയിച്ചെടുക്കാൻ കഴിയും എന്ന് തെളിയിച്ച്, ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.
'ട്രീ ഓഫ് 40' എന്ന് പേരിട്ടിരിക്കുന്ന ആ മരത്തിൽ പ്ലം, പീച്ച്, ആപ്രിക്കോട്ട്, ചെറി എന്നിവ ഉൾപ്പടെ 40 വിവിധ തരം പഴങ്ങളാണ് വിളയുന്നത്. ഗ്രാഫ്റ്റിംഗിലൂടെയാണ് പ്രൊഫ. സാം വാൻ അകെൻ ഈ അവിശ്വസനീയമായ നേട്ടം കൈവരിച്ചത്. ഈ മരം പൂക്കാനായി ഏകദേശം 9 വർഷം സമയമെടുത്തു.
ഒരു പ്രത്യേക രീതിയിലാണ് ഈ മരം മണ്ണിൽ നടുന്നത്. മുകുളത്തോടൊപ്പം മുറിച്ചെടുക്കുന്ന ഈ മരത്തിൻ്റെ ഒരു ശാഖയെ ശൈത്യകാലത്ത് പ്രധാന വൃക്ഷത്തെ തുളച്ച് നടുകയാണ് ചെയ്യുന്നത്.
2008 മുതലാണ് പ്രൊഫസർ സാം വാൻ അകെൻ തൻ്റെ സ്വപ്ന പദ്ധതിയായ 'ട്രീ ഓഫ് 40'യിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. അതിനും മുമ്പ്, അപൂർവ്വയിനം പഴങ്ങളും, 200ഓളം ചെടികളും ഉണ്ടായിരുന്ന, ഈ പൂന്തോട്ടം ന്യൂയോർക്ക് സ്റ്റേറ്റ് അഗ്രികൾച്ചറൽ ലബോറട്ടറി ആയിരുന്നു.
നടത്തിപ്പിന് പണം ഇല്ലാതെ വന്നതോടെ ഈ തോട്ടം അധികൃതർ പൂട്ടാൻ പോവുകയാണ് എന്നറിഞ്ഞ്, കുട്ടിക്കാലത്ത് ഒരു ഫാമിൽ വളർന്ന, എല്ലായ്പ്പോഴും കൃഷിയിൽ താൽപ്പര്യം ഉണ്ടായിരുന്ന പ്രൊഫസർ സാം വാൻ അകെൻ ഈ പൂന്തോട്ടം പാട്ടത്തിന് എടുത്ത ശേഷമാണ് ഗ്രാഫ്റ്റിംഗിലൂടെ മരം വളർത്താൻ തുടങ്ങിയത്. ഓരോ ഇനവും വ്യത്യസ്ത സമയങ്ങളിലാണ് വിളയുന്നതെങ്കിലും, ആ പരീക്ഷണം വമ്പൻ വിജയമായി.
വിളയിലും, ലാഭത്തിലും മാത്രം ഊന്നൽ നൽകുന്ന ഏകവിള സമ്പ്രദായത്തിൻ്റെ പേരിൽ പല ഇനങ്ങളും അവഗണിക്കപ്പെടുന്നുണ്ട് എന്നതിനാലാണ് അദ്ദേഹം അത്തരം അകറ്റിനിർത്തപ്പെടുന്ന ഇനങ്ങളിൽ പരീക്ഷണം നടത്തിയത്.
ഈ മരം പൂത്തു നിൽക്കുന്നത് കാണാനാണ് ഏറ്റവും കൂടുതൽ ഭംഗി
ഒരു ശാസ്ത്രീയ പരീക്ഷണം എന്നതിനേക്കാൾ ഇത് ഒരു ആർട്ട് പ്രൊജക്റ്റാണെന്നും, ഈ മരം തൻ്റെ കലാ സൃഷ്ടിയാണെന്നും ആണ് പ്രൊഫസർ സാം വാൻ അകെൻ ഇതേ കുറിച്ച് പറയുന്നത്.
How one tree grows 40 different kinds of fruit | Sam Van Aken
Credits:-
News: Stefanie Tuder / ABC News, 24 July 2014.
Image: Pro: Sam Van Aken.